അബൂദബി: യു.എ.ഇയുടെ പുതിയ പ്രസിഡൻറും അബൂദബി ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്‍റെ ഉന്നത സഭയായ ഫെഡറൽ സുപ്രീം കൗൺസിലാണ് പ്രസിഡൻറിനെ പ്രഖ്യാപിച്ചത്. ശൈഖ് ഖലീഫ ബിൻ സായിദിന്‍റെ നിര്യാണത്തെ തുടർന്നാണ് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്. ഒന്നരപ്പതിണ്ടിലേറെയായി അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായി സേവനമനുഷ്ടിച്ചു വരികയായിരുന്നു ശൈഖ് ഖലീഫയുടെ അർധസഹോദരൻ കൂടിയായ ശൈഖ് മുഹമ്മദ്.
സുപ്രീംകൗൺസിൽ ശനിയാഴ്ച അബൂദബിയിലെ അൽ മുശ്രിഫ് കൊട്ടാരത്തിൽ പ്രത്യേക യോഗം ചേർന്നാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. യോഗത്തിൽ ഐക്യകണ്ഡേനയാണ് തെരഞ്ഞെടുപ്പ് നടന്നത്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അധ്യക്ഷത വഹിച്ച യോഗത്തിൽ എല്ലാ എമിറേറ്റുകളുടെയും ഭരണാധികാരികൾ പങ്കെടുത്തു. സുപ്രീംകൗൺസിലിൽ നിന്നാണ് ഒരോതവണയും പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നത്. ഏറ്റവും വലിയ എമിറേറ്റായ അബൂദബി ഭരണാധികാരി പ്രസിഡന്‍റ് പദവി വഹിക്കുന്നതാണ് രീതി. അഞ്ചുവർഷമാണ് ഔദ്യോഗികമായ ഭരണകാലയളവ്.
പിന്നീട് വീണ്ടും തെരഞ്ഞെടുക്കുകയാണ് ചെയ്യുക. സുപ്രീംകൗൺസിൽ അംഗങ്ങളും എമിറേറ്റുകളിലെ ഭരണാധികാരികളും തന്നിൽ അർപ്പിച്ച വിശ്വാസത്തിന് തെരഞ്ഞെടുപ്പിന് ശേഷം ശൈഖ് മുഹമ്മദ് നന്ദി പറഞ്ഞു. സുവർണജൂബിലി പിന്നിട്ട രാജ്യത്തിന്‍റെ മൂന്നാമത്തെ പ്രസിഡൻറും 17ാമത് അബൂദബി ഭരണാധികാരിയുമാണ് നിയമിതനായിരിക്കുന്നത്. 61കാരനായ ഇദ്ദേഹം രാഷ്ട്രപിതാവും പ്രഥമ യു.എ.ഇ പ്രസിഡന്‍റുമായിരുന്ന ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്‌യാന്‍റെ മൂന്നാമത്തെ പുത്രനാണ്.
ശൈഖ് സായിദിന്‍റെയും ശൈഖ് ഖലീഫയുടെയും ഭരണകാലങ്ങളിൽ പ്രധാനപ്പെട്ട തീരുമാനങ്ങളിൽ പങ്കാളിത്തം വഹിക്കുകയും നിരവധി സുപ്രധാന ദൗത്യങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ഭരണ പരിചയമുണ്ട്. ശൈഖ് ഖലീഫ ആരോഗ്യപ്രശ്നങ്ങളാൽ ഭരണകാര്യങ്ങളിൽ സജീവമല്ലാതിരുന്നപ്പോൾ പ്രസിഡൻറിന്‍റെ ചുമതലകൾ നിർവഹിച്ചു. രാജ്യത്തിന്‍റെ സൈനിക സന്നാഹങ്ങളെ ശക്തിപ്പെടുത്തുകയും വിദേശ ബന്ധങ്ങളിൽ സുപ്രധാനമായ ചുവടുവെപ്പുകൾക്ക് നേതൃത്വം നൽകുകയും ചെയ്തയാളെന്ന നിലയിൽ അറബ് മേഖലയിലെ തന്നെ കരുത്തുറ്റ ഭരണാധികാരിയായാണ് ശൈഖ് മുഹമ്മദ് അറിയപ്പെടുന്നത്. അബൂദബി കിരീടാവകാശിയെന്ന നിലയിൽ വിദ്യഭ്യാസ രംഗത്ത് നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് എമിറേറ്റിലെ വിദ്യാലയങ്ങളെ ഉയർത്തുകയും ചെയ്തു.
ഇന്ത്യ-യു.എ.ഇ ബന്ധത്തിന് എക്കാലവും പിന്തുണ നൽകുകയും മലയാളികളടക്കമുള്ള പ്രവാസി സമൂഹത്തെ ഏറെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. 2019ൽ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ സന്ദർശിച്ചപ്പോൾ ശൈഖ് മുഹമ്മദാണ് അബൂദബിയിൽ സ്വീകരിച്ചത്. ഈ വർഷം ഫെബ്രുവരിയിൽ യു.എഇയും ഇന്ത്യയും ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാറിനും നേതൃത്വം നൽകിയത് അദ്ദേഹമാണ്.
യു.എ.ഇ രാഷ്ട്രമാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറക്കാണ് മാതാവ്. ശൈഖ സലാമ ബിൻത് ഹംദാൻ ആൽ നഹ്യാൻ ഭാര്യ. നാല് ആൺമക്കളും അഞ്ച് പെൺമക്കളുമുണ്ട്.
ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ
1961 മാർച്ച് 11 ⊿ ജനനം
2003 ⊿ അബൂദബി ഡെപ്യൂട്ടി കിരീടാവകാശി
2004 ⊿ അബൂദബി കിരീടാവകാശി
2004 ⊿ അബൂദബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാൻ
2005 ⊿ യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡർ
2013 ⊿ എജുകേഷനൽ പേഴ്സനാലിറ്റി ഓഫ് ദ ഇയർ
2019 ⊿ ടൈം മാഗസിന്‍റെ ഏറ്റവും സ്വാധീനമുള്ള 100 പേരിൽ ഒരാൾ
2019 ⊿ ന്യൂയോർക്ക് ടൈംസ് ഏറ്റവും ശക്തനായ അറബ് ഭരണാധികാരി
2022 ⊿ യു.എ.ഇ പ്രസിഡന്‍റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.