ദുബൈ: ഒന്നിന് പിന്നാലെ ഒന്നായി തേടിയെത്തിയ തടസ്സങ്ങൾ തട്ടിനീക്കി ബംഗ്ലാദേശ് സ്വദേശി ഇല്യാസിെൻറ (31) മൃതദേഹം നാട്ടിലെത്തിച്ചു. മലയാളികളുടെ നേതൃത്വത്തിലുള്ള ഹംപാസ് വളൻറിയർമാരുടെ നേതൃത്വത്തിൽ നടന്ന കഠിന പരിശ്രമത്തിനൊടുവിലാണ് 15 ദിവസത്തിനു ശേഷം മൃതദേഹം നാട്ടിലേക്കയക്കാൻ കഴിഞ്ഞത്.
കഴിഞ്ഞ മാസം 19നാണ് ഇല്യാസ് ഉറക്കത്തിൽ മരിച്ചത്. വ്യാഴാഴ്ചയായതിനാൽ നടപടിക്രമങ്ങൾ ആദ്യ ദിവസം തന്നെ വൈകി. വീട്ടിലെ മരണമായതിനാൽ ഫോറൻസിക് ലെറ്റർ ലഭിക്കാൻ അഞ്ചു ദിവസമെടുത്തു. പിന്നീട് പൊലീസ് സർട്ടിഫിക്കറ്റും മരണ സർട്ടിഫിക്കറ്റും കിട്ടാനുള്ള ഓട്ടത്തിലായിരുന്നു. വീട്ടുജോലി വിസയിൽ നിന്ന ശേഷം ഒളിച്ചോടിയ വ്യക്തിയായതിനാൽ സ്പോൺസർ സഹകരിക്കാത്തത് കടുത്ത പ്രതിസന്ധിയുണ്ടാക്കി. വിസ റദ്ദാക്കി കിട്ടിയപ്പോൾ പാസ്പോർട്ട് കാൻസൽ ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടായി.
ഒടുവിൽ, മൃതദേഹം നാട്ടിലേക്കയക്കാൻ 7500 ദിർഹം ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിച്ചു. ഇതോടെ ഹംപാസ് പ്രവർത്തകർ ബംഗ്ലാദേശ് എംബസിയെ സമീപിച്ചു. കുറച്ച് തുക ഇവർ സംഘടിപ്പിച്ച് നൽകിയതോടെ ബാക്കി തുക സുഹൃത്തുക്കൾ സമാഹരിച്ചു. ഷാർജ വഴി മൃതദേഹം അയക്കാൻ ഏർപ്പാട് ചെയ്തെങ്കിലും മൃതദേഹം ഏറ്റെടുക്കാൻ പോയപ്പോഴാണ് അടുത്ത തടസ്സങ്ങളുണ്ടായത്. കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് വാങ്ങിവെക്കാത്തതിനാൽ ആശുപത്രിയുമായി ബന്ധപ്പെട്ട് ഈ തടസ്സങ്ങളും നീക്കേണ്ടി വന്നു.
എല്ലാം ശരിയായി വന്നപ്പോൾ തുടർച്ചയായ അവധി ദിനങ്ങളെത്തി. എങ്കിലും പ്രത്യേക പരിഗണനയോടെ എംബാമിങ് ജീവനക്കാർ വരുകയും എംബാമിങ് നടത്തുകയും ചെയ്തു. ഒഴിവു ദിവസം മയ്യിത്ത് കുളിപ്പിക്കാൻ ഡ്യൂട്ടിയിൽ ആരുമില്ലാഞ്ഞിട്ടും ഷാർജയിൽ നിന്നും ദുബൈയിൽ നിന്നും എത്തിയ ഹംപാസ് പ്രവർത്തകർ ഈ കടമ നിർവഹിച്ചു. ഒടുവിൽ കാർഗോ തയാറാക്കി നാട്ടിലേക്ക് അയക്കുകയായിരുന്നു. ഹംപാസ് പ്രവർത്തകരായ നിഷാജ് ഷാഹുൽ, അലി മുഹമ്മദ്, സകരിയ്യ, സാദിഖ് എന്നിവരാണ് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.