ദുബൈ: നിരവധി കുട്ടികളെ വരയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ കലാകാരൻ ആർട്ടിസ്റ്റ് സതി എന്ന സതീശൻ മൂന്നര പതിറ്റാണ്ടത്തെ പ്രവാസജീവിതത്തിന് വിടപറഞ്ഞ് നാട്ടിലേക്ക് മടങ്ങി. ദുബൈയിലെ വിവിധ സ്ഥാപനങ്ങളിൽ ഡിസൈനറായും പ്രസ് ഫോട്ടോഗ്രഫറായും ആർട്ട് ഡയറക്ടറായും ഇൻറീരിയർ ഡിസൈനറായും ഫ്രീലാൻസറായും മികവുതെളിയിച്ചാണ് 64ാം വയസ്സിൽ സതീശൻ മടങ്ങുന്നത്. ഇതിനിടയിൽ വരയുടെ പാഠങ്ങൾ പകർന്നുനൽകിയ ശിഷ്യഗണങ്ങളാണ് ഏറ്റവും വലിയ സാമ്പാദ്യം.
1983ലാണ് തൃശൂർ ചാഴൂർ കോലാമ്പ്ര രാഘവെൻറ മകൻ സതീശൻ യു.എ.ഇയിൽ എത്തുന്നത്. സൈൻ ബോർഡ് ഷോപ്പിലെ ആർട്ടിസ്റ്റായായിരുന്നു തുടക്കം. വൈകാതെ മറ്റൊരു സ്ഥാപനത്തിൽ ഇൻറീരിയർ ഡിസൈനറായി കയറി. ശമ്പള പ്രശ്നത്തെ തുടർന്ന് നാലു മാസത്തിനുശേഷം ഇവിടെ നിന്നിറങ്ങി. നേരെ പോയത് ഷാർജ ഇക്കോണമിക് കോഓപറേഷെൻറ മാഗസിനിലേക്ക്. പ്രസ് ഫോട്ടോഗ്രാഫറായായിരുന്നു നിയമനം. ഒരു വർഷത്തിനുശേഷം മറ്റൊരാളുമായി ചേർന്ന് സൈൻ ബോർഡ് ഷോപ് തുടങ്ങി. അഞ്ചുവർഷം നല്ലനിലയിൽ പോയിരുന്നു. മറ്റ് എമിറേറ്റുകളിൽനിന്നുപോലും ആളുകൾ ഇവിടെ ആർട്ട് വർക് ചെയ്യാൻ എത്തിയിരുന്നു. എന്നാൽ, വിവാഹത്തിനായി നാട്ടിൽ പോയി തിരികെവന്നപ്പോൾ കാര്യങ്ങൾ തകിടംമറിഞ്ഞു. കൂടെയുണ്ടായിരുന്നയാളുടെ പിടിപ്പുകേട് മൂലം സ്ഥാപനം അടച്ചുപൂട്ടേണ്ടിവന്നു.
റാഷിദിയയിലെ അൽ ജലാഫ് പ്രിേൻറഴ്സിലായിരുന്നു അടുത്ത നിയോഗം. പിന്നീട് ഒംനി എസ്റ്റാബ്ലിഷ്മെൻറിൽ ആർട്ട് ഡയറക്ടറായി കയറി. 1996ൽ ഗൾഫ് കൺവേർട്ടിങ്ങിൽ (ഇപ്പോൾ ഗൾഫ് മാനുഫാക്ചറിങ്) ജോലിക്ക് കയറിയതോടെയാണ് ഇരിപ്പുറച്ചത്. 12 വർഷം ഇവിടെ ജോലി ചെയ്തു. പ്രവാസകാലത്ത് ഏറ്റവുമധികം വർഷം ജോലി ചെയ്തത് ഇവർക്കൊപ്പമായിരുന്നു. 2008ൽ ഇവിടെനിന്ന് പുറത്തിറങ്ങിയ അദ്ദേഹം സ്വന്തം കലാലോകവുമായി ഫ്രീലാൻസറായി പറന്നുനടക്കുകയായിരുന്നു.
കഴിഞ്ഞമാസം ഹൃദയാഘാതമുണ്ടായതാണ് ഇപ്പോൾ നാട്ടിലേക്ക് തിരിക്കാൻ പ്രേരിപ്പിച്ചത്. വീടുകളിലെത്തിയും അല്ലാതെയും നൂറുകണക്കിന് കുട്ടികളെ വര പഠിപ്പിച്ചു.ഒരു കുടുംബത്തിലെ മൂന്നു തലമുറയെ ഗ്ലാസ് പെയിൻറിങ് പഠിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചു. നാട്ടിലെത്തി കുട്ടികളെ പഠിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ, കോവിഡിെൻറ അവസ്ഥയിൽ അതിന് കഴിയുമോ എന്നുറപ്പില്ല. ഓൺലൈനിൽ വര പഠിപ്പിക്കുന്നതിനോടും സതിക്ക് യോജിപ്പില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.