ബദായറിലെ കാഴ്ച്ചകൾ 

മണല്‍ മടക്കുകള്‍ക്കിടയില്‍ ബദായറിൻെറ സ്വര്‍ണ തിളക്കം

ഷാര്‍ജയുടെ സാംസ്കാരിക പൊലിമ അക്ഷരോത്സവങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല. മരുഭൂമിയുടെ സമസ്ത മേഖലകളിലും അതിൻെറ അക്ഷയ തിളക്കം കാണാം. ദുബൈ-ഹത്ത ഹൈവേയില്‍ ഷാര്‍ജക്കൊരു ഉപനഗരമുണ്ട്, അല്‍ മദാം. പീതവര്‍ണത്തില്‍ ആറാടി കിടക്കുന്ന മരുഭൂമിക്കിടയില്‍ ഒറ്റപ്പെട്ട് കിടക്കുന്ന കാര്‍ഷിക-ക്ഷീര മേഖലകളാല്‍ സമ്പന്നമാണ് ഈ പ്രദേശം. കള്ളിച്ചെടികള്‍ക്കിടയിലൂടെ തുള്ളിച്ചാടി നടക്കുന്ന ഒട്ടകങ്ങളും മണല്‍പ്പരപ്പില്‍ മറഞ്ഞുപോയ ഗ്രാമങ്ങളുമുള്ള മേഖലയാണിത്. ഇവിടെ സാഹസിക യാത്രകള്‍ക്കായി നിരവധി പേര്‍ എത്തുന്ന ഒരു ദേശമുണ്ട്, അല്‍ ബദായര്‍. പീതവര്‍ണമാര്‍ന്ന മരുഭൂമിയാണ് ബദായറിൻെറ ഭംഗി ലോകമാകെ എത്തിച്ചത്. താണും ഉയര്‍ന്നും കിടക്കുന്ന മണല്‍പ്പരപ്പിലൂടെ കുതിച്ചോടുന്ന ക്വാഡ് ബൈക്കുകളും ഫോര്‍ വീല്‍ വാഹനങ്ങളും. ഈ കാഴ്ച്ചകള്‍ക്കിടയിലാണ് സാഹസികാനുഭവങ്ങളും പരമ്പരാഗത ആതിഥേയത്വ മര്യാദയും സമ്മേളിക്കുന്ന ആഡംബര വിനോദസഞ്ചാരനുഭവം നൽകുന്ന അൽ ബദായർ ഒയാസിസ്.

ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റി 60 ദശലക്ഷം ദിർഹം ചെലവഴിച്ച് ഒരുക്കിയ അല്‍ ബദായര്‍ അതിമനോഹരമാണ്. നഗരത്തിരക്കിൽ നിന്നും പാതയോരത്തിന്റെ ഇരമ്പലുകളിൽ നിന്നും മാറി ശാന്തമായ അന്തരീക്ഷത്തിൽ നേരം ചെലവിടാൻ പാകത്തിലുള്ള 21 മുറികൾ ഇവിടെയുണ്ട്. കാറ്റുവന്ന് മുറികളുടെ ജാലകങ്ങള്‍ തുറന്നിടുമ്പോള്‍ മരുഭൂമി മുറികളിലേക്ക് കയറിവരും. കാലമേറെ സഞ്ചരിച്ച കഥ പറയും. സൊറ പറഞ്ഞിരിക്കാന്‍ ഗാഫിൻെറ ചോട്ടിലേക്ക് കൊണ്ടുപോകും.

മരുഭൂമിയോട് അലിഞ്ഞു ചേര്‍ന്ന് കിടക്കുന്ന വിധത്തില്‍ പരമ്പരാഗത ഇമാറാത്തി നിർമാണ ശൈലിയിലാണ് അൽ ബദായറിന്റെ നിർമാണം. അന്തരീക്ഷത്തിലൂടെ പിണങ്ങി പോകുന്ന കാറ്റിനെ അകത്തേക്ക് സല്‍ക്കരിച്ച് കൊണ്ടുവരുന്ന ബര്‍ജീല്‍ ഗോപുരങ്ങള്‍ ശ്രദ്ധേയമാണ്. ക്യാംപിങ്ങിനും സാഹസിക പ്രകടനങ്ങൾക്കും പ്രശസ്തമായ അൽ ബദായറിലെ മണൽക്കൂനകൾക്കു നടുവിൽ മരുപ്പച്ചയെന്ന പോലെ നിലകൊള്ളുന്ന ആദ്യ കാഴ്ച്ച തന്നെ സഞ്ചാരികളുടെ മനംകവരാൻ പാകത്തിലുള്ളതാണ്. നഗരത്തിരക്കിൽ നിന്നും പാതയോരത്തിന്റെ ഇരമ്പലുകളിൽ നിന്നും മാറി മരുഭൂമിയുടെ ശാന്തതയിൽ എല്ലാം മറന്നിരിക്കാന്‍ 21 മുറികൾ ഇവിടെയുണ്ട്. ഇതിനു പുറമെ ഒറ്റ കിടപ്പുമുറിയുള്ള ഏഴു ടെന്റുകളും ഇരട്ട കിടപ്പുമുറികളുള്ള മൂന്ന് ടെന്റുകളുമുണ്ട്.

മണൽപ്പരപ്പിന്റെ വിശാലമായ കാഴ്ചയും അനുഭവും ആവോളം ആസ്വദിക്കാൻ പാകത്തിൽ ഒരുക്കിയിട്ടുള്ള മുറികളിൽ എല്ലാം തന്നെ അത്യാഡംബര സൗകര്യങ്ങളുമുണ്ട്. അതിനൂതന സൗകര്യങ്ങളും പരമ്പരാഗത പശ്ചാത്തലവും ഭൂപ്രകൃതിയും ഒരുമിക്കുന്ന യു.എ.ഇയിലെ തന്നെ ആദ്യ വിനോദ കേന്ദ്രങ്ങളിലൊന്നാണ് അൽ ബദായർ ഒയാസിസ്‌.

മുഴുവൻ സമയവും പ്രവർത്തിക്കുന്ന രണ്ടു റസ്റ്ററന്റുകളാണ് അൽ ബദായറിലെത്തുന്ന അതിഥികളെ കാത്തിരിക്കുന്നത്. സ്വദേശ വിഭവങ്ങളും ലോകരുചികളും ഒരുപോലെ വിളന്പുന്ന 'നിസ്‍വ, 'അൽ മദാം' എന്നീ റസ്റ്ററന്റുകളും മരുഭൂ കാഴ്ചകൾ ആസ്വദിച്ചിരിക്കാൻ പാകത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. രുചികേന്ദ്രങ്ങൾക്കു പുറമെ ഇൻഡോർ നീന്തല്‍ കുളം, വ്യായാമ കേന്ദ്രം, ബിസിനസ് സെന്റർ, മീറ്റിങ് റൂമുകൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഡൂൺ ബാഷിങ്, ബഗ്ഗി റൈഡുകൾ, ക്വാഡ് ബൈക്ക്, കുതിര സവാരി, ഒട്ടക സവാരി, ഡെസേർട്ട് സഫാരി, വാനനിരീക്ഷണം, ഫാൽക്കൺ ഷോ, അമ്പെയ്ത്ത് തുടങ്ങി അഥിതികളുടെ താൽപര്യത്തിനനുസരിച്ച് തിരെഞ്ഞെടുക്കാനാവുന്ന ധാരാളം വിനോദാനുഭവങ്ങളും ഒരുക്കിയിട്ടുണ്ട്. 2021 ആവുമ്പോഴേക്കും പത്തു ദശലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കുകയെന്ന ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം വകുപ്പിന്റെ ലക്ഷ്യത്തിനു പൂര്‍ണ പിന്തുണയാണ് ഈ സൈകത സങ്കേതം നല്‍കി കൊണ്ടിരിക്കുന്നത്.

മരുഭൂമിയുടെ മനസറിഞ്ഞുല്ലസിക്കുവാനും വാഹന കസര്‍ത്ത് നടത്തുവാനും എത്തുന്നവര്‍ക്ക് പുറമെ, ബദായറിൻെറ പ്രകൃതി സൗന്ദര്യം ആസ്വദിക്കുവാനും നിരവധി പേര്‍ ഇവിടെ എത്തുന്നു. ദുബൈ സബ്ക്കയില്‍ നിന്ന് ഹത്തയിലേക്ക് പോകുന്ന 16ാം നമ്പര്‍ ബസ് ഇതുവഴിയാണ് പോകുന്നത്, ബദായറില്‍ ബസിന് സ്റ്റോപുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.