ദുബൈ: ബഹ്റൈൻ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എക്സ്പോ 2020 ദുബൈ സന്ദർശിച്ചു. ബഹ്റൈൻ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായാണ് അദ്ദേഹം എക്സ്പോയിലെത്തിയത്. യു.എ.ഇ സഹിഷ്ണുതാ-സഹവർത്തിത്വകാര്യ മന്ത്രി ശൈഖ് നഹ്യാൻ മുബാറക് ആൽ നഹ്യാൻ അതിഥികളെ സ്വീകരിച്ചു.
എല്ലാ തലങ്ങളിലും ബഹ്റൈൻ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് ലോകത്തെ മുഴുവൻ പരിചയപ്പെടുത്താനുള്ള സമയോചിതമായ അവസരമായി കരുതുന്ന എക്സ്പോ 2020 ദുബൈയിലെ പങ്കാളിത്തത്തിന് അഭിനന്ദനം അറിയിക്കുന്നതായി ശൈഖ് നഹ്യാൻ പറഞ്ഞു. ബഹ്റൈെൻറ ആഴത്തിൽ വേരൂന്നിയ സംസ്കാര- പൈതൃകങ്ങൾ സന്ദർശകർക്ക് മനസ്സിലാക്കാൻ കഴിയുംവിധമാണ് ബഹ്റൈൻ പവിലിയൻ ഒരുക്കിയിട്ടുള്ളത്.
അതിെൻറ രൂപകൽപന രാജ്യത്തിെൻറ വൈവിധ്യത്തിെൻറയും ബഹുസ്വര സംസ്കാരത്തിെൻറയും മൂല്യങ്ങൾ വ്യക്തമായി പ്രകടമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇയുടെ 50ാം വാർഷികം ആഘോഷിക്കുന്ന ഘട്ടത്തിൽ തന്നെ ദേശീയദിനാഘോഷവുമായി എത്തിച്ചേരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും എക്സ്പോക്ക് ആതിഥ്യമരുളാൻ യു.എ.ഇക്ക് സാധിച്ചത് അതിെൻറ വളർച്ചയെ അടയാളപ്പെടുത്തുന്നുവെന്നും ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് പ്രസിഡൻറ് ശൈഖ മയ് ബിൻത് മുഹമ്മദ് ആൽ ഖലീഫ പറഞ്ഞു.
ദേശീയ ദിനാഘോഷ ചടങ്ങിെൻറ ഭാഗമായി അൽ വസ്ൽ പ്ലാസയിൽ പതാക ഉയർത്തലും ബഹ്റൈൻ പൊലീസ് ബാൻഡിെൻറ പ്രകടനവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.