ദുബൈ: ഈ വർഷത്തെ ഹജ്ജ് കർമത്തിന് പോകാൻ ആഗ്രഹിക്കുന്ന പൗരന്മാർക്കും താമസക്കാർക്കുമുള്ള മാനദണ്ഡം യു.എ.ഇ അധികൃതർ പുറത്തിറക്കി.
നേരത്തെ ഹജ്ജ് നിർവഹിച്ചവരാകാതിരിക്കുക, 65 വയസ്സിൽ കുറഞ്ഞവരായിരിക്കുക, അംഗീകാരമുള്ള കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസടക്കം പൂർത്തീകരിച്ചിരിക്കുക, സൗദിയിൽ എത്തുന്നതിന് 72 മണിക്കൂറിനിടയിലെ പി.സി.ആർ നെഗറ്റിവ് ഫലം ഹാജരാക്കുക എന്നീ നിർദേശമാണുള്ളത്. ഈ മാനദണ്ഡം പാലിക്കുകയും ഓൺലൈൻ വഴി രജിസ്ട്രേഷൻ പൂർത്തിയാക്കുകയും ചെയ്തവർക്കാണ് മുൻഗണനയെന്ന് അധികൃതർ വ്യക്തമാക്കി.
യു.എ.ഇ ദേശീയ ദുരന്തനിവാരണ സമിതിയും ഇസ്ലാമിക-വഖഫ് കാര്യാലയ വകുപ്പുമാണ് ഹജ്ജ് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്. ഹജ്ജിന് ഒരുക്കം പൂർത്തിയാക്കുന്ന സൗദി അറേബ്യ ഭരണാധികാരികളെയും സർക്കാറിനെയും ജനങ്ങളെയും ഇരു വകുപ്പുകളും പ്രസ്താവനയിൽ അഭിനന്ദിച്ചു. സൗദി മാനദണ്ഡം അടിസ്ഥാനമാക്കിയാണ് നിർദേശം.
ഈ വർഷത്തെ ഹജ്ജിന് കൂടുതൽ പേരും സൗദിക്ക് പുറത്തുനിന്ന് വരുന്ന തീർഥാടകരാകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ട് വർഷമായി ഹജ്ജ് നിർവഹിക്കാനുള്ള അവസരം നഷ്ടപ്പെട്ടത് കണക്കിലെടുത്താണ് വിദേശ തീർഥാടകർക്ക് വലിയ വിഹിതം അനുവദിച്ചത്. തീർഥാടകരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്തുള്ള മാനദണ്ഡമാണ് സൗദി മന്ത്രാലയം തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.