ഷാര്‍ജ നാഷനല്‍ റൗണ്ട് എബൗട്ടില്‍ നിന്ന് ഫുജൈറ വരെ ചെന്നെത്തുന്ന പാതയിലൂടെ സഞ്ചരിച്ചാല്‍ സ്വര്‍ണ മണല്‍ പായയില്‍ ചരിത്രം ഉറങ്ങുന്ന മലീഹയില്‍ എത്താം. പൗരാണികതയുടെ സുഗന്ധമുള്ള കാറ്റ് സഞ്ചാരികളെ വരവേല്‍ക്കാനെത്തും. വേലിക്കപ്പുറത്ത് ഒട്ടകങ്ങള്‍ നില്ക്കുന്നുണ്ടാകും. ഒന്നര ലക്ഷം വർഷം മുൻപേ മനുഷ്യൻ ജീവിച്ച ഭൂമിയാണിത്. നിരവധി ഉദ്ഖനനങ്ങളിലൂടെയാണ് പുരാവസ്തു വകുപ്പ് മലീഹയുടെ ജനവാസ ചരിത്രം കുറിച്ചിട്ടത്. മണ്ണിനടിയില്‍ പുതഞ്ഞു കിടന്ന കോട്ടകളും പാര്‍പ്പിട മേഖലകളും ശ്മാശനങ്ങളും കാര്‍ഷിക ഭൂമികളും ഉദ്ഖനനത്തില്‍ തെളിഞ്ഞുവന്നു. പലകാലങ്ങളിലായി വിവിധ സംസ്കാരങ്ങള്‍ മലീഹയില്‍ വസിക്കുകയും ചരിത്രങ്ങള്‍ രചിക്കുകയും ചെയ്തു. കാറ്റും മണ്ണും കൂടി കലര്‍ന്ന് മലകളായി മാറിയ ജൈവീകത ആവോളമുണ്ട് ആസ്വദിക്കാന്‍. കഥകള്‍ പറഞ്ഞ് തുടങ്ങിയാല്‍ നിറുത്താനാവില്ല മലീഹയിലെ മലകൾക്കും മരുഭൂമികൾക്കും സംസ്കാരങ്ങൾ ഉദിച്ചുയരുകയും അസ്തമിച്ചൊടുങ്ങുകയും ചെയ്ത ചരിത്രങ്ങൾ, ആ ചരിത്രകഥകളുടെ ശേഷിപ്പുകൾ നിറയെ കാണാം മലീഹയിൽ.
സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശങ്ങളിലൂടെ വികസിച്ച മലീഹ, ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന വിനോദ മേഖലയാണ്. അറിവും വിനോദവും സാഹസികതയും എല്ലാം നൽകി വരവേല്‍ക്കുന്ന ഇടം. സാഹസികത, ചരിത്രാന്വേഷണം സഞ്ചാരം തുടങ്ങി വിവിധ മേഖലകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് എല്ലാം ഇവിടേക്ക് വരാം. കാഴ്ചയുടെയും അനുഭവങ്ങളുടെയും അക്ഷയ ഖനിയാണ് മലീഹ കാത്തുവച്ചിരിക്കുന്നത്.
ഷാർജ നഗരത്തിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് മലീഹയെന്ന പൗരാണിക ഭൂമി. ഷാര്‍ജ മലീഹ ഹൈവേ ഈ സൈകത ഭൂമിയിലൂടെയാണ് കടന്ന് പോകുന്നത്. തലമുറകളുടെ ശേഷിപ്പുകൾ ഈ മരുഭൂമിയിലും മലയിടുക്കുകളിലും നിറയെ ഉണ്ട്. 1.35 ലക്ഷം വർഷം മുൻപ് മലീഹയിൽ മനുഷ്യവാസം ഉണ്ടായിരുന്നു എന്നതിെൻറ തെളിവുകൾ ആരെയും വിസ്മയിപ്പിക്കും.
അക്കാലത്തെ മനുഷ്യർ ഉപയോഗിച്ചിരുന്ന ആയുധങ്ങൾ മലീഹ ആർക്കിയോളജിക്കൽ സെൻററിൽ കാണാം. ആദിമ മനുഷ്യസമൂഹം ജീവിച്ച ഗുഹകളും പാറക്കെട്ടുകളും ഇന്നും മലീഹയിലുണ്ട്. അന്ന് വരണ്ടുണങ്ങിയ മരുഭൂമിയായിരുന്നില്ല മലീഹ. ജലസമൃദ്ധമായിരുന്ന മലീഹയിലാണ് ആദിമ മനുഷ്യനും വേരു പിടിച്ചത്. കാലം മലീഹയെ മരുഭൂമിയാക്കിയെങ്കിലും പഴയ കാലത്തിെൻറ ഓർമകളിൽ തളിർത്തു നിൽക്കുന്ന പച്ചപ്പുകളുണ്ട് ഈ മരുഭൂമിയിൽ. ഫലജ് ജലസേജന പദ്ധതികളുടെ ശേഷിപ്പുകള്‍ കാലം കാത്തുവെച്ചിട്ടുണ്ട്.
പതിനായിരം വർഷം മുമ്പ് ജീവിച്ച ജനസമൂഹത്തിെൻറ തെളിവുകളും മലീഹയിലുണ്ട്. എ.ഡി 350 വരെ മലീഹയിൽ മനുഷ്യവാസമുണ്ടായിരുന്നു. അക്കാലത്തെ കൊട്ടാരവും കോട്ടയും കല്ലറകളും ഇന്ന് ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നുണ്ട്. ഒപ്പം പഴയകാലത്തെ ശവക്കല്ലറകളും. മലീഹയിൽ നിന്ന് കണ്ടെടുത്ത പല കാലഘട്ടങ്ങളിലെ ചരിത്രശേഷിപ്പുകളുടെ കാഴ്ചകളുണ്ട് ആർക്കിയോളജിക്കൽ സെൻററിൽ. പാലിയോലിത്തിക് കാലഘട്ടം മുതൽ പ്രീ ഇസ്ലാമിക് കാലഘട്ടം വരെയുള്ള ശേഷിപ്പുകളാണ് ഇവിടെ സംരക്ഷിച്ചിട്ടുള്ളത്. സ്വര്‍ണ വര്‍ണമണിഞ്ഞ മരുഭൂമിക്ക് നടുവിൽ ഉയർന്നു നിൽക്കുന്ന ഫോസിൽ റോക്ക് എന്ന വിസ്മയം ശ്രദ്ധേയമാണ്. ഒരുകാലത്ത് ഈ ഭൂവിഭാഗം കടലായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന കടൽജീവികളുടെ ഫോസിലുകളാണ് ഈ പാറ നിറയെ.
ഇനിയുള്ളത് കാമൽ റോക്ക് ആണ്. മരുഭൂമിക്ക് നടുവിൽ ഒരു ഒട്ടകം വിശ്രമിക്കുന്നതാണെന്ന് തോന്നും ആദ്യകാഴ്ചയിൽ കാമൽ റോക്ക്. മലീഹയിലെ ഏറ്റവും വലിയ മണൽക്കുന്നായ ജബൽ ഫയയിലേക്ക് വാഹനം ഓടിച്ചു കയറ്റി സാഹസികതയെ അതിെൻറ പൂർണതയിൽ ആസ്വദിക്കുകയുമാകാം. ഒപ്പം ഒരിക്കലും മറക്കാത്ത സൂര്യസ്തമയവും നുകരാം. കുതിര സവാരി പഠിക്കാനും മരുഭൂമിയിൽ അസ്തമയ സൗന്ദര്യം ആസ്വദിക്കാനും അവസരമൊരുക്കി സന്ദർശകരെ മലീഹ വരവേൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.