ദുബൈ: മഹാമാരിക്കാലത്ത് ഭൂരിപക്ഷം സ്ഥാപനങ്ങളും ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ സൗകര്യമൊരുക്കിയപ്പോൾ ഇതൊരു സ്ഥിരം സംവിധാനമാക്കാൻ ഒരുങ്ങുകയാണ് ദുബൈ മുനിസിപ്പാലിറ്റി. വിദൂര ജോലികൾക്കായി പ്രത്യേക തസ്തിക സൃഷ്ടിക്കാനാണ് മുനിസിപ്പാലിറ്റിയുടെ പദ്ധതി. യു.എ.ഇയിൽ ആദ്യമായാണ് ഒരു സർക്കാർ വകുപ്പ് ഇത്തരമൊരു പദ്ധതി പ്രഖ്യാപിക്കുന്നത്.
ഏതൊക്കെ ജോലികൾ വിദൂരത്തിരുന്ന് ചെയ്യാം എന്നത് പഠിക്കുകയാണ് മുനിസിപ്പാലിറ്റി. ഇത്തരം ജോലികളുടെ പട്ടിക തയാറാക്കിയ ശേഷം പുതിയ തസ്തികകൾ രൂപവത്കരിക്കും. ഇവർക്ക് ഓഫിസിൽ എത്താതെ എവിടെയിരുന്ന് വേണമെങ്കിലും ജോലി ചെയ്യാൻ കഴിയും. കോവിഡും വിലക്കുകളും മാറിയാലും ഇവരുടെ ജോലി വിദൂരസംവിധാനത്തിലൂടെയാകും. ദുബൈ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പദ്ധതിക്ക് അംഗീകാരം നൽകി. 2007 മുതൽ െഫ്ലക്സിബ്ൾ ജോലി സംവിധാനമാണ് ദുബൈ മുനിസിപ്പാലിറ്റി ജീവനക്കാർക്കായി ഏർപ്പെടുത്തിയത്.
ജീവനക്കാരുടെ നൈപുണ്യം വർധിപ്പിക്കാനും ആധുനികസാങ്കേതിക വിദ്യകളിൽ പ്രാവീണ്യം നേടാനും ഇത് സഹായിച്ചിട്ടുണ്ട്. അതിനാൽ, റിേമാട്ട് വർക്കിങ് സംവിധാനത്തിലേക്ക് എളുപ്പത്തിൽ മാറാൻ കഴിയും. ഇത് നടപ്പാക്കുന്നതോടെ ജീവനക്കാരുടെ സന്തോഷവും കാര്യക്ഷമതയും വർധിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ലോക്ഡൗൺ സമയങ്ങളിൽ വിദൂര ജോലി സമ്പ്രദായം വിജയകരമായി നടപ്പാക്കിയ വകുപ്പാണ് ദുബൈ മുനിസിപ്പാലിറ്റി. ഇതാണ് പുതിയ പദ്ധതിക്ക് ആത്മവിശ്വാസം പകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.