ദുബൈ: വേനൽ ചൂട് കടുത്തതോടെ തുറസ്സായ സ്ഥലങ്ങളിൽ പകൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിശ്രമ സമയത്തിൽ പുതിയ ക്രമീകരണം വരുത്തി മാനവ വിഭവ ശേഷി മന്ത്രാലയം. ഈ മാസം 15 മുതൽ പുതിയ നിയമം നിലവിൽ വരും. 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്നുമാസത്തേക്കാണ് യു.എ.ഇയിൽ നിർബന്ധ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാലളവിൽ ഉച്ചക്ക് 12.30 മുതൽ വൈകിട്ട് മൂന്നു മണിവരെ തുറസ്സായ സ്ഥലങ്ങളിലും വെയിലത്തും തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ പാടില്ല.
ഈ സമയത്ത് തൊഴിലാളികൾക്ക് വിശ്രമിക്കാനുള്ള സൗകര്യവും കമ്പനികൾ ഒരുക്കണം. അടിയന്തര സ്വഭാവമുള്ള ജോലികൾക്ക് മാത്രമാണ് ഇക്കാര്യത്തിൽ ഇളവുണ്ടാവുക. വെള്ളം, വൈദ്യുതി വിതരണം, ഗതാഗത പ്രശ്നങ്ങളുടെ പരിഹാരം, മാറ്റിവെക്കാൻ കഴിയാത്ത മറ്റു ജോലികൾ എന്നിവക്കാണ് ഇളവ് ലഭിക്കുക.
മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഉച്ചസമയത്ത് തൊഴിലാളികളെ ജോലിക്ക് നിയോഗിക്കരുത്. മൊത്തം ജോലിസമയം ദിവസം എട്ട് മണിക്കൂറിൽ കൂടരുതെന്ന് തൊഴിൽമന്ത്രാലയം നിഷ്കർഷിക്കുന്നു.
ഉച്ചവിശ്രമ നിയമം ലംഘിക്കുന്നവർക്ക് ഒരു തൊഴിലാളിക്ക് അയ്യായിരം ദിർഹം എന്ന നിരക്കിൽ അമ്പതിനായിരം ദിർഹം വരെ പിഴ ലഭിക്കും. സ്ഥാപനങ്ങളെ തരം താഴ്ത്തുകയും ചെയ്യും. നിയമലംഘനങ്ങൾ 600590000 എന്ന നമ്പറിലോ, തൊഴിൽ മന്ത്രാലയത്തിന്റെ ആപ്പ് വഴിയോ റിപ്പോർട്ട് ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്. തുടർച്ചയായി 19 വർഷമാണ് യു.എ.ഇയിൽ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.