ദുബൈ: സന്ദർശകരുടെ ഒഴുക്കിന് സാക്ഷിയായ ദേശീയദിന അവധി ദിവസങ്ങൾ പിന്നിട്ടപ്പോൾ എക്സ്പോ 2020 ദുബൈയിലെത്തിയവരുടെ എണ്ണം 56ലക്ഷം പിന്നിട്ടു. ധാരാളം ആഘോഷ പരിപാടികളും കരിമരുന്ന് പ്രയോഗവും കലാ പരിപാടികളും അരങ്ങേറിയ കഴിഞ്ഞ ആഴ്ച മാത്രം എക്സ്പോയിൽ എത്തിയത് ഒമ്പതു ലക്ഷം പേരാണ്. ദേശീയദിനത്തിൽ എക്സ്പോ പ്രവേശനം പൂർണമായും സൗജന്യമായിരുന്നത് നിരവധിപേർ ഉപയോഗപ്പെടുത്തിയതാണ് സന്ദർശകരുടെ എണ്ണം കുത്തനെ വർധിക്കാൻ കാരണമായത്.
ഒക്ടോബർ, നവംബർ മാസങ്ങളിൽ അയ്യായിരത്തിലേറെ ലോക നേതാക്കൾ എക്സ്പോയിൽ എത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെ പ്രസിഡൻറുമാർ, പ്രധാനമന്ത്രിമാർ, മന്ത്രിമാർ എന്നിവർ ഇതിൽ ഉൾപ്പെടും. രണ്ടു മാസത്തിൽ 10,461 പരിപാടികളാണ് വിവിധ വേദികളിലായി എക്സ്പോയിൽ നടന്നത്. നിലവിൽ 10 സന്ദർശകരിൽ ആറുപേരും ഇപ്പോൾ എക്സ്പോയുടെ സീസൺ പാസ് കൈവശമുള്ളവരാണ്. ഒന്നോ രണ്ടോ സന്ദർശനത്തിൽ പ്രദർശനങ്ങൾ പൂർണമായും കണ്ടുതീർക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് സീസൺ പാസുകൾ ആളുകൾ പരിഗണിക്കുന്നത്. ആവർത്തിച്ചുള്ള സന്ദർശനങ്ങളുടെ എണ്ണം 12 ലക്ഷത്തിലെത്തിയിട്ടുണ്ട്.
ആകെ സന്ദർശകരിൽ 28 ശതമാനം പേരും രാജ്യത്തിെൻറ പുറത്തുനിന്നെത്തിയവരാണ്. ഇന്ത്യ, ഫ്രാൻസ്, ജർമനി, സൗദി അറേബ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽനിന്നാണ് ഏറെയും സന്ദർശകരെത്തിയത്. വരാനിരിക്കുന്ന ഉത്സവ സീസണിൽ സാധാരണ ടൂറിസം മേഖലയിൽ ഉണർവുണ്ടാകുന്നതിനനുസരിച്ച് എക്സ്പോയിലെത്തുന്നവരുടെ എണ്ണം ഗണ്യമായി വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.