ദുബൈ: തുർക്കിയയിലെ തിരച്ചിൽ അവസാനിപ്പിച്ചതായി തുർക്കിയ അധികൃതർ പ്രഖ്യാപിച്ചതോടെ ഇമാറാത്തി ദൗത്യ സംഘം മടങ്ങുന്നു. രണ്ടാഴ്ചത്തെ രാപ്പകൽ നീണ്ട ദൗത്യം പൂർത്തിയാക്കിയാണ് സംഘം മടങ്ങുന്നത്.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ കുടുങ്ങിയ 10 പേരെയാണ് സംഘം ജീവനോടെ പുറത്തെടുത്തത്. 26 മൃതദേഹങ്ങളും കണ്ടെടുത്തു. ആദ്യഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട സംഘം കഴിഞ്ഞ ദിവസങ്ങളിൽ മൃതദേഹം പുറത്തെടുക്കാനായിരുന്നു ശ്രമിച്ചത്.120ഓളം പേരാണ് തുർക്കിയയിൽ യു.എ.ഇയുടെ രക്ഷാസംഘത്തിലുള്ളത്. രക്ഷാസേനക്ക് പുറമെ ചികിത്സ, മറ്റ് സഹായങ്ങൾ എന്നിവക്കും സംഘങ്ങളുണ്ട്. 120 മണിക്കൂറിന് ശേഷം 11 വയസ്സുകാരനെയും മധ്യവയസ്കനെയും യു.എ.ഇ സേന രക്ഷിച്ചിരുന്നു. അതേസമയം, ഫീൽഡ് ആശുപത്രിയിലെ സംഘം തുർക്കിയയിൽതന്നെ തുടരും.
കഴിഞ്ഞ ദിവസം 200 പേരെ കിടത്തിച്ചികിത്സിക്കാവുന്ന ആശുപത്രി തുറന്നിരുന്നു. ഇവിടേക്ക് നിരവധി പേരാണ് ഇപ്പോഴും ചികിത്സ തേടിയെത്തുന്നത്. 76 കാർഗോ വിമാനങ്ങളിലായി 2535 ടൺ വസ്തുക്കളാണ് യു.എ.ഇ തുർക്കിയയിലേക്ക് അയച്ചത്. സിറിയയിലേക്ക് 42 വിമാനങ്ങളിലായി 840 ടൺ വസ്തുക്കളും അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.