അബൂദബി: കടുത്ത വേനൽചൂടിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷ കണക്കിലെടുത്ത് യു.എ.ഇയിൽ ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചവിശ്രമ സമയ നിയമം നടപ്പാക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. ഉച്ചക്ക് 12.30 മുതൽ വൈകുന്നേരം മൂന്നു വരെയാണ് ഉച്ച വിശ്രമ സമയം. ഈ സമയത്ത് തൊഴിലാളികളെ വെയിലത്ത് ജോലി ചെയ്യിക്കുന്നത് കുറ്റകരമാണ്.
ഉച്ച വിശ്രമ കാലയളവിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തൊഴിലുടമയാണ്. തൊഴിലാളികൾക്ക് വിശ്രമിക്കാൻ ജോലി സ്ഥലത്ത് തണലുള്ള സ്ഥലം നൽകണം. ഈ സ്ഥലത്ത് കോവിഡ് സുരക്ഷ മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിക്കണം. കുടിവെള്ളവും ഉറപ്പാക്കണം. ഈ കാലയളവിൽ ദിവസേനയുള്ള പ്രവൃത്തി സമയം എട്ടു മണിക്കൂറിൽ കവിയരുത്.
തീരുമാനങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ വൻ പിഴ ചുമത്തും. ഓരോ തൊഴിലാളിക്കും 5,000 ദിർഹംവീതം എന്നനിലയിൽ പിഴ ഈടാക്കും. ഒന്നിലധികം തൊഴിലാളികൾ ജോലിചെയ്യുന്ന സാഹചര്യത്തിൽ 50,000 ദിർഹം പിഴ ചുമത്തും. നിയമ ലംഘനത്തിെൻറ തീവ്രത അടിസ്ഥാനമാക്കിയാണ് പിഴ ഈടാക്കുക. നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് 80060 എന്ന ടോൾ ഫ്രീ നമ്പറിൽ മന്ത്രാലയത്തിൽ അറിയിക്കാം. കോൾ സെൻററിൽ നാല് ഭാഷകളിൽ എല്ലാ സമയത്തും കോളുകൾ സ്വീകരിക്കും. നിയമലംഘനം സംബന്ധിച്ച വിവരങ്ങൾ മന്ത്രാലയത്തിെൻറ ശ്രദ്ധയിൽപെടുത്താൻ ജീവനക്കാരും ശ്രദ്ധിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
സൂര്യാതപമേറ്റ് തൊഴിൽ ചെയ്യുന്നവരെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നടപടികൾ. സർക്കാർ, സ്വകാര്യ ഏജൻസികളുമായും സ്ഥാപനങ്ങളുമായും സഹകരിച്ച് സൂര്യാതപ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധവും മാർഗനിർദേശങ്ങളും കർശനമായി നടപ്പാക്കും. അറബിക്കു പുറമെ തൊഴിലാളികൾക്ക് മനസ്സിലാകുന്ന ഭാഷയിൽ ദൈനംദിന ജോലി സമയത്തിെൻറ ഷെഡ്യൂൾ ജോലിസ്ഥലത്തെ പ്രധാന ഭാഗത്ത് എല്ലാവരും കാണുംവിധം പ്രദർശിപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.