അൽഐൻ: പുത്തൻ യൂനിഫോം അണിഞ്ഞ് പുതിയ പുസ്തകങ്ങളും ബാഗുമായി പുതിയ അധ്യയന വർഷത്തിന്‍റെ ആദ്യദിനം വിദ്യാർഥികൾ ക്ലാസ്മുറികളിലെത്തി. അബൂദബി എമിറേറ്റിലെ സ്കൂളുകളിൽ രണ്ടുവർഷത്തിന് ശേഷമാണ് മുഴുവൻ വിദ്യാർഥികളും ഒരുമിച്ച് ക്ലാസുകളിൽ എത്തുന്നത്. ഇതിന്‍റെ സന്തോഷം സ്കൂൾ അധികൃതരും അധ്യാപകരും വിദ്യാർഥികളും പങ്കുവെച്ചു. കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന ഓൺലൈൻ പഠനരീതി ഈ അധ്യയന വർഷം മുതൽ പൂർണമായും നിർത്തലാക്കി. നേരത്തെ ഓൺലൈൻ, ഓഫ്ലൈൻ പഠനരീതികൾ തിരഞ്ഞെടുക്കാൻ രക്ഷിതാക്കൾക്ക് അനുവാദമുണ്ടായിരുന്നു. വിദ്യാർഥികളെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സ്കൂൾ അധികൃതരും വിദ്യാഭ്യാസ വകുപ്പും നടത്തിയത്. വിദ്യാലയങ്ങളിൽ പ്രവേശനോത്സവംതന്നെ സംഘടിപ്പിച്ചിരുന്നു.
സ്കൂൾ വളപ്പുകളും ക്ലാസ്മുറികളും തോരണങ്ങൾകൊണ്ടും ബലൂണുകൾകൊണ്ടും അലങ്കരിച്ചിരുന്നു. മാസ്ക് ധരിച്ചും കൃത്യമായ അകലം പാലിച്ചും വിദ്യാർഥികൾ ക്ലാസ്മുറികളിലിരുന്നു. മൂന്നാഴ്ചയോളം വരുന്ന വസന്തകാല അവധിക്ക് ശേഷമാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്. നൂറുകണക്കിന് വിദ്യാർഥികൾ ആദ്യാക്ഷരം നുകർന്നു. യു.എ.ഇ അടക്കം വിവിധ രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ വരുത്തിയതോടെ സ്വദേശത്തുനിന്നും കുടുംബങ്ങളെ യു.എ.ഇയിലേക്ക് കൊണ്ടുവരുന്നവർ നിരവധിയാണ്. അതിനാൽതന്നെ വിവിധ സ്കൂളുകളിൽ ഈ വർഷം പ്രവേശനത്തിന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സ്കൂളുകളുടെ പ്രവർത്തനം പൂർവസ്ഥിതിയിലായിട്ടുണ്ടെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ഈ അധ്യയന വർഷത്തിലും അബൂദബിയിൽ വിദ്യാലയങ്ങളിൽ പൂർണമായും നേരിട്ടുള്ള പഠനം തുടങ്ങിയത്.
മാസത്തിലൊരിക്കൽ ബന്ധപ്പെട്ട വകുപ്പുകളുടെ കർശന പരിശോധനകൾ നടക്കും. 96 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് പി.സി.ആർ പരിശോധന ഫലവുമായാണ് ആദ്യദിനം എല്ലാവരും സ്കൂളിൽ പ്രവേശിച്ചത്. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 30 ദിവസത്തിൽ ഒരിക്കൽ പി.സി.ആർ ടെസ്റ്റ് നടത്തുകയും അൽ ഹൊസൻ ആപ്പിൽ ഗ്രീൻ പാസ് ഉണ്ടായിരിക്കുകയും വേണം. 16 വയസ്സിന് മുകളിലുള്ള വിദ്യാർഥികളും അധ്യാപകരും ഇതര ജീവനക്കാരും 14 ദിവസത്തിൽ ഒരിക്കൽ പി.സി.ആർ ടെസ്റ്റ് നടത്തുകയും അവരുടെ അൽ ഹൊസൻ ആപ്പിൽ ഗ്രീൻ പാസ് ഉണ്ടായിരിക്കുകയും വേണം. സൗജന്യ കോവിഡ് പരിശോധന സ്കൂളിൽ നടക്കും.ദുബൈ എമിറേറ്റിലെ ഏഷ്യൻ സ്കൂളുകളിൽ ഏപ്രിൽ നാലിനുതന്നെ പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചിരുന്നു. അബൂദബി എമിറേറ്റിലെ ഏഷ്യൻ ഇതര പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങൾ വസന്തകാല അവധിക്കുശേഷം ഏപ്രിൽ 18ന് തുറക്കും. അവസാന പാദത്തിന്‍റെ ആരംഭം കുറിക്കുക അന്നാണ്.
അൽഐൻ ഒയാസിസ് ഇന്‍റർനാഷനൽ സ്കൂളിൽ പ്രവേശനോത്സവം
അൽഐൻ: അൽഐൻ ഒയാസിസ് ഇന്‍റർനാഷനൽ സ്കൂളിൽ പുതിയ അധ്യായന വർഷത്തിലെ ആദ്യദിനം വിദ്യാർഥികളെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. പ്രിൻസിപ്പലും അധ്യാപകരും ചേർന്ന് പ്രവേശനകവാടത്തിൽ സ്വീകരിച്ചു. രണ്ടുവർഷത്തിനുശേഷം മുഴുവൻ വിദ്യാർഥികളും വിദ്യാലയത്തിൽ നേരിട്ടെത്തിയതിന്‍റെ സന്തോഷത്തിലായിരുന്നു എല്ലാവരും. വെൽബീയിങ് അംഗങ്ങൾ ചുവന്ന പരവതാനിയിലൂടെ കുട്ടികളെ ആനയിച്ചു.
ബലൂണുകളും മറ്റു തോരണങ്ങളും കവാടവും ക്ലാസ്മുറികളും അലങ്കരിച്ചിരുന്നു. അറിവിനെയും വിദ്യയെയും സൂചിപ്പിക്കുന്ന വലിയ പെൻസിലിന്‍റെ രൂപവും കവാടത്തിൽ സ്ഥാപിച്ചിരുന്നു. 11 അടിയോളം നീളത്തിലാണ് ഉപയോഗിച്ച കടലാസുകളും കാർഡ് ബോർഡുകളും ഉപയോഗിച്ച് വെൽബീയിങ് ക്ലബിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് ഈ പെൻസിൽ നിർമിച്ചത്. സ്കൂളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും വേണ്ടിയുള്ള വെൽബീയിങ് ക്ലബ്ബാണ് പ്രവേശനോത്സവത്തിന് വേണ്ട ഒരുക്കങ്ങൾ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.