ആധുനികതയിലേക്കുള്ള കുതിപ്പിനിടയിലും പൈതൃകം കൈവിടാതെ സൂക്ഷിക്കുന്നവരാണ് ഇമാറാത്തികൾ. പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് വളരുമ്പോഴും വന്ന വഴിയുടെ പഴമകളും പൈതൃകവും അവർ മറക്കാറില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് റമദാനിൽ മുഴങ്ങിക്കേൾക്കുന്ന പീരങ്കി ശബ്ദം. പരിശുദ്ധ മാസത്തിൽ എല്ലാ ദിവസവും ഇഫ്താർ സമയങ്ങളിൽ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഈ പീരങ്കി ശബ്ദം കേൾക്കാം.
ബാങ്ക് വിളിക്കാൻ ആധുനിക ഉപകരങ്ങളൊന്നുമില്ലാതിരുന്ന കാലത്താണ് നോമ്പുതുറ സമയം അറിയിക്കാൻ പീരങ്കി ഉപയോഗിച്ചിരുന്നത്. മരുഭൂമിയിലും കടലിലും കച്ചവടത്തിനായി പോയിരുന്ന സംഘങ്ങളെ നോമ്പുതുറ സമയം അറിയിക്കാനായിരുന്നു പീരങ്കികൾ സ്ഥാപിച്ചത്. കിലോമീറ്ററുകൾ അകലെ വരെ മുഴങ്ങിക്കേൾക്കുന്ന ഈ ശബ്ദമായിരുന്നു പലരുടെയും രാവിനെയും പകലിനെയും വേർതിരിച്ചിരുന്നത്. നോമ്പുതുറ മാത്രമല്ല, റമദാനിന്‍റെ വരവറിയിക്കാനും പീരങ്കികൾ ഉപയോഗിക്കുന്നു. നോമ്പും കഴിഞ്ഞ് പെരുന്നാൾ സന്തോഷവും പങ്കിട്ട ശേഷമേ പീരങ്കികൾ നിശബ്ദമാകാറുള്ളൂ.
ഇക്കുറിയും യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ പീരങ്കികൾ സ്ഥാപിക്കുന്നുണ്ട്. സാധാരണ സ്ഥലങ്ങൾക്ക് പുറമെ ഇക്കുറി ആദ്യമായി ദുബൈ എക്സ്പോ സിറ്റിയിലും റമദാൻ പീരങ്കിയുണ്ടാവും. അൽവാസൽ പ്ലാസക്ക് മുൻപിലായിരിക്കും പീരങ്കി ഇടം പിടിക്കുക.
േപ്ലാട്ടോകോൾ പ്രകാരം നാല് പൊലീസ് ഉദ്യോഗസ്ഥരാണ് പീരങ്കി നിയന്ത്രിക്കുന്നത്.
ബാങ്കുവിളിയും നിസ്കാര സമയവുമെല്ലാം അറിയാൻ മൊബൈലിൽ തന്നെ സംവിധാനങ്ങളുള്ള കാലത്താണ് ഇമാറാത്ത് പാരമ്പര്യത്തനിമ നിലനിർത്തുന്നത്. ദുബൈ, ഷാർജ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിലെല്ലാം ഇക്കുറിയും പീരങ്കിയുണ്ട്. പ്രത്യേക പരിശീലനം നേടിയ സംഘമാണ് ഇത് നിയന്ത്രിക്കുന്നത്. കിലോമീറ്ററുകളിൽ അകലെ വരെ ഇതിന്‍റെ ശബ്ദം കേൾക്കാൻ കഴിയും. ഇപ്പോഴും യാത്രക്കാർക്ക് ഉപകാരപ്രദമാണ് ഈ പീരങ്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.