ദുബൈ: പഴയകാലത്തേക്ക് മടങ്ങിവന്നേ പറ്റു എന്നോർമിപ്പിച്ച് ഗൾഫൂഡ് ഫെസ്റ്റിന് കൊടിയിറങ്ങി. കോവിഡ് കാലത്തിെൻറ ക്ഷീണമൊന്നും പ്രത്യക്ഷത്തിൽ പ്രകടമാകാതിരുന്ന മേളയിൽ കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾക്ക് കരാറൊപ്പുവെച്ചു. അഞ്ച് ദിവസമായി ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നടന്ന ഫെസ്റ്റിൽ 85 രാജ്യങ്ങളിലെ 2500 കമ്പനികൾ പങ്കെടുത്തു.
കോവിഡ് കാലത്ത് ജീവനറ്റുപോയ ഭക്ഷ്യമേഖലക്ക് പുനർജീവനേകുന്നതായിരുന്നു ഇത്തവണത്തെ ഗൾഫൂഡ്. നോർമൽ കാലത്തേക്ക് നാം തിരിച്ചുവരുകയാണെന്നതിെൻറ തെളിവാണിതെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഏറ്റെടുക്കുന്നതെന്തും വിജയിപ്പിക്കാൻ കഴിവുള്ളവരാണ് യു.എ.ഇയെന്നും കൃത്യസമയത്താണ് ഗൾഫൂഡ് സംഘടിപ്പിച്ചതെന്നുമാണ് കൊളംബിയൻ അംബാസിഡർ ജെയ്മി അമിെൻറ അഭിപ്രായം. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ലോകത്ത് ആദ്യമായാണ് ഒരു ആഗോള ഭക്ഷ്യമേള നടക്കുന്നത്. കഴിഞ്ഞ വർഷം നടന്ന അതേസമയത്ത് തന്നെ ഇക്കുറിയും നടത്താൻ കഴിഞ്ഞു എന്നത് ദുബൈയുടെ മാത്രം നേട്ടം. ഇന്ത്യയിൽ നിന്ന് 150 സ്ഥാപനങ്ങളാണ് പങ്കാളികളായത്. ഇന്നവേഷൻ ഉച്ചകോടിയിൽ ഈസ്റ്റേണിെൻറ ജാക്ഫ്രൂട്ട് 365 എന്ന പച്ച ചക്കപ്പൊടിക്ക് മികച്ച ഉൽപന്നത്തിനുള്ള പുരസ്കാരം ലഭിച്ചത് കേരളത്തിനും അഭിമാനമായി.
കോവിഡിനെതിരായ സുരക്ഷയൊരുക്കിയായിരുന്നു ഗൾഫൂഡ് നടന്നത്. ഹാളുകളുടെ മുക്കിലും മൂലയിലും ഹാൻഡ് സാനിറ്റെസറുകൾ സ്ഥാപിച്ചിരുന്നു. ബിസിനസ് കാർഡുകൾക്ക് പകരം ക്യൂ ആർ കോഡുകൾ വ്യാപകമായി. എത്രപേർക്ക് വരെ പ്രവേശിക്കാമെന്നും എത്രപേർ ഉള്ളിലുണ്ടെന്നുമുള്ള വിവരങ്ങൾ സ്ക്രീനിൽ മിന്നിമാഞ്ഞു. എക്സിബിഷൻ ഹാളുകൾ ദിവസവും രാത്രി പത്തിന് അടക്കുകയും സാനിറ്റൈസ് ചെയ്യുകയും പതിവായിരുന്നു. ഗൾഫൂഡ് പ്രവേശന പാസുകൾക്ക് പകരം ഇ മെയിൽ വഴി അയക്കുന്ന സംവിധാനം ഏർപെടുത്തി. പി.സി.ആർ ടെസ്റ്റ് സൗകര്യവും ഹാളിനുള്ളിൽ ഏർപെടുത്തിയിരുന്നു. ലൈവ് കുക്കിങ് സ്റ്റാളുകൾക്കും അവയിലെ മത്സരങ്ങൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 35 പവലിയനുകൾ കുറവായിരുന്നെങ്കിലും സന്ദർശകർക്ക് കുറവുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.