അബൂദബി: എമിറേറ്റിലെ പരിസ്ഥിതി സൗഹൃദ ഊർജ ഉപയോഗം വിപുലമാക്കുന്നതിന്റെ ഭാഗമായി ടാക്സി സർവിസുകളുടെ കൂട്ടത്തിലേക്ക് ഇനി ‘ടെസ്ല’ഇലക്ട്രിക് കാറുകളും. അറേബ്യ ടാക്സി ട്രാൻസ്പോർേട്ടഷനുമായി സഹകരിച്ചാണ് സംയോജിത ഗതാഗത കേന്ദ്രം(ഐ.ടി.സി) ടെസ്ല എത്തിച്ചത്. എമിറേറ്റിന്റെ സുസ്ഥിര വികസന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടിയെന്ന് ഐ.ടി.സി ഡയറക്ടർ ജനറൽ അബ്ദുല്ല അൽ മർസൂഖി പറഞ്ഞു. ഏഴ് ടാക്സി കമ്പനികളുടെ കീഴിൽ ആറായിരത്തിലേറെ വാഹനങ്ങളാണ് അബൂദബി നിരത്തുകളിലുള്ളത്.
2019മുതൽ ഇവയിൽ 85 ശതമാനം വാഹനങ്ങളും പ്രകൃതി വാതകത്തിലും ഹൈഡ്രോ കാർബൺ ഇന്ധനത്തിലുമാണ് ഓടുന്നത്. 2021നവംബറിൽ ഐ.ടി.സി ഡ്രൈവറില്ലാ കാറുകൾ നിരത്തിലിറക്കിയിരുന്നു. നാല് മിനി റോബോ ബസുകൾ അടക്കം എട്ട് ഡ്രൈവർരഹിത വാഹനങ്ങൾ യാസ് ഐലൻഡ്, സഅദിയാത്ത് ഐലൻഡ് എന്നിവിടങ്ങളിൽ സർവിസ് നടത്തുന്നു.
അബൂദബി മാരിടൈം യാസ്ബേ, റഹ ബീച്ച് എന്നിവിടങ്ങളിൽ പബ്ലിക് വാട്ടർ ടാക്സികളും സർവിസ് നടത്തുന്നുണ്ട്. എല്ലാ ദിവസവും ഓരോ മണിക്കൂർ ഇടവിട്ട് വാട്ടർടാക്സി സർവിസ് ലഭ്യമാണ്. യാസ് ബേ, യാസ് മറീന, അൽ ബന്ദർ എന്നിവിടങ്ങളിൽ ആവശ്യക്കാരുടെ വർധനയനുസരിച്ച് വാട്ടർ ടാക്സികളുടെ എണ്ണവും വർധിപ്പിക്കും. അബൂദബി നിവാസികൾക്കും വിനോദസഞ്ചാരികൾക്കും എമിറേറ്റുകളിലെ വിവിധ പ്രദേശങ്ങളിൽ യാത്ര എളുപ്പമാക്കാൻ അബൂദബി തുറമുഖ ഗ്രൂപ്പും അബൂദബി മാരിടൈമുമായി സഹകരിച്ചാണ് സർവിസുകൾ ലഭ്യമാക്കുന്നത്.
അതേസമയം, അനധികൃത ടാക്സി സർവിസുകള്‍ വര്ധിച്ചുവരുന്നതിനെതിരെയും അധികൃതര്‍ മുന്നറിയിപ്പ് നല്കി. അനധികൃത ടാക്സികള്‍ പിടികൂടിയാല്‍ 3000 ദിര്‍ഹം പിഴ ചുമത്തുമെന്നാണ് അബൂദബി പൊലീസിന്റെ മുന്നറിയിപ്പ്. ഇതിനുപുറമേ വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടി ലൈസന്‍സില്‍ 24 ബ്ലാക്ക് പോയന്റ് ചുമത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.