ദുബൈ: രാജ്യത്ത് വ്യോമയാന മേഖല തിരിച്ചുവരവിെൻറ പാതയിലാണെന്നും ഈ വർഷം രണ്ടാം പാദത്തിൽ ഇത് പ്രകടമാണെന്നും യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ സെയ്ഫ് അൽ സുവൈദി. ഗ്ലോബൽ എയർപോർട്ട് ലീഡേഴ്‌സ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോളതലത്തിൽ വാക്സിൻ വിതരണം വർധിച്ചതോടെ യാത്രക്കാർ വിമാനയാത്രയിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു. 2019ൽ ലഭിച്ചിരുന്ന യാത്രക്കാരുടെ 49 ശതമാനം ഉടൻ വീണ്ടെടുക്കും. 2019ൽ 4.5 ബില്യൺ യാത്രക്കാർ സഞ്ചരിച്ച സ്ഥാനത്ത് കഴിഞ്ഞ വർഷം എത്തിയത് 1.8 ബില്യൺ മാത്രമാണ്. 2020ൽ യു.എ.ഇയിൽ 50 ശതമാനത്തിലേറെ യാത്രക്കാർ കുറഞ്ഞപ്പോൾ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം 74 ശതമാനം കുറഞ്ഞു. മഹാമാരിയുടെ തുടക്കം മുതൽ യു.എ.ഇ വിവിധ വിമാനത്താവളങ്ങളുമായും വിമാനക്കമ്പനികളുമായും ആശയവിനിമയം നടത്തിയിരുന്നു. ആവശ്യമായ സുരക്ഷ നടപ്പാക്കാൻ നടപടിയെടുക്കുകയും ചെയ്തു. കോവിഡ് കൊടുമ്പിരികൊണ്ട സമയത്ത് പോലും തിരിച്ചുവരവിനെ കുറിച്ചാണ് ഞങ്ങൾ ആലോചിച്ചതെന്നും അദ്ദേഹം കൂട്ടിചേർത്തു.
നല്ല വാർത്തകൾക്കായി രാജ്യം തയാറെടുത്തുകഴിഞ്ഞെന്ന് ജി.സി.എ.എ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ ഇസ്മായിൽ അൽ ബലൂഷി പറഞ്ഞു. രാജ്യങ്ങൾ അതിർത്തികൾ തുറന്നിട്ടുണ്ടെങ്കിലും പ്രവേശന നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ട്. എങ്കിലും തിരിച്ചുവരവിെൻറ പാതയിലാണ് എല്ലാവരും. സിവിൽ ഏവിയേഷൻ മേഖലയെ കോവിഡ് ആഴത്തിൽ ബാധിച്ചിരിക്കുന്നു. മഹാമാരിയുടെ കാലത്തും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ യു.എ.ഇ ഒന്നാം സ്ഥാനത്ത് തുടരുകയാെണന്നും അതിർത്തികൾ തുറക്കുന്നതോടെ പഴയ നില കൈവരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.