ദുബൈ: കൃത്യവിലോപങ്ങള്ക്ക് പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ സ്വന്തം സുരക്ഷിതത്വത്തിൽ സൂക്ഷിക്കുന്ന പദ്ധതിയുടെ ആനുകൂല്യം നേടിയത് 5163 പേരെന്ന് ദുബൈ പൊലീസ്. പദ്ധതി പ്രകാരം നിയമലംഘനത്തിന് പിടിക്കപ്പെടുന്ന വാഹനം ഉടമകളുടെ ഇഷ്ടത്തിനനുസരിച്ച് സ്വന്തം വീട്ടിലോ സ്വകാര്യ പാർക്കിങ് കേന്ദ്രത്തിലോ കൊണ്ടുപോകാം. ജനുവരി മുതലാണ് ഇത്രയും പേർ ഈ സൗകര്യം ഉപയോഗപ്പെടുത്തിയതെന്ന് ദുബൈ പൊലീസിന് കീഴിലെ ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ സെയിഫ് മുഹൈർ അൽ മസ്റൂഹി പറഞ്ഞു. 2018ലാണ് പദ്ധതി ആരംഭിച്ചത്. ഇന്നേവരെ നിരവധി പേർക്ക് ഇതൊരു ആശ്വാസ പദ്ധതിയായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് 420 ദിർഹമാണ് ഫീസിനത്തിൽ ഈടാക്കുന്നത്.
സ്വന്തമായി സൂക്ഷിക്കുമ്പോഴും വാഹനങ്ങൾക്ക് പൊലീസ് ഇലക്ട്രോണിക് ജി.പി.എസ് ട്രാക്കർ ഘടിപ്പിക്കും. കാലാവധി തീരുന്നതുവരെ ഈ വാഹനങ്ങൾ പുറത്ത് കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പുവരുത്താനാണിത്. പ്രസ്തുത സ്ഥലത്തുനിന്ന് വാഹനം നീക്കിയാൽ കൺട്രോൾ റൂമിൽ സന്ദേശം ലഭിക്കും. 30 മീറ്ററിനപ്പുറത്തേക്ക് വാഹനം നീക്കിയാൽ പിഴ ചുമത്തും. നിയമലംഘനത്തിന് പിടിക്കപ്പെടുന്ന വാഹന ഉടമകൾ ട്രാഫിക്, ലൈസൻസിങ് സേവന കേന്ദ്രത്തിൽ അപേക്ഷ നൽകുന്ന മുറക്കായിരിക്കും ഈ സൗകര്യം ലഭിക്കുക. വാഹനം തങ്ങളുടെ ചുറ്റുവട്ടത്ത് സൂക്ഷിക്കാൻ കഴിയുന്നുവെന്നത് ഉടമകൾക്ക് അനുഗ്രഹമാണ്. തങ്ങളുടെ പ്രിയപ്പെട്ട വാഹനം കേടുപാടുകൾ വരാതെ വൃത്തിയായി സൂക്ഷിക്കാനുള്ള അവസരംകൂടി ലഭിക്കുന്നുവെന്നത് വാഹന ഉടമകൾക്ക് ഈ പദ്ധതിയോട് ആഭിമുഖ്യം വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.