ഷാർജ: എമിറേറ്റിലെ നൂറുകണക്കിന് വരുന്ന സ്വദേശികൾക്കായി 373 ദശലക്ഷം ദിർഹമിന്റെ ഭവന വായ്പക്ക് കൂടി യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അംഗീകാരം നൽകി. ഈ വർഷം മൂന്നാമത്തെ ഭവനവായ്പ പദ്ധതിക്കാണ് ഈ വർഷം ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ അംഗീകാരം നൽകുന്നത്.
പുതിയ വീടുകളുടെ നിർമാണം, വിപുലീകരണ പ്രവൃത്തികൾ, സർക്കാർ നിർമിച്ച ഭവനങ്ങളുടെ അറ്റകുറ്റപ്പണികൾ, ഭാഗികമായി നിർമിച്ച വീടുകളുടെ പൂർത്തീകരണം എന്നിവക്കായി ഫണ്ട് എമിറേറ്റിലുടനീളം വിതരണം ചെയ്യുമെന്ന് വാർത്ത ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു.
ഇമാറാത്തി ഹൗസിങ് ഡിപ്പാർട്മെന്റ് ആരംഭിച്ചതു മുതൽ ഇതുവരെ 12,100 പേർക്കായി 10.4 ശതകോടി ദിർഹമിന്റെ സഹായമാണ് അനുവദിച്ചത്. ഈ വർഷം തുടക്കത്തിൽ പദ്ധതിക്ക് അർഹരായ ഇമാറാത്തികളുടെ എണ്ണം 50 ശതമാനമായി ഉയർത്തിയിരുന്നു. 500 കുടുംബങ്ങൾക്കുകൂടിയാണ് ഇതുവഴി അപേക്ഷ സമർപ്പിക്കാൻ അവസരം ലഭിച്ചത്.
ഇതോടെ പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം 1000ത്തിൽനിന്ന് 1500 ആയി ഉയരുകയും ചെയ്തിരുന്നു. 2012ൽ തുടക്കമിട്ട ഷാർജ ഹൗസിങ് പ്രോഗ്രാം വഴി 8.9 ശതകോടി ദിർഹമിന്റെ ഭവന നിർമാണ സഹായമാണ് അനുവദിച്ചത്. 10,879 കുടുംബങ്ങൾക്ക് ഇതിന്റെ ഗുണം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.