ദുബൈ: ഒക്ടോബർ 18ന് ആരംഭിക്കുന്ന 28ാമത് സീസണിലേക്ക് പുതിയ സംരംഭകരെ ക്ഷണിച്ച് ദുബൈ ഗ്ലോബൽ വില്ലേജ്. വിവിധ കിയോസ്കുകൾ, ഭക്ഷണശാലകൾ എന്നിവ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ തിങ്കളാഴ്ച മുതൽ ആരംഭിച്ചതായി ദുബൈ ഗ്ലോബൽ വില്ലേജ് അധികൃതർ അറിയിച്ചു.
പ്രത്യേക വാണിജ്യ ലൈസൻസ് ഇല്ലാതെ ഗ്ലോബൽ വില്ലേജിൽ പുതിയ സംരംഭം തുടങ്ങാം. ഇതിനായി ഗ്ലോബൽ വില്ലേജ് അധികൃതർ പ്രത്യേക സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കിയോസ്കിന്റെ ഘടന, ജീവനക്കാർക്കുള്ള വിസ തുടങ്ങിയവ ഉൾപ്പെടെ സമഗ്രമായ മറ്റു സേവനങ്ങളും ഗ്ലോബൽ വില്ലേജ് അധികൃതർ വാഗ്ദാനം ചെയ്യുന്നു.
ട്രേഡ് ലൈസൻസിന്റെ ആവശ്യകത ഇല്ലാതാകുന്നതോടെ സംരംഭകർക്ക് അവരുടെ എഫ് ആൻഡ് ബി ബിസിനസുകൾ തടസ്സമില്ലാതെ സജ്ജീകരിക്കാനാകും. കുറഞ്ഞ നഷ്ടസാധ്യതയോടുകൂടി പുതിയ എഫ് ആൻഡ് ബി ബിസിനസ് പരീക്ഷണം ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ഇടമാണ് ഗ്ലോബൽ വില്ലേജ് സമ്മാനിക്കുന്നതെന്ന് അധികൃതർ അവകാശപ്പെട്ടു.
ബ്രാൻഡിങ്ങിനായി പ്രമുഖ കമ്പനികളുമായി സഹകരണം ആഗ്രഹിക്കുന്നവർക്കുള്ള പിന്തുണയും ചരക്കുകൾ സംഭരിക്കാനുള്ള സംവിധാനങ്ങളും ഗ്ലോബൽ വില്ലേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഫെഡറൽ ടാക്സ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സഹായവും ലഭിക്കും. ഉപഭോക്താക്കൾക്ക് പണമിടപാടുകൾ എളുപ്പമാക്കുന്നതിനായി ഇലക്ട്രോണിക് പേമെന്റ് ടെർമിനലുകളും പോയന്റ് ഓഫ് സെയിൽ സംവിധാനങ്ങളും ലഭ്യമാക്കുന്നതിനുള്ള സഹായവും ലഭിക്കും.
മറ്റ് സേവനങ്ങൾക്കായുള്ള ബില്ലുകൾ വരുമെന്ന ഭയമില്ലാതെതന്നെ വ്യത്യസ്തമായ മറ്റ് അനേകം സൗകര്യങ്ങളും ഗ്ലോബൽ വില്ലേജിൽ ലഭ്യമാണ്. കഴിഞ്ഞ ആറുമാസത്തെ സീസണിൽ ലോകത്താകമാനമുള്ള 90 ലക്ഷത്തോളം പേരാണ് ഗ്ലോബൽ വില്ലേജ് സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.