ഉമ്മുല്‍ഖുവൈന്‍: ഉമ്മുല്‍ഖുവൈനിൽ മരിച്ച മുഹമ്മദ് ഇർഫാന്‍റെ മൃതദേഹം വെള്ളിയാഴ്ച ദുബൈ അൽ ഖൂസിൽ ഖബറടക്കും. ചാവക്കാട് കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിനടുത്ത് താമസിക്കുന്ന മാവുത്തർ വീട്ടിൽ സെയ്നൽ ആബ്ദീന്‍റെ മകൻ മുഹമ്മദ് ഇർഫാനാണ് (38) മരിച്ചത്. മൂന്നാഴ്ചയിലേറെയായി ബന്ധുക്കള്‍ ആരെന്നറിയാതെ ഉമ്മുല്‍ഖുവൈന്‍ ഖലീഫ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ഇന്ത്യൻ അസ്സോസിയേഷന്‍ ഭാരവാഹികളെ പൊലീസ് അറിയിച്ചതിനെ തുടർന്നാണ് തിരിച്ചറിഞ്ഞത്.
അഞ്ചു മാസത്തിലേറെയായി ഇദ്ദേഹത്തെപ്പറ്റി യാതൊരു വിവരവുമില്ലാതെ അന്വേഷണത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞതായി അസോസിയേഷൻ പ്രസിഡന്‍റ് സജാദ് നാട്ടിക അറിയിച്ചു. യു.എ.ഇയിൽ ഖബറടക്കണമെന്ന കുടുംബത്തിന്‍റെ ആവശ്യത്തെ തുടർന്ന് അൽഖൂസ് ഖബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് അസ്സോസിയേഷൻ ചാരിറ്റി വിങ് കോർഡിനേറ്റർ റാഷിദ് പൊന്നാണ്ടി പറഞ്ഞു.
ഭാര്യ: ഷക്കീല. മക്കൾ: ഫാത്തിമ്മത്തുൽ ലിഫാന, അൽത്താഫ്, അറഫാത്ത്. സഹോദരൻ മുഹമ്മദ് ആസിഫ് റാസൽഖൈമയിലുണ്ട്. ഔദ്യോഗിക നടപടികൾക്ക് അസോസിയേഷൻ ഭാരവാഹികളായ സജാദ് നാട്ടിക, റാഷിദ് പൊന്നാണ്ടി, സി.എം. ബഷീർ, അജ്മാൻ കെ.എം.സി.സി നേതാവ് അബ്ദുൽ സലാം വലപ്പാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.