ദുബൈ: ജുമൈറയിൽ ഡ്രൈവറില്ലാ കാർ പരീക്ഷണയോട്ടം ആരംഭിച്ചു. ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ)യും സെൽഫ് ഡ്രൈവിങ് ടെക്നോളജി കമ്പനിയായ ക്രൂസും ചേർന്നാണ് ആദ്യഘട്ടത്തിലെ പരീക്ഷണം തുടങ്ങിയത്. നേരത്തെ ടെസ്റ്റ് ട്രാക്കുകളിൽ പരീക്ഷണയോട്ടം നടത്തിയത് വിജയകരമായതിനെ തുടർന്നാണ് സുരക്ഷാ ഡ്രൈവറുടെ സാന്നിധ്യത്തിൽ റോഡുകളിൽ പരീക്ഷണം നടത്തിയിരിക്കുന്നത്.
ക്രൂസ് കമ്പനി നേരത്തെ അമേരിക്കയിൽ ഡ്രൈവറില്ലാ വാഹനങ്ങൾ നിരത്തിലിറക്കി വിജയിപ്പിച്ചിട്ടുണ്ട്. സാൻ ഫ്രാൻസിസ്കോയിൽ നടപ്പിലാക്കിയ പദ്ധതി ആർ.ടി.എ അധികൃതർ നേരിട്ട് വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദുബൈയിൽ പദ്ധതി നടപ്പിലാക്കുന്നത് വിജയകരമാകുമെന്ന വിലയിരുത്തലിലാണ് പരീക്ഷണത്തിന് തുടക്കംകുറിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും പുതിയ ഗതാഗത സാങ്കേതിക മികവുകൾ ദുബൈയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് മേഖലയിലെ ആദ്യ ഓട്ടോണമസ് വെഹിക്കിൾ പദ്ധതി നഗരത്തിലെത്തുന്നത്. ജീവിക്കാൻ ഏറ്റവും മികച്ച നഗരമെന്ന നിലയിലേക്ക് ദുബൈയെ വളർത്തുകയെന്ന ലക്ഷ്യത്തിനനുസരിച്ചാണ് പദ്ധതിയെന്ന് അധികൃതർ പറഞ്ഞു.
ദുബൈയിലെ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും ഉപയോഗിക്കാവുന്ന തരത്തിലാകും ഡ്രൈവറില്ലാ കാർ സഞ്ചരിക്കുക. ദുബൈ റോഡുകളിലെ ക്രൂസ് വാഹനങ്ങളുടെ പ്രകടനം വിലയിരുത്തിയശേഷം ആവശ്യമായ രീതിയിൽ നവീകരണങ്ങൾ വരുത്തിയാണ് പൂർണമായ സർവിസ് ആരംഭിക്കുക. ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണയോട്ടത്തിന് ദുബൈയിൽ ആദ്യമായി അനുമതി ലഭിച്ച കമ്പനിയാണ് ക്രൂസ്. ഭാവിയിൽ എമിറേറ്റിൽ ടാക്സി സേവനങ്ങൾ അടക്കം നൽകുന്ന സംവിധാനം ഒരുക്കുന്നതിന് ആർ.ടി.എ നേരത്തെ ക്രൂസുമായി ധാരണയിലെത്തിയിരുന്നു. 2030ഓടെ മൊത്തം വാഹനങ്ങളുടെ 25 ശതമാനം സ്വയം നിയന്ത്രിത വാഹനങ്ങളാക്കാനുള്ള ദുബൈയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് പദ്ധതി നടപ്പിലാക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ ലക്ഷ്യം രൂപപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.