ദുബൈ: നിരൂപക പ്രശംസയും പുരസ്കാരങ്ങളും നേടിയൊരു സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് പ്രോജക്ടറും സ്ക്രീനുമായി കേരളത്തിൽനിന്ന് കടൽ കടന്ന് വന്നിരിക്കുകയാണ് ഈ സംവിധായകൻ. സ്നേഹത്തേക്കാൾ സൗന്ദര്യമുള്ളതൊന്നും ഈ പ്രപഞ്ചത്തിലില്ലെന്ന് ലളിതമായും കലാത്മകമായും പറയുന്ന 'താഹിറ' സിനിമയുടെ സംവിധായകൻ സിദ്ദീഖ് പറവൂരാണ് യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ മലയാളി സംഘടനകളുടെ സഹായത്തോടെ പ്രദർശനങ്ങൾ സംഘടിപ്പിക്കുകയെന്ന ലക്ഷ്യവുമായി എത്തിയിരിക്കുന്നത്. കൊടുങ്ങല്ലൂരിന്റെ തീരമേഖലയായ എറിയാടുള്ള നാടൻ പെണ്ണായ താഹിറയുടെ അതിജീവന പോരാട്ടത്തിന്റെ കഥ പറയുന്ന സിനിമയുടെ പ്രീമിയർ ഷോ ഞായറാഴ്ച വൈകീട്ട് 4.30ന് ഷാർജ അൽ ഹംറ സിനിമാസിൽ നടക്കും. താഹിറ തന്നെയാണ് സിനിമയിൽ നായികയായി അഭിനയിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിൽ നോൺ മെഡിക്കൽ സൂപ്പർവൈസറായ സിദ്ദീഖ് പറവൂരാണ് ജീവിതഗന്ധിയായ സിനിമയുടെ രചനയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. ഏഴാംക്ലാസിൽ പഠിക്കുമ്പോൾ പിതാവ് മരിച്ചതോടെ താഴെയുള്ള നാല് സഹോദരിമാരുടെ ജീവിതം ചുമലിലേറ്റിയാണ് താഹിറ അതിജീവന പോരാട്ടത്തിന് തുടക്കംകുറിച്ചത്. ഏഴാംക്ലാസിന്റെ പരിമിതിയിൽനിന്ന് ചെയ്യാവുന്ന തൊഴിലുകളെല്ലാം ചെയ്താണ് താഹിറ സഹോദരങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്.
കൂലിപ്പണി, മീൻപിടിത്തം, ക്ഷീര കർഷക, കൃഷി, നിർമാണത്തൊഴിലാളി, പെയിന്റർ, ഡ്രൈവിങ് പരിശീലക ഉൾപ്പെടെ വിവിധ തൊഴിലുകൾ ചെയ്തു. രാപ്പകലില്ലാത്ത അധ്വാനത്തിലൂടെ യൗവനവും ഓജസ്സും വറ്റിയ ആ ജീവിതയാത്ര താഹിറയിലൂടെതന്നെ അഭ്രപാളിയിലേക്ക് പറിച്ചുനട്ടിരിക്കുകയാണ് സിദ്ദീഖ്. 2021ൽ ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ മികച്ച പുതുമുഖ നായികയായി താഹിറയെ തെരഞ്ഞെടുത്തിരുന്നു. സിദ്ദീഖ് ആയിരുന്നു മികച്ച തിരക്കഥാകൃത്ത്. 13ാം ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ സിനിമ വിഭാഗത്തിൽ മികച്ച രണ്ടാമത്തെ സിനിമയായി 'താഹിറ' തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2020ലെ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ മത്സരിച്ച് ശ്രദ്ധ നേടിയിരുന്നു. കാഴ്ചശേഷിയില്ലാത്ത പാലക്കാട് സ്വദേശി ക്ലിന്റ് മാത്യുവാണ് സിനിമയിലെ നായകൻ. അദ്ദേഹം സ്വന്തം നിലയിലാണ് സിനിമക്ക് ഡബ് ചെയ്തത്. \ഇത് ലോകസിനിമയിൽതന്നെ അത്യപൂർവമാണെന്ന് സിദ്ദീഖ് പറവൂർ പറയുന്നു. യു.എ.ഇയിലെ പ്രദർശനങ്ങളിലൂടെ സിനിമ കേരളത്തിൽ റിലീസ് ചെയ്യാനുള്ള ഫണ്ട് സമാഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.