അബൂദബി: ശൈഖ് സായിദ് പള്ളിയിൽ മനോഹരമായ ബഹുശാഖ ദീപങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയായി. ഒന്നരമാസം നീണ്ട അറ്റകുറ്റപ്പണി വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും നടന്നു. 45 പേർ 12 മണിക്കൂർ ജോലി ചെയ്താണ് ഏഴ് വിശിഷ്ട ബഹുശാഖ ദീപങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തീകരിച്ചത്.
പള്ളി സന്ദർശിക്കുന്നവരെ ഏറ്റവുമധികം ആകർഷിക്കുന്ന ദീപങ്ങളുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നൽകിയായിരുന്നു അറ്റകുറ്റപ്പണികളെന്ന് ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സെൻറർ ഡയറക്ടർ സാലം അൽ സുവൈദി പറഞ്ഞു. സന്ദർശകരെ ഏറ്റവുമധികം ആകർഷിക്കുന്ന ഈ പള്ളിയുടെ രൂപകൽപനയിൽ പ്രധാന ഘടകമാണ് ബഹുശാഖ ദീപങ്ങൾ. താഴെ വിരിച്ചിരിക്കുന്ന, കൈകൊണ്ട് തുന്നിയുണ്ടാക്കിയ പരവതാനിയിലും ദീപങ്ങളുടെ ഭംഗി പ്രതിഫലിക്കുന്നു. പള്ളിയിലെ പ്രധാന പ്രാർഥനാ ഹാളിലാണ് സ്ഥാപിച്ചിരിക്കുന്നത്. 15.5 മീറ്റർ ഉയരവും 10 മീറ്റർ വ്യാസവും 12 ടൺ ഭാരവുമുണ്ട്. 15,500 എൽ.ഇ.ഡി ലൈറ്റുകൾ ഇതിൽ ഉൾപ്പെടുന്നു.
ഒന്നര മാസത്തെ അറ്റകുറ്റപ്പണികളിൽ എൻജിനീയർമാർക്കുപുറമെ പ്രോജക്ട് മാനേജർ, സൈറ്റ് സൂപ്പർവൈസർ, സാങ്കേതിക വിദഗ്ധർ, ആരോഗ്യ സുരക്ഷ സൂപ്പർവൈസർമാർ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.