ദുബൈ: തൂവാലകൾക്കുള്ളിൽ ഒളിപ്പിച്ച് കണ്ടെയ്നർ വഴി മയക്കുമരുന്ന് ഗുളികകൾ കടത്താനുള്ള ശ്രമം തകർത്ത് ദുബൈ തുറമുഖ കസ്റ്റംസ്. ജബൽ അലി തുറമുഖം വഴിയാണ് നിരോധിത മയക്കുമരുന്ന് ഗുളികകൾ വൻ തോതിൽ കടത്താനുള്ള ശ്രമം നടന്നത്.
ജബൽ അലി സീ കസ്റ്റംസ് സെന്റർ ഉദ്യോഗസ്ഥരും ടികോമും ചേർന്ന് നടത്തിയ പരിശോധനയിൽ 2,34,000 ട്രമഡോൾ ഗുളികകൾ പിടികൂടുകയായിരുന്നു. റേഡിയേഷൻ പരിശോധനയിൽ തൂവാലകൾ കൊണ്ടുവന്ന ഷിപ്മെന്റിന്റെ സാന്ദ്രതയിലെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടതോടെ വിശദ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. ടവ്വലുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഗുളികകൾ കണ്ടെത്തിയത്.
ഏഷ്യൻ രാജ്യത്തുനിന്നാണ് ഷിപ്മെന്റ് എത്തിയതെന്നാണ് സംശയം. എന്നാൽ, കണ്ടെയ്നർ എന്നാണ് എത്തിയതെന്ന് വ്യക്തല്ല. സംഭവത്തിൽ ആരെങ്കിലും അറസ്റ്റിലായതായും ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല.തുറമുഖം വഴിയുള്ള മയക്കുമരുന്ന് കടത്ത് തടയാൻ മികച്ച ഉപകരണങ്ങളാണ് ദുബൈ കസ്റ്റംസ് ഉപയോഗിക്കുന്നത്. സംശയമുള്ള ഷിപ്മെന്റുകളെ തിരിച്ചറിയുന്ന ‘ഏർലി വാണിങ്’ സംവിധാനം കൂടാതെ ഉദ്യോഗസ്ഥ പരിശോധന, എക്സ്-റേ സ്കാനിങ്, കെ9 ഡോഗ് യൂനിറ്റുകൾ എന്നിവ തുറമുഖത്ത് കണ്ടെയ്നർ പരിശോധനക്ക് സജ്ജമാണ്. മയക്കുമരുന്ന് കടത്ത് തടയാനുള്ള ഉദ്യോഗസ്ഥരുടെ കാര്യക്ഷമത അഭിമാനകരമാണെന്ന് ദുബൈ കസ്റ്റംസ് ഡയറക്ടർ ജനറലും പോർട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപറേഷൻ സി.ഇ.ഒയുമായ അഹമ്മദ് മഹ്ബൂബ് മുസാബിഹ് പറഞ്ഞു. നിരോധിത മയക്കുമരുന്നിന്റെ ഉപയോഗത്തിൽനിന്ന് സമൂഹത്തെ സംരക്ഷിക്കാൻ അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് ദുബൈ കസ്റ്റംസിന്റെ സീ കസ്റ്റംസ് മാനേജ്മെന്റ് ആക്ടിങ് ഡയറക്ടർ റാശിദ് അൽ ദബ്ബാ അൽ സുവൈദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.