അബൂദബി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ യു.എ.ഇ സന്ദർശനത്തിനായി ചൊവ്വാഴ്ച അബൂദബിയിലെത്തും. പ്രധാനമന്ത്രിക്ക് യു.എ.ഇയിലെ ഇന്ത്യൻ സമൂഹത്തിന്റെ ആദരമെന്നനിലയിൽ സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ‘അഹ്ലൻ മോദി’ പരിപാടിയിൽ അദ്ദേഹം പ്രവാസികളെ അഭിസംബോധന ചെയ്യും. യു.എ.ഇയിൽ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ ഇന്ത്യൻ കമ്യൂണിറ്റി ഇവന്റാകും പരിപാടിയെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. ഉച്ച 12മണിയോടെ ആരംഭിക്കുന്ന പരിപാടികൾ വൈകുന്നേരം ആറു മണിക്കുശേഷം പ്രധാനമന്ത്രിക്ക് നൽകുന്ന സ്വീകരണത്തോടെയാണ് സമാപിക്കുക. ഇന്ത്യയും യു.എ.ഇയും തമ്മിലെ സൗഹൃദത്തെ ആഘോഷമാക്കുന്ന ചടങ്ങിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.
യു.എ.ഇയിലെ 200ലേറെ കൂട്ടായ്മകളിൽ നിന്നുള്ളവരും സ്കൂൾ വിദ്യാർഥികളും അടക്കം 50,000ത്തോളം പേർ പരിപാടിയിൽ പങ്കെടുക്കും. 700ലേറെ കലാകാരൻമാർ പങ്കെടുക്കുന്ന നൃത്ത, സംഗീത പ്രകടനങ്ങളും അരങ്ങേറും. യു.എ.ഇയിലെ വിവിധ സ്കൂളുകളിൽനിന്ന് വിദ്യാർഥികളെ എത്തിക്കാൻ മാനേജ്മെന്റുകൾ സൗകര്യമൊരുക്കിയിട്ടുണ്ട്. മുതിർന്ന ക്ലാസുകളിലെ വിദ്യാർഥികളോടാണ് പരിപാടിയിൽ പങ്കെടുക്കാൻ പ്രധാനമായും നിർദേശിച്ചിട്ടുള്ളത്.
‘അഹ്ലൻ മോദി’ ചടങ്ങില്‍ സംബന്ധിക്കുന്നതിന് രജിസ്റ്റര്‍ചെയ്ത ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം 60,000 കടന്നതായി നേരത്തേ സംഘാടകർ വെളിപ്പെടുത്തിയിരുന്നു. അബൂദബിയില്‍ സര്‍ക്കാര്‍ സൗജന്യമായി വിട്ടുനല്‍കിയ ഭൂമിയില്‍ നിര്‍മിച്ച ക്ഷേത്രമായ ബാപ്സ് മന്ദിര്‍ ഉദ്ഘാടനം ചെയ്യുന്നതിനായാണ് മോദി അബൂദബിയിലെത്തുന്നത്. ബുധനാഴ്ചയാണ് ഈ ചടങ്ങ് നടക്കുന്നത്. അതിന് മുമ്പായി ദുബൈയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത് അദ്ദേഹം സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.