ഷാർജ: എമിറേറ്റിലെ എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളുടെയും മേൽനോട്ടം വഹിക്കാൻ പുതിയ കമ്മിറ്റി രൂപവത്കരിച്ചു. ഷാർജയുടെ അടിസ്ഥാന സൗകര്യ വികസനം അതിവേഗത്തിലാവുകയും സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെയുള്ള ബിസിനസുകൾക്കായി പുതിയ ക്ലസ്റ്ററുകൾ രൂപപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമിതി രൂപവത്കരിക്കപ്പെടുന്നത്. അതോടൊപ്പം എമിറേറ്റിലെ പ്രോപ്പർട്ടി മേഖല വിപുലീകരിക്കപ്പെടുന്നത് തുടരുകയും ചെയ്യുന്നുണ്ട്. മെയിൻ ലാൻഡ്, ഫ്രീ സോണുകൾ എന്നിവ ഉൾപ്പെടുന്ന എല്ലാ മേഖലകളിലും കൂടുതൽ സാമ്പത്തിക വികസനത്തിനായി പുതിയ നയങ്ങൾ ഉന്നതസമിതി രൂപപ്പെടുത്തും. ഇത് സർക്കാർ സ്ഥാപനങ്ങൾ തമ്മിൽ സംയോജനം ഉറപ്പാക്കാൻ മെച്ചപ്പെട്ട സഹകരണവും രൂപപ്പെടുത്തും.
പ്രകൃതി ദുരന്തങ്ങൾക്ക് ഇരയാകുന്നവർക്ക് നഷ്ടപരിഹാരത്തിന് പുതിയ നിയമവും ഷാർജ രൂപപ്പെടുത്തിയിട്ടുണ്ട്. ദുരന്തബാധിതൻ യു.എ.ഇ പൗരനായിരിക്കണം, നഷ്ടമുണ്ടാകുമ്പോൾ താമസ സ്ഥലത്ത് സ്ഥിരമായുള്ള ആളായിരിക്കണം, ആവശ്യമായ രേഖകൾ സമർപ്പിക്കണം തുടങ്ങിയ മാനദണ്ഡങ്ങളാണ് നിയമത്തിൽ നഷ്ടപരിഹാരത്തിന് നിശ്ചയിച്ചിട്ടുള്ളത്. സാമ്പത്തിക വളർച്ചക്കുള്ള ഉന്നതസമിതിയുടെ അധ്യക്ഷൻ ഗവൺമെന്റ് റിലേഷൻസ് വകുപ്പ് ചെയർമാൻ ശൈഖ് ഫഹീം ബിൻ സുൽത്താൻ അൽ ഖാസിമിയാണ്. ഹംരിയ ഫ്രീ സോൺ അതോറിറ്റിയുടെ ഡയറക്ടറും ഷാർജ എയർപോർട്ട് ഇന്റർനാഷനൽ ഫ്രീ സോൺ അതോറിറ്റിയുടെ ഡയറക്ടറുമായ സഊദ് സാലിം അൽ മസ്റൂയി, ഷാർജ ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ഓഫിസ് എക്സി. ഡയറക്ടർ മുഹമ്മദ് ജുമാ അൽ മുഷാറഖ്, ഷാർജ ഫിനാൻസ് ഡിപ്പാർട്മെന്റിലെ ഫിനാൻഷ്യൽ പോളിസി ഓഫിസ് ഡയറക്ടർ ഇമാദ് മുഹമ്മദ് അൽ അജൂസ് എന്നിവർ സമിതിയിൽ അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.