ഫര്‍ഫര്‍ മലനിരകള്‍ക്കിടയില്‍ മഞ്ഞ് പുതച്ച് കിടക്കുന്ന വാദി അല്‍ ഹെലോ താഴ്വരയിലൂടെ നീങ്ങുേമ്പാളാണ് ചെറിയ പള്ളി ദൃശ്യമാവുക. റാന്തല്‍ വിളക്കുകള്‍ ചുറ്റും തൂക്കിയ പള്ളിയുടെ ചുവരുകള്‍ക്ക് പഴമയുടെ നിറം. കാറ്റിനും വെളിച്ചത്തിനും ഏത് സമയത്തും കടന്ന് വരാനായി ജാലകങ്ങള്‍ തുറന്നിട്ടിരിക്കുന്നു. മഞ്ഞ് വിട്ടൊഴിഞ്ഞപ്പോള്‍ പള്ളിക്കകത്ത് നിന്ന് പക്ഷികള്‍ കൂട്ടത്തോടെ തൊട്ടടുത്ത മരങ്ങളിലേക്ക് പറന്നു പോകുന്നത് കണ്ടു. എന്നാല്‍ പള്ളി വരാന്തയിലെ തണുപ്പില്‍ കിടന്ന രണ്ട് ആടുകള്‍ എണിക്കാന്‍ കൂട്ടാക്കിയില്ല. മലയുടെ വിജനതയില്‍ നിന്ന് കുറുക്കന്മാര് ഓരിയിടുന്നത് കേള്‍ക്കുമ്പോള്‍ ആടുകള്‍ കണ്ണ് തുറക്കും, വീണ്ടും ഉറക്കത്തിലേക്ക് നീങ്ങും.
പള്ളിക്ക് സമീപത്തായി കാലം എടുത്ത് പോയ അതിപുരാതന മിനാരം ഉറപ്പിച്ചിരുന്ന തൂണ് നശിക്കാതെ നില്‍ക്കുന്നുണ്ട്. അതിെൻറ അടുത്തായാണ് പള്ളിയുള്ളത്. പരിസരമാകെ നിലംപൊത്തിയ വീടുകളുടെ അവശിഷ്ടങ്ങള്‍ കുന്ന് കൂടി കിടക്കുന്നു. ഷാര്‍ജയിലെ ഏറ്റവും പഴക്കം ചെന്ന ജനവാസ മേഖലകളില്‍ പ്രഥമ സ്ഥാനമുണ്ട് വാദി അല്‍ ഹെലോക്ക്. നൂറ് കണക്കിന് കുടുംബങ്ങളാണ് ഈ താഴ്വരയില് നിന്ന് പുതിയ താമസ മേഖലയിലേക്ക് മാറിയത്. എന്നാല്‍ സമയം കിട്ടുമ്പോഴോക്കെ അവരിവിടെ സന്ദര്ശിക്കാനത്തെും. തകര്‍ന്ന വീടുകളുടെ ചില ഗോവണികളും ചുവരുകളും പ്രദേശത്തുണ്ടെങ്കിലും കേട് പാടുകളില്ലാതെ നില്‍ക്കുന്നത് പള്ളി മാത്രമാണ്. പള്ളിക്കകത്ത് നമസ്ക്കരിക്കാനുള്ള സൗകര്യമുണ്ട്.
പരിസരത്തെ തോട്ടങ്ങളില്‍ ജോലി ചെയ്യുന്നവരും ആട്ടിടയന്മാരുമാണ് സ്ഥിരമായി എത്താറുള്ളത്. മുഹമ്മദ് അസദിെൻറ മക്കയിലേക്കുള്ള പാതയിലെ വിജനതയില്‍ വായിച്ചറിഞ്ഞ പള്ളിയാണോയിതെന്ന് തോന്നിപോകും. ജോലിയെല്ലാം അവസാനിക്കുമ്പോള്‍, മനസിലും ശരീരത്തിലും കയറി കൂടിയ വേദനയകറ്റാന്‍ രാവില്‍, പള്ളിയുടെ നിശബ്ദതയിലിരുന്ന് ഖുര്‍ആന്‍ വായിക്കാറുണ്ടെന്ന് സമീപത്ത് ജോലി ചെയ്യുന്ന തൊഴിലാളി പറഞ്ഞു. ഈന്തപ്പനയോല കൊണ്ട് അലങ്കരിച്ച പള്ളിയുടെ ഉത്തരത്തില്‍ രാത്രിയില്‍ വവ്വാലുകള്‍ എത്തുന്നതോടെ പള്ളി മൗനം വെടിയും. അകത്ത് ലഭ്യമായ ഇടങ്ങളിലെല്ലാം പക്ഷികള്‍ കൂട് വെച്ചിട്ടുണ്ട്. തൊട്ടടുത്ത അറ്റം കാണാത്ത കിണറ്റില്‍ വെള്ളം കുറവായത് കാരണം വെള്ളത്തിന് ക്ഷാമമുണ്ട്. വാദി അല്‍ ഹെലോയുടെ പൗരാണികമായ ഗന്ധം സൂക്ഷിക്കുന്നത് ഈ പള്ളിയാണ്. സന്ദര്‍ശകര്‍ക്കെല്ലാം പള്ളിയില്‍ കയറാം.
നിരീക്ഷണ കാമറകളോ, നിരീക്ഷകനോ ഇവിടെയില്ല. ആകാശം മുട്ടുന്ന മലകളും വിളഞ്ഞ് കിടക്കുന്ന തോട്ടങ്ങളും ആട്ടിന്‍ പറ്റങ്ങളും ഇടക്ക് പ്രത്യക്ഷപ്പെടുന്ന കഴുതകളും മാത്രമാണ് ഇവിടെ ആകെയുള്ളത്. പരിസരത്തെ കുറ്റിച്ചെടികളിലാകെ കുരുവികളുടെ കൂടുകളുണ്ട്. ഷാര്‍ജയുടെ ചരിത്രത്തോളം പഴക്കമുണ്ട് ഈ മേഖലക്ക്. എന്നാല്‍, മലീഹ-കല്‍ബ റോഡിലൂടെ പോകുന്നവരില്‍ അധികം പേര്‍ക്കും അറിയില്ല മലകള്‍ കാക്കുന്ന ഈ പൗരാണിക മേഖല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.