ദുബൈ: കോവിഡ് മഹാമാരിയിൽനിന്ന് പൊതുജനാരോഗ്യം സംരക്ഷിക്കപ്പെടുന്നതിന് രാജ്യവ്യാപകമായി ആരംഭിച്ച വാക്സിൻ ഡ്രൈവിന് മികച്ച പ്രതികരണം. നൂറുകണക്കിന് വിതരണ കേന്ദ്രങ്ങൾ തുടങ്ങി ഏഴ് എമിറേറ്റുകളിലുമായി മുന്നേറുന്ന കോവിഡ് വാക്സിൻ ദിവസവും സ്വീകരിക്കുന്നത് അരലക്ഷത്തിലേറെ പേർ.
കോവിഡ് വ്യാപനം കഴിഞ്ഞ നാലു ദിവസമായി ഏറ്റവും ഉയർന്ന നിലയിലേക്കെത്തിയ സാഹചര്യത്തിൽ വാക്സിൻ സ്വീകരിക്കാനും പ്രതിരോധ മാർഗങ്ങൾ ഉറപ്പുവരുത്തുന്നതിനുമായി പതിനായിരങ്ങളാണ് വാക്സിൻ കേന്ദ്രങ്ങളിലെത്തുന്നത്. സിനോഫോം വാക്സിനാണ് വിതരണ കേന്ദ്രങ്ങളിലൂടെ നൽകുന്നത്.
രാജ്യത്തെ ഏഴ് എമിറേറ്റുകളിലായി ശനിയാഴ്ച വാക്സിൻ സ്വീകരിച്ചത് 78,793 പേരാണ്. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കാണിത്. തുടർദിവസങ്ങളിലെ എണ്ണം ലഭ്യമായിട്ടില്ല. മന്ത്രാലയം സൂചിപ്പിച്ച കണക്കുകൾ പ്രകാരം രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ഇതിനകം 10 ലക്ഷം പിന്നിട്ടു. രാജ്യത്തുടനീളമുള്ള കേന്ദ്രങ്ങളിൽ നിന്നായി 10,20,349 പേരാണ് ഇതിനകം കോവിഡ് വാക്സിൻ സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. പുതിയ കണക്കുകൾ വരാനിരിക്കുന്നതേയുള്ളൂ.
യു.എ.ഇയിലെ പൗരന്മാർക്കും താമസക്കാർക്കും തീർത്തും സൗജന്യമായാണ് വാക്സിൻ വിതരണം നടത്തുന്നത്. മുൻകൂട്ടിയുള്ള ബുക്കിങ്ങോ അറിയിപ്പോ ഇല്ലാതെ തന്നെ ആർക്കും കേന്ദ്രങ്ങളിലെത്തി വാക്സിൻ സ്വീകരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയത്. കോവിഡിനെതിരായ പ്രതിരോധത്തിെൻറ രണ്ടാം ഘട്ടമെന്നോണമാണ് രാജ്യത്ത് സൗജന്യ വാക്സിൻ ഡ്രൈവിന് തുടക്കം കുറിച്ചിരിക്കുന്നത്.
രാജ്യത്തെ എല്ലാ എമിറേറ്റുകളിലും വാക്സിൻ വിതരണത്തിന് സജ്ജമാക്കിയ ആരോഗ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ, ക്ലിനിക്കുകൾ എന്നിവയുടെ സമഗ്ര വിവരം മന്ത്രാലയം പുറത്തുവിട്ടു. മന്ത്രാലയം നിർദേശിച്ച സ്വകാര്യ ആശുപത്രികൾ വഴിയും വാക്സിൻ സ്വീകരിക്കാം. വാക്സിൻ സ്വീകരിക്കാനെത്തുന്നവർ എമിറേറ്റ്സ് ഐഡി കരുതണം. അബൂദബിയിൽ മാത്രം 97 വിതരണ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. ദുബൈയിൽ നേരേത്ത പ്രഖ്യാപിച്ചതിനു പുറമെ വെള്ളിയാഴ്ച കൂടുതൽ കേന്ദ്രങ്ങൾ തുറന്നു. ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, ഫുജൈറ എമിറേറ്റുകളിലെ വാക്സിൻ വിതരണ കേന്ദ്രങ്ങളുടെ വിവരങ്ങളും നേരേത്ത തന്നെ പുറത്തിവിട്ടിരുന്നു.
ദേശീയ ദുരന്തനിവാരണ സമിതിയും കോവിഡ് -19 കമാൻഡ് ആൻഡ് കൺട്രോൾ സെൻററുമായി സഹകരിച്ച് ദുബൈ ഹെൽത്ത് അതോറിറ്റി (ഡി.എച്ച്.എ) ദുബൈയിൽ നടപ്പാക്കുന്ന ഫൈസർ-ബയോ എൻടെക് വാക്സിൻ കാമ്പയിനും തുടരുന്നുണ്ട്. കാമ്പയിനിെൻറ ഒന്നാം ഘട്ടമാണ് പുരോഗമിക്കുന്നത്. 60ഉം അതിൽ കൂടുതലും പ്രായമുള്ള ഇമാറാത്തി സമൂഹത്തിലെ മുതിർന്ന പൗരന്മാർ, വിട്ടുമാറാത്ത രോഗങ്ങളാൽ വലയുന്നവർ, നിശ്ചയദാർഢ്യ വിഭാഗത്തിൽ പെടുന്നവർ എന്നിവരാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്നത്. രണ്ടാമത്തെ വിഭാഗത്തിൽ പൊതു-സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന മുൻനിരക്കാർ ഉൾപ്പെടുന്നു.
മൂന്നാമത്തെ വിഭാഗത്തിൽ സുപ്രധാന മേഖലയിലെ തൊഴിലാളികളും നാലാം വിഭാഗത്തിൽ പ്രതിരോധ കുത്തിവെപ്പ് നടത്താൻ ആഗ്രഹിക്കുന്ന പൊതുജനങ്ങളും ഉൾപ്പെടുന്നു. നാലാമത്തെ വിഭാഗത്തിൽ പ്രവാസികൾക്കും സൗജന്യമായി വാക്സിൻ സ്വീകരിക്കാം. ഘട്ടങ്ങൾക്കും മുൻഗണനകൾക്കും അനുസരിച്ച് ഓരോ വാക്സിനേഷൻ വിഭാഗത്തിനും നിർദിഷ്ട നമ്പറുകൾ നൽകുമെന്നും ഡി.എച്ച്.എ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.