ദുബൈ: ദുബൈ ക്രീക്കിന്റെ അടിത്തട്ടിൽ ഉപേക്ഷിക്കപ്പെട്ട ഒമ്പത് മരബോട്ടുകളുടെയും ചരക്ക് വെസ്സലുകളുടെയും അവശിഷ്ടങ്ങൾ ദുബൈ മുനിസിപ്പാലിറ്റി നീക്കം ചെയ്തു. ഒമ്പത് ബോട്ടുകളിലായി 820 ടൺ മാലിന്യമാണ് പുറത്തെടുത്ത്. ദുബൈയിലുടനീളമുള്ള ജല കനാലുകളിലെ മലിനീകരണം കുറക്കുന്നതിനായി ഈ വർഷം തുടക്കത്തിൽ ആസൂത്രണം ചെയ്ത മലിനീകരണ നിയന്ത്രണ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായാണ് നടപടി.
ഇക്കോ സംരംഭത്തിനുകീഴിൽ 2024ന്റെ അവസാനത്തോടെ ദുബൈയിലെ പ്രധാന ജല കനാലുകളിൽ ഉപേക്ഷിക്കപ്പെട്ട 11 ബോട്ടുകളുടെ അവശിഷ്ടങ്ങൾ കൂടി കണ്ടെത്തി നീക്കം ചെയ്യാനും പദ്ധതിയുള്ളതായി മുനിസിപ്പാലിറ്റി അറിയിച്ചു. ദുബൈ വാട്ടർ കനാൽ, ബിസിനസ് ബേ കനാൽ, ജദ്ദാഫ് എന്നിവ ഉൾപ്പെടെ എമിറേറ്റിലുടനീളമുള്ള പ്രധാന ജലകനാലുകളിൽനിന്ന് മാലിന്യം നീക്കം ചെയ്യാനുള്ള പ്രത്യേക കാമ്പയിനുകൾക്കും അതോറിറ്റിയുടെ മാലിന്യ നിയന്ത്രണ വിഭാഗം തുടക്കം കുറിച്ചിട്ടുണ്ട്.
ഇത്തരത്തിൽ നീക്കം ചെയ്യുന്ന മാലിന്യങ്ങളുടെ 95 ശതമാനവും പുന:ചക്രമണം നടത്തുകയാണ് ചെയ്യുന്നത്. കാർബൺ ബഹിർഗമനം കുറച്ച് ദുബൈയുടെ സമുദ്രാന്തരീക്ഷത്തിന്റെ സുസ്ഥിരത കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ദുബൈ മുനിസിപ്പാലിറ്റിയുടെ മാലിന്യ നിയന്ത്രണ വിഭാഗം ഡയറക്ടർ സഈദ് അബ്ദുൽ റഹിം സഫർ പറഞ്ഞു.
ബോട്ടുകളുടെയും ചരക്ക് വെസ്സലുകളുടെയും സുഗമമായ നീക്കങ്ങൾക്ക് തടസ്സം സൃഷ്ടിക്കുകയും ജല ടൂറിസത്തിന് വെല്ലുവിളി ഉയർത്തുകയും ചെയ്യുന്ന കനാൽ മാലിന്യങ്ങളെ മുഴുവൻ നീക്കം ചെയ്യാനാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി നേരത്തെ 310 ടൺ അവശിഷ്ടങ്ങൾ അടങ്ങിയ മൂന്ന് ബോട്ടുകൾ മുനിസിപ്പാലിറ്റിയുടെ മാലിന്യ നിയന്ത്രണ വിഭാഗം നീക്കം ചെയ്തിരുന്നു. സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ സമാന രീതിയിൽ വെള്ളത്തിനടിയിൽ ഉപേക്ഷിക്കപ്പെട്ട 37 കപ്പൽ മാലിന്യങ്ങൾ ദുബൈ മുനിസിപ്പാലിറ്റി പുറത്തെടുത്തിരുന്നു. എമിറേറ്റിലെ പ്രധാന ജല സ്രോതസ്സുകളിലെ മാലിന്യങ്ങൾ നീക്കുന്നതു ബന്ധപ്പെട്ട കരാറുകൾക്ക് മേൽനോട്ടം വഹിക്കാനും നിരീക്ഷിക്കുന്നതിനുമായി പ്രത്യേക ഫീൽഡ് ടീമിനെയും മുനിസിപ്പാലിറ്റി നിയോഗിച്ചതായി റഹിം സഫർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.