ദുബൈ: ഒരൊറ്റ വീഡിയോ മതി ജീവിതം മാറി മറിയാൻ എന്ന് ഇവർ വീണ്ടും തെളിയിച്ചു. ദുബൈ ദേരയിൽ കെട്ടിടത്തിന് മുകളിൽ കുടുങ്ങിയ ഗർഭിണിയായ പൂച്ചയെ താഴെയെത്തിച്ച മലയാളികൾ അടക്കം നാല് പേർക്ക് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സമ്മാനമായി നൽകിയത് രണ്ട് ലക്ഷം ദിർഹം (40 ലക്ഷം രൂപ). വ്യാഴാഴ്ച രാത്രി ഇവരുടെ താമസ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ഓരോരുത്തർക്കും 50,000 ദിർഹം (പത്ത് ലക്ഷം രൂപ) വീതം കൈമാറി. കോഴിക്കോട് വടകര പുറമേരി സ്വദേശി അബ്ദുൽ റാശിദ്, ആർ.ടി.എ ഡ്രൈവറായ കോതമംഗലം സ്വദേശി നാസിർ മുഹമ്മദ്, മെറോക്കക്കാരനായ അഷ്റഫ്, പാകിസ്താൻകാരനായ ആതിഫ് മഹ്മൂദ് എന്നിവർ തുക ഏറ്റുവാങ്ങി.
ചൊവ്വാഴ്ച രവിലെ എട്ടിന് ദേര അൽ മറാർ പ്രദേശത്തായിരുന്നു സംഭവം. കെട്ടിടത്തിെൻറ രണ്ടാം നിലയിലാണ് പൂച്ച കുടുങ്ങിയത്. അകത്തേക്കും പുറത്തേക്കും പോകാൻ കഴിയാതെ പ്രയാസപ്പെട്ട പൂച്ചക്ക് രക്ഷപ്പെടാൻ താഴെ തുണി വിടർത്തിപ്പിടിക്കുകയായിരുന്നു. കൃത്യമായി തുണിയിൽ വീണ പൂച്ച പോറലേൽക്കാതെ രക്ഷപ്പെട്ടു. സംഭവം റാശിദാണ് കാമറയിൽ പകർത്തിയത്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകൾക്കകം വൈറലായി. ഇത് ശ്രദ്ധയിൽപെട്ട ശൈഖ് മുഹമ്മദ് വീഡിയോ സഹിതം അഭിനന്ദന പോസ്റ്റിട്ടിരുന്നു. 'ഞങ്ങളുടെ മനോഹരമായ നഗരത്തിൽ ദയ നിറഞ്ഞ പ്രവർത്തനങ്ങൾ കാണുമ്പോൾ അഭിമാനവും സന്തോഷവുമുണ്ട്. 'ആഘോഷിക്കപ്പെടാത്ത ആ ഹീറോ'കളെ തിരിച്ചറിയുന്നവർ, നന്ദി പറയാൻ സഹായിക്കൂ' എന്നാണ് ട്വീറ്റിൽ കുറിച്ചത്. ശൈഖ് മുഹമ്മദ് നന്ദിയറിയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതോടെ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തകരെ തേടി താമസസ്ഥലങ്ങളിലെത്തിയിരുന്നു.
പരിക്കില്ലെങ്കിലും പൂച്ചക്ക് ചികിൽസ ലഭ്യമാക്കാനും അധികൃതർ മുൻകൈയെടുത്തു. വ്യാഴാഴ്ച രാത്രി ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തി സമ്മാനിക്കുകയായിരുന്നു. ദുബൈ ഭരണാധികാരിയുടെ സമ്മാനം ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു. വീട്ടിൽ മൂന്ന് പൂച്ചകളെ പോറ്റുന്ന തനിക്ക് വളർത്തുമൃഗങ്ങളോടുള്ള വാൽസല്യമാണ് രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങാൻ പ്രേരണയായതെന്ന് നാസിർ പറഞ്ഞു. ഗ്രോസറി ഷോപ്പ് നടത്തുകയാണ് 25കാരനായ റാശിദ്. റാശിദിെൻറ കടയുടെ മുമ്പിലാണ് സംഭവം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.