കെട്ടിടങ്ങൾക്ക്​ പുറത്തെ പൊതു ടാപ്പുകളുടെ സുരക്ഷ പരിശോധന നടത്തി

അബൂദബി: വില്ലകള്‍ക്കും വീടുകള്‍ക്കും പുറത്ത് പൊതുജനങ്ങള്‍ക്കായി സ്ഥാപിച്ച കുടിവെള്ള സംവിധാനത്തിന്‍റെ സുരക്ഷയും ശുചിത്വവും ഉറപ്പുവരുത്താൻ പരിശോധന നടത്തി അബൂദബി സിറ്റി മുനിസിപ്പാലിറ്റി. മുനിസിപ്പാലിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന്​ കെട്ടിട ഉടമകള്‍ ഉറപ്പുവരുത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. ഇത്തരം കുടിവെള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുടെ ക്ഷേമവും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്ന രീതിയിലാവണം അവ സ്ഥാപിക്കേണ്ടത്​.

മുനിസിപ്പാലിറ്റിയുടെ അനുമതിയില്ലാതെ പൊതു ഇടങ്ങളില്‍ കുടിവെള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഇത്തരം സംവിധാനങ്ങള്‍ സ്ഥാപിക്കുമ്പോഴും നവീകരിക്കുമ്പോഴും പുതിയ ഇടത്തേക്ക് മാറ്റി സ്ഥാപിക്കുമ്പോഴും ഇതിനാവശ്യമായ അനുമതി വാങ്ങണം. താം പ്ലാറ്റ്ഫോം മുഖേന അനുമതി അബൂദബി സിറ്റി മുനിസിപ്പാലിറ്റിയില്‍ നിന്ന് ലളിതമായി കരസ്ഥമാക്കാം. മുനിസിപ്പാലിറ്റിയുടെ അംഗീകാരമുള്ള കമ്പനികളെ ഉപയോഗിച്ചാവണം ശീതികരിച്ച കുടിവെള്ള സംവിധാനം സ്ഥാപിക്കേണ്ടത്.

കുടിവെള്ള സംവിധാനം സ്ഥാപിക്കുമ്പോള്‍ നടപ്പാതകളോ റോഡുകളോ തകരാറിലാവുകയില്ലെന്നും ഉറപ്പുവരുത്തണം. ഇതിനു വരുന്ന വൈദ്യുതി ബില്ല് അടച്ചിരിക്കണം. തറനിരപ്പില്‍ നിന്ന് 10 സെന്‍റീ മീറ്റര്‍ കനത്തില്‍ കോണ്‍ക്രീറ്റ് അടിത്തറയൊരുക്കിവേണം ഇത്തരം വാട്ടര്‍ കൂളര്‍ സ്ഥാപിക്കാന്‍. ഇലക്ട്രിക്കല്‍ കണക്ഷനുകള്‍ സുരക്ഷിതമായ രീതിയിലാകണം. വാട്ടര്‍ കൂളറിന് അംഗീകൃത ഫില്‍ട്ടറുകള്‍ വേണം. ഇവ നിര്‍മാതാവിന്‍റെ നിര്‍ദേശപ്രകാരം ശുദ്ധീകരിക്കുകയും പുനഃസ്ഥാപിക്കുകയും വേണം. വെള്ളം പാഴാവുന്നത് തടയാന്‍ നല്ല പൈപ്പുകള്‍ സ്ഥാപിക്കണം.

മുനിസിപ്പാലിറ്റിയുടെ പെര്‍മിറ്റ് നമ്പര്‍, എമര്‍ജന്‍സി ഫോണ്‍ നമ്പര്‍, ക്യുആര്‍ കോഡ് എന്നിവ പ്രദര്‍ശിപ്പിക്കുന്ന 10x6 സെന്‍റിമീറ്റര്‍ വലുപ്പത്തിലുള്ള ഇരുമ്പ് ഫലകം വാട്ടര്‍ കൂളറിന്‍റെ മുന്‍വശത്തായി സ്ഥാപിച്ചിരിക്കണം. ശുചീകരണം, അണുവിമുക്തമാക്കല്‍, വെള്ളത്തിന്‍റെ സാമ്പിള്‍ പരിശോധനാഫലം എന്നിവ രേഖപ്പെടുത്തിയ രേഖകള്‍ കൂളര്‍ ഉടമകള്‍ സൂക്ഷിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

അണുബാധ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ വാട്ടര്‍ കൂളര്‍ പ്രവര്‍ത്തനരഹിതമാക്കുകയും അണുവ്യാപനം തടയാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും വേണം. അണുവിമുക്തമാണെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ മാത്രമേ ഈ കൂളര്‍ പ്രവര്‍ത്തന സജ്ജമാക്കാവൂ. വര്‍ഷത്തിലൊരിക്കലെങ്കിലും വെള്ളം അംഗീകൃത ലബോറട്ടറിയിലെത്തിച്ച് പരിശോധിക്കണമെന്നും മുനിസിപ്പാലിറ്റി നിര്‍ദേശിച്ചു.

Tags:    
News Summary - The safety of public taps outside the buildings was checked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.