ദുബൈ: ആകാശയാത്രയിൽ വിസ്മയാനുഭവം പകരുന്ന പുതുപുത്തൻ ആശയങ്ങളും സംവിധാനങ്ങളും പരിചയപ്പെടുത്തുന്ന ദുബൈ എയർ ഷോക്ക് ഗംഭീര തുടക്കം. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് 17ാമത് മേള ഉദ്ഘാടനം ചെയ്തത്. ദുബൈ വേൾഡ് സെൻട്രലിലെ ആൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ച പരിപാടി കോവിഡിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആഗോള വ്യോമയാന പ്രദർശനമാണ്. 1989ലാണ് ദുബൈ എയർ ഷോയുടെ ആദ്യ എഡിഷൻ നടന്നത്. 148രാജ്യങ്ങളിൽ നിന്ന് 1200ലേറെ പ്രദർശകർ എത്തിച്ചേർന്ന മേളയിൽ 160ലേറെ വിമാനങ്ങൾ എത്തി. വിവിധ രാജ്യങ്ങളിൽ നിന്ന് പ്രതിരോധ മന്ത്രിമാർ, ചീഫ് ഓഫ് സ്റ്റാഫ് തുടങ്ങിയവരും പങ്കെടുക്കുന്നു. ഇവരെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സ്വീകരിച്ചു.
ലോകത്തെ മികച്ച വിമാനങ്ങളെ അടുത്ത് കാണാനും പ്രകടനങ്ങൾ ആസ്വദിക്കാനും സാധിക്കുമെന്നതാണ് മേളയുടെ പ്രത്യേകത. വ്യാഴാഴ്ച വരെ നീളുന്ന വ്യോമയാന പ്രകടനങ്ങളിൽ യു.എ.ഇ വ്യോമസേനയുടെ ഫുർസാൻ, റഷ്യൻ നൈറ്റ്സ്, സൗദി ഹോക്സ്, ഇന്ത്യയുടെ സൂര്യകിരൺ, വ്യോമസേനയുടെ സാരംഗ് എന്നിവയുടെ വ്യോമപ്രകടനം ഉണ്ടാകും. അടുത്ത തലമുറയിലെ സുഖോയ് യുദ്ധവിമാനങ്ങളുടെ ആദ്യ അന്താരാഷ്ട്ര അരങ്ങേറ്റവും ദുബൈ എയർ ഷോയിൽ നടക്കും.ബോയിങ് 777X, ലിയോനാഡോ എ.ഡബ്ല്യൂ609 എന്നിവയുടെ അരങ്ങേറ്റവും ഉണ്ടാകും. ദിവസവുമുള്ള വ്യോമാഭ്യാസങ്ങൾ പൊതുജനങ്ങൾക്ക് വീക്ഷിക്കാനുള്ള സൗകര്യവുമുണ്ട്. പൊതുജനങ്ങൾക്ക് വീക്ഷിക്കാനുള്ള സൗകര്യമായ സ്കൈവ്യൂ ഗ്രാൻഡ് സ്റ്റാൻഡ് ഉച്ചക്ക് 1.30 മുതൽ 5.30വരെ തുറക്കും. എയർഷോ എക്സിബിഷൻ ഹാളിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം. 82,000പേർ ഇത്തവണ എക്സിബിഷൻ സന്ദർശനത്തിനെത്തുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.