മുഹമ്മദ് ഷാഫി
2014 ൽ ആദ്യമായി ദുബൈയിൽ വന്നിറങ്ങുമ്പോൾ എല്ലാം അത്ഭുതമായിരുന്നു. ആകാശംമുട്ടെ ഉയർന്ന കെട്ടിടങ്ങളും വിശാലമായ വൃത്തിയുള്ള റോഡുകളും എല്ലാം കൊണ്ടും ദുബൈ സ്വപ്നനഗരിയായിരുന്നു. അന്ന് കണ്ട കാഴ്ചകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ദുബൈയിലെ ഗ്ലോബൽ വില്ലേജായിരുന്നു. പറഞ്ഞാലും തീരാത്ത വിശേഷങ്ങളാണ് അന്ന് ഗ്ലോബൽ വില്ലേജ് എനിക്ക് സമ്മാനിച്ചത്. വർഷങ്ങൾക്കു ശേഷം 2021ൽ ഒരുപാട് സ്വപ്നങ്ങളുമായി ദുബൈയിൽ വീണ്ടും വിമാനമിറങ്ങുമ്പോൾ ചെറിയ ലക്ഷ്യം മാത്രമായിരുന്നു എക്സ്പോ 2020. ഗ്ലോബൽ വില്ലേജിെൻറ കൂടിയ വേർഷൻ മാത്രമായിരിക്കും എന്നായിരുന്നു ധാരണ. എന്നാൽ, എക്സ്പോനഗരിയിൽ കാലു കുത്തിയ നിമിഷം എെൻറ ധാരണകൾ തെറ്റായിരുന്നുവെന്ന് മനസ്സിലായി. ഓരോ ചുവടും മുന്നോട്ടുവെക്കുമ്പോഴും അത്ഭുതങ്ങളുടെ മായക്കാഴ്ചകൾ കണ്മുന്നിൽ തെളിഞ്ഞു. പേരുകേട്ട വമ്പൻ രാജ്യങ്ങളുടെ പവിലിയനുകൾ മുതൽ ഇതുവരെ കേട്ടിട്ടില്ലാത്ത രാജ്യങ്ങളുടെ പവിലിയനുകൾ വരെ കാണാൻ സാധിക്കും. ചുരുങ്ങിയത് ഒരു മാസമെങ്കിലും വേണ്ടിവരും ഒരുവട്ടം കാണാൻ. ബന്ധുവായ സാലുവിെൻറ കൂടെയായിരുന്നു മായനഗരിയിലെ സന്ദർശനം. മൂന്നു ദിവസംകൊണ്ട് പതിനഞ്ചോളം രാജ്യങ്ങളുടെ പവിലിയൻ സന്ദർശിച്ചു. ഭൂരിഭാഗം രാജ്യങ്ങളും തങ്ങളുടെ ചരിത്രവും പ്രതീക്ഷകളും വിവരിക്കുന്ന എൽ.ഇ.ഡി ഡിസ്പ്ലേയാണ് കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ്, സ്പെയിൻ, പാകിസ്താൻ, സൗദി തുടങ്ങിയവയിൽ കൂടുതൽ സമയം ചെലവഴിച്ചു. ഇവയിൽ മനം കവർന്നത് തായ്‌ലൻഡ് ആയിരുന്നു. അതിെൻറ പ്രധാന കാരണം അവരുടെ ആതിഥ്യമര്യാദയാണ്. പവിലിയെൻറ പുറത്തെ വേദിയിൽ തായ്‌ലൻഡ് കലാകാരന്മാരുടെ പ്രകടനം കണ്ടിട്ടാണ് അവിടേക്ക് പോയത്. പരമ്പരാഗത തായ് ആയോധന കലയും ഡാൻസും കൂട്ടിയിണക്കി ടെക്‌നോളജിയുടെ സഹായത്തോടെയുള്ള പ്രകടനം അതിഗംഭീരമായിരുന്നു. പരിപാടിക്ക് ശേഷം ഫോട്ടോ എടുക്കാൻ കലാകാരന്മാർ കാണികളെ ക്ഷണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മൊബൈലിെൻറ ചാർജ് തീർന്നതിനാൽ എനിക്ക് ഫോട്ടോ എടുക്കാൻ സാധിച്ചില്ല. പിന്നെ അകത്തേക്ക് പ്രവേശിക്കാനുള്ള ക്യുവിൽ പോയി നിന്നു. നമ്മൾ ക്യൂവിൽ നിൽക്കുന്നത് മുതൽ അവർ നമ്മോട് സംസാരിച്ചുകൊണ്ടിരിക്കും. അകത്തെ ഹാളിൽ വലിയ എൽ.ഇ.ഡി ഡിസ്പ്ലേയിൽ തായ്ലൻഡിെൻറ ചരിത്രം നമുക്കു പറഞ്ഞുതരും. രാജ്യത്തിെൻറ പ്രത്യേകതകളും ഭക്ഷണവും വികസനവും എല്ലാം മനസ്സിലാക്കിത്തരുന്ന രീതിയിലാണ് പവിലിയെൻറ നിർമാണം. ഓരോ ചുവടു മുന്നോട്ടുവെക്കുമ്പോഴും അവർ നമ്മെ അവരുടെ രാജ്യത്തേക്ക് മാടിവിളിക്കുന്ന അനുഭവമാണ്. ഒരുപേക്ഷ, യാത്ര ഇഷ്ടപ്പെടുന്ന ആളായതുകൊണ്ടായിരിക്കും എനിക്കങ്ങനെ തോന്നിയത്. ഇതുപോലൊരു എക്സ്പോ നഗരിയിൽ ഒരു രാജ്യം പവിലിയൻ ഒരുക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് അതു തന്നെയാണ്. കണ്ടിറങ്ങുന്നവരുടെ മനസ്സിൽ മതിപ്പുണ്ടാക്കണം. ഒരു തവണയെങ്കിലും ആ രാജ്യം സന്ദർശിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് അവരെക്കൊണ്ട് പറയിപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.