ഇതുവരെ നായകെൻറ തൊപ്പിയണിയാത്ത ലോകേഷ് രാഹുൽ മുതൽ തഴക്കവും പഴക്കവും ചെന്ന എം.എസ്. ധോണി വരെ നീളുന്നതാണ് ഈ സീസണിലെ ഐ.പി.എൽ നായകന്മാരുടെ പട്ടിക. ക്രിക്കറ്റിൽ നായകന്മാർക്കുള്ള പങ്ക് ചെറുതല്ല. പ്രത്യേകിച്ച് ട്വൻറി20 മത്സരത്തിൽ. അതിവേഗ ക്രിക്കറ്റിൽ അതിനേക്കാൾ വേഗത്തിൽ തീരുമാനങ്ങളും ഉണ്ടാവണം. ഈ സീസണിലെ എട്ട് നായകന്മാരിൽ ആറുപേരും ഇന്ത്യക്കാരാണ്. ഓസീസിെൻറ സ്റ്റീവ് സ്മിത്തും ന്യൂസിലൻഡിെൻറ കെയ്ൻ വില്യംസണുമാണ് വിദേശ ഇറക്കുമതികൾ.
ശ്രേയസ് അയ്യർ (ഡൽഹി കാപിറ്റൽസ്):
എം.എസ്. ധോണി (ചെന്നൈ സൂപ്പർ കിങ്സ്)
ചെന്നൈ സൂപ്പർ കിങ്സിെൻറ 'തല'യാണ് ധോണി. തമിഴ്നാട്ടുകാർ ആരാധനയോടെയാണ് അദ്ദേഹത്തെ 'തല' എന്ന് വിളിക്കുന്നതെങ്കിലും ഇത്രയേറെ തലയുള്ള വേറൊരു ക്രിക്കറ്റർ ഈ സീസണിൽ വേറെയില്ല. മിന്നൽ സ്റ്റമ്പിങ്ങുമായി വിക്കറ്റിന് പിന്നിലും ഡി.ആർ.എസ് തീരുമാനങ്ങളുമായി അമ്പയർക്ക് മുന്നിലും തെൻറ നേതൃപാടവം കാഴ്ചവെച്ച ധോണിയാണ് ഇതുവരെയുള്ള ഐ.പി.എല്ലിലെ സൂപ്പർ നായകൻ. 174 മത്സരങ്ങളിൽ നായകെൻറ തൊപ്പിയണിഞ്ഞ ധോണി 104ലും ടീമിനെ വിജയത്തിലെത്തിച്ചു. വാതുവെപ്പ് വിവാദത്തെ തുടർന്ന് ചെന്നൈ ടീമിന് വിലക്ക് വീണ സമയത്ത് പുണെയിലായിരുന്നു ധോണിയുടെ സ്ഥാനം.
രോഹിത് ശർമ (മുംബൈ ഇന്ത്യൻസ്)
ഐ.പി.എൽ നായകൻമാരിൽ ധോണിക്കൊപ്പം ചേർത്തുവെക്കാവുന്ന ഒരേയൊരു പേരാണ് രോഹിത് ശർമ.തൊട്ടതെല്ലാം പൊന്നാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ഐ.പി.എൽ കിരീടം നേടിയ നായകനാണ്.ഇക്കുറിയും ഏറ്റവുമധികം പ്രതീക്ഷ കൽപിക്കപ്പെടുന്ന ടീമും രോഹിതിെൻറ മുബൈയാണ്. 104 മത്സരങ്ങളിൽ രോഹിത് നായകനായപ്പോൾ 60ലും വിജയം കണ്ടു. 42 തോൽവിയും രണ്ട് സമനിലയും. വിജയശതമാനം 58.65. കഴിഞ്ഞ സീസണിൽ ചെന്നൈയെ തകർത്ത് കിരീടം നേടിയ വീര്യവുമായാണ് രോഹിതിെൻറയും മുംബൈയുടെയും വരവ്.
വിരാട് കോഹ്ലി (ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്)
ഇന്ത്യൻ ജഴ്സിയിൽ കിരീടങ്ങൾ പലതും നേടിയെങ്കിലും വിരാട് കോഹ്ലിക്കിപ്പോഴും കിട്ടാക്കനിയാണ് ഐ.പി.എൽ കിരീടം. ലീഗിലെ ഏറ്റവും മോശം നായകൻ എന്ന പഴി പലകുറി കേട്ടിട്ടുണ്ട്. ഏറ്റവും മികച്ച ടീമുണ്ടായിട്ടും തോൽവിയുടെ പരമ്പരയായിരുന്നു കോഹ്ലിയുടെ ബാംഗ്ലൂർ ടീമിനെ കാത്തിരുന്നത്. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ടീം എട്ട് കളികളിലും പൊട്ടി അവസാന സ്ഥാനത്തായി. ഇതുവരെ 110 മത്സരങ്ങളിലാണ് കോഹ്ലി നായകെൻറ കുപ്പായമിട്ടത്. 49 വിജയവും 55 തോൽവിയും രണ്ട് സമനിലയും. ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമിെൻറ ദുരവസ്ഥ ഇക്കുറിയെങ്കിലും മാറുമെന്ന പ്രതീക്ഷയിലാണ് ഫാൻസ്.
ദിനേശ് കാർത്തിക് (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്)
ശരാശരി നായകനാണ് ദിനേശ് കാർത്തിക്. കണക്കിലും അത് കാണാം. 22 മത്സരങ്ങളിൽ 11 വീതം ജയവും തോൽവിയും. കഴിഞ്ഞ സീസണിൽ പ്രകടനം അത്ര മെച്ചമായില്ല. േപ്ല ഓഫിലേക്ക് യോഗ്യത നേടുമെന്ന് കരുതിയിരുന്നെങ്കിലും അവസാന നിമിഷം പുറന്തള്ളപ്പെട്ടു. നിർണായക ഘട്ടത്തിൽ ഒറ്റക്ക് മത്സരം ഏറ്റെടുത്ത് വിജയിപ്പിക്കാനുള്ള കരുത്തുള്ള നായകൻമാരുടെ പട്ടികയിൽ കാർത്തിക് ഉണ്ടാവില്ല. അഞ്ചോ ആറോ സ്ഥാനങ്ങളിലാണ് ബാറ്റിങ്ങിനിറങ്ങുന്നത് എന്നതിനാൽ തന്നെ റൺവേട്ടയുടെ കാര്യത്തിലും പിന്നിലാണ്. വിക്കറ്റിന് പിന്നിൽ നിന്ന് ടീമിന് ആത്മവിശ്വാസമേകുന്ന നായകൻ കൂടിയാണ് .
സ്റ്റീവ് സ്മിത്ത് (രാജസ്ഥാൻ റോയൽസ്)
ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള നായകൻ (68.00). കളിച്ച 25 മത്സരത്തിൽ 17ലും വിജയം. എട്ട് തോൽവി. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഓസ്ട്രേലിയൻ ടീമിെൻറ നായക പദവി നഷ്ടമായെങ്കിലും ഐ.പി.എല്ലിലൂടെ വൻ തിരിച്ചുവരവാണ് സ്മിത്ത് നടത്തിയത്. പക്ഷേ, കഴിഞ്ഞ സീസണിൽ ടീമിെൻറ പ്രകടനം അത്ര മെച്ചമായിരുന്നില്ല. 14ൽ അഞ്ചെണ്ണത്തിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. മുന്നിൽ നിന്ന് നയിക്കാൻ കഴിവുള്ള നായകനായാണ് സ്മിത്ത് അറിയപ്പെടുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ ടീമിനെ ഒറ്റക്ക് വിജയിപ്പിക്കാനുള്ള കഴിവുമുണ്ട്.
ലോകേഷ് രാഹുൽ (കിങ്സ് ഇലവൻ പഞ്ചാബ്)
നായകനാവാൻ ആളെ കിട്ടാത്ത ടീമാണ് കിങ്സ് ഇലവൻ പഞ്ചാബ്. സീനിയേഴ്സിനെ നോക്കിയാൽ ക്രിസ് ഗെയിലും െഗ്ലൻ മാക്സ്വെല്ലുമാണുള്ളത്. ഇവരേക്കാൾ ഭേദം എന്ന നിലയിലാണ് രാഹുലിന് നായക പദവി നൽകിയിരിക്കുന്നത്. ഇതുവരെ ഒരു ഐ.പി.എൽ മത്സരത്തിൽ പോലും ടീമിനെ നയിച്ച് പരിചയമില്ല. ഇത് രാഹുലിന് പരീക്ഷണ കാലമാണ്. വർഷങ്ങളായി പഞ്ചാബ് ടീമിെൻറ അവസ്ഥ ഇതുതന്നെയാണ്. പല നായകരെയും മാറി പരീക്ഷിച്ചെങ്കിലും കാര്യമായ ഫലം കണ്ടിട്ടില്ല. നായകന് വേണ്ടിയുള്ള ഓട്ടത്തിന് രാഹുൽ പരിഹാരമാകുമോ എന്ന് ഈ സീസൺ തെളിയിക്കും.
ഡേവിഡ് വാർണർ (സൺറൈസേഴ്സ് ഹൈദരാബാദ്)
ബാറ്റ് കൊണ്ടും ബുദ്ധികൊണ്ടും ഹൈദരാബാദിനെ മുന്നിൽ നിന്ന് നയിക്കുന്നവൻ. ഏറ്റവും സൂക്ഷിക്കേണ്ട ഓപണർ.2016ലാണ് വാർണർ ആദ്യമായി ഹൈദരാബാദിെൻറ കാപ്റ്റൻസി ഏറ്റെടുക്കുന്നത്. ഈ സീസണിൽ 848 റൺസും 151.42 സ്ട്രൈക്ക് റേറ്റുമായി റൺവേട്ടക്കാരിൽ രണ്ടാമനായപ്പോൾ ഹൈദരാബാദ് ടീം ആദ്യമായി കിരീടം ചൂടി. 2017ലും റൺവേട്ട തുടർന്നെങ്കിലും പന്തുചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്കിലായി അടുത്ത സീസൺ നഷ്ടപ്പെട്ടു. കഴിഞ്ഞ സീസണിൽ 692 റൺസുമായി തിരിച്ചുവരവ് ഗംഭീരമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.