അബൂദബി: ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അബൂദബിയിലെത്തി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ ചരിത്രപരമായി നിലനിൽക്കുന്ന ബന്ധം കൂടുതൽ ശക്തമാക്കുന്നതായിരുന്നു കൂടിക്കാഴ്ചയെന്ന് ഔദ്യോഗിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ബഹ്റൈൻ രാജാവിന്റെ അബൂദബിയിലുള്ള വസതിയിലെത്തിയാണ് യു.എ.ഇ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തിയത്.
അബൂദബി രാജകുടുംബാംഗവും പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സഹോദരനുമായ ശൈഖ് സഈദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തിൽ ബഹ്റൈൻ രാജാവ് അനുശോചനം രേഖപ്പെടുത്തി. ശൈഖ് സഈദിനും കുടുംബത്തിനുമായി രാജാവ് പ്രാർഥന നടത്തി. ചർച്ചയിൽ ബഹ്റൈൻ, യു.എ.ഇ ജനതകളുടെ ഉന്നമനത്തിനായി കൈകോർത്ത് പ്രവർത്തിക്കുന്നത് സംബന്ധിച്ച് ഇരുനേതാക്കളും ധാരണയായി.
ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ആൽ നഹ്യാൻ, പ്രസിഡന്റിന്റെ ഉപദേശകൻ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ആൽ നഹ്യാൻ, ബഹ്റൈൻ രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, ബഹ്റൈൻ സുപ്രീം കൗൺസിൽ ഡെപ്യൂട്ടി പ്രസിഡന്റ് ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ തുടങ്ങിയവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.