ദുബൈ: അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വിവിധ സ്ഥാപനങ്ങളെ പ്രതിനിധാനംചെയ്യുന്ന യുവ പ്രതിനിധി സംഘവുമായി ഖസർ അൽ ബഹർ മജ്ലിസിൽ ചർച്ച നടത്തി. യുവാക്കളുമായി സംവദിച്ച അദ്ദേഹം വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും പുരോഗതി കൈവരിക്കുന്നതിലും സമൂഹത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിലും യുവാക്കൾ നിർണായക പങ്കുവഹിക്കുന്നുവെന്ന് പറഞ്ഞു. ഇമാറാത്തി സമൂഹത്തിന്റെ പരമ്പരാഗത മൂല്യങ്ങളും തത്ത്വങ്ങളും സംരക്ഷിക്കാൻ യുവാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.
രാജ്യം ചരിത്രത്തിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കയാണെന്നും രാഷ്ട്രങ്ങൾ പണത്തിനാലല്ല, പകരം ജനങ്ങളാലും സത്യസന്ധമായ കാഴ്ചപ്പാടുകളാലുമാണ് സൃഷ്ടിക്കപ്പെട്ടത്. ഭാവിയെക്കുറിച്ചുള്ള ശരിയായ വായനയിലൂടെയും തീരുമാനങ്ങളിലൂടെയുമാണ് ഇതെല്ലാം രൂപപ്പെടുന്നത്. യുവാക്കൾ രാഷ്ട്രങ്ങളുടെ നിർമാതാക്കളാണ്. ഓരോ തലമുറയും വികസന പ്രക്രിയ യുവതലമുറകൾക്ക് കൈമാറുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു. എമിറേറ്റ്സ് ഫൗണ്ടേഷൻ, നാഷനൽ എക്സ്പേർട്സ് പ്രോഗ്രാം (എൻ.എഫ്.പി), നാഷനൽ യൂത്ത് കൗൺസിൽ എന്നിവയിലെ സന്നദ്ധപ്രവർത്തകരും വിവിധ സർക്കാർ വകുപ്പുകളിലെ യുവജന പ്രതിനിധികളുമാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.