ഷാർജ: നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇന്തോ-അറബ് വാണിജ്യ, സാംസ്കാരിക ബന്ധത്തിന് കുതിപ്പും കരുത്തും പകരാൻ 'ഗൾഫ് മാധ്യമം' ഒരുക്കുന്ന 'കമോൺ കേരള' മഹാമേളയുടെ നാലാം അധ്യായത്തിന് യു.എ.ഇയുടെ സാംസ്കാരിക തലസ്ഥാനമായ ഷാർജയിൽ വെള്ളിയാഴ്ച തുടക്കം. യു.എ.ഇയുടെ 50ാം പിറന്നാളും ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികവും ആഘോഷിക്കുന്ന സുവർണ വർഷത്തിൽ നടക്കുന്ന മഹാമേള
വെള്ളിയാഴ്ച വൈകീട്ട് നാലിന് ഷാർജ ചേംബർ ഓഫ് കോമേഴ്സ് ഡെപ്യൂട്ടി ചെയർമാൻ ശൈഖ് മാജിദ് ബിൻ ഫൈസൽ ബിൻ ഖാലിദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്യും. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ജൂൺ 24, 25, 26 തീയതികളിൽ ഷാർജ എക്സ്പോ സെന്‍ററിലാണ് പ്രവാസത്തിന്‍റെ ആഘോഷം അരങ്ങേറുന്നത്. മഹാമാരി തീർത്ത ചെറിയ ഇടവേളക്കുശേഷം വീണ്ടുമെത്തുമ്പോൾ സന്ദർശകരെ കാത്ത് ഒട്ടേറെ പുതുമകളാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, വിനോദ, സാംസ്കാരിക മേളയായ കമോൺ കേരളയുടെ ഉദ്ഘാടന ചടങ്ങിൽ വരുംദിവസങ്ങളിൽ ഇന്ത്യൻ സിനിമയിലെ ഇതിഹാസതാരം കമൽഹാസൻ, മലയാളികളുടെ പ്രിയനടി മഞ്ജു വാര്യർ തുടങ്ങിയവർ വേദിയിലെത്തും. അതിമനോഹര സാംസ്കാരിക പരിപാടികളാൽ സമ്പന്നമായിരിക്കും മൂന്നു സായാഹ്നങ്ങളും. വാണിജ്യ, വിദ്യാഭ്യാസ, സാമ്പത്തിക, വിനോദ മേഖലകളിൽ പുത്തൻ അറിവും ആനന്ദവും പകരുന്ന ബിസിനസ് കോൺക്ലേവ്, ബോസസ് ഡേ ഔട്ട്, പ്രോപർട്ടി ഷോ, ഇന്തോ-അറബ് വിമൻ എക്സലൻസ് അവാർഡ്, ടേസ്റ്റി ഇന്ത്യ, ഓപർച്യൂനിറ്റി സോൺ, ഡ്രീം ഡെസ്റ്റിനേഷൻ, നോളജ് സോൺ തുടങ്ങിയവ ഈ സീസണിന്‍റെ അഴക് വർധിപ്പിക്കും. ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ അനന്തസാധ്യതകളിലേക്ക് വിരൽചൂണ്ടുന്നതായിരിക്കും നാലാം എഡിഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.