ദുബൈ: തിങ്കളാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച് ചൊവ്വാഴ്ച തകർത്ത് പെയ്ത മഴ നിലച്ചപ്പോൾ ദുരിതം ബാക്കി. രാജ്യത്തെ എല്ലാ എമിറേറ്റുകളെയും നഗരങ്ങളെയും ബാധിച്ച മഴ ദുബൈയിലും ഷാർജയിലും അപ്രതീക്ഷിതമായ രീതിയിൽ വെള്ളം ഉയരാൻ കാരണമായി. അതേസമയം, അധികൃതർ മഴ മുൻകൂട്ടി കണ്ട് സ്വീകരിച്ച നടപടികൾ അപകടങ്ങൾ കുറയാൻ കാരണമായി.
സ്കൂളുകളും സർക്കാർ ജീവനക്കാരുടെ പ്രവർത്തനവും പൂർണമായും ഓൺലൈനിലാക്കിയതും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് നിർദേശം നൽകിയതും അപകടങ്ങൾ കുറച്ചു. ഇതിനകം ഒരു മരണം മാത്രമാണ് റെക്കോർഡ് പേമാരിക്കിടയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
റാസല്‍ഖൈമ ദക്ഷിണ മേഖലയിലെ വാദി സിഫ്നിയില് മലവെള്ളപ്പാച്ചിലിൽപെട്ട വാഹനം മറിഞ്ഞാണ് തദ്ദേശീയനായ 70കാരന് ദാരുണാന്ത്യം സംഭവിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ഇദ്ദേഹം സഞ്ചരിച്ച വാഹനം വാദി ഇസ്ഫ്നിയില് പ്രവേശിച്ചയുടന്‍ മലവെള്ളപ്പാച്ചിലിൽ അകപ്പെടുകയായിരുന്നു. വാഹനം ഒഴുക്കിൽപെട്ട വിവരം റാക് പൊലീസ് ഓപറേഷന് റൂമില്‍ ദൃക്സാക്ഷികള്‍ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.
മഴയില്‍ കണക്കുകൂട്ടലുകള്‍ക്കപ്പുറമായിരുന്നു വാദികളില്‍ ജലത്തിന്റെ തോത്. മുന്‍കരുതല്‍ നിർദേശങ്ങള്‍ അവഗണിച്ച് താഴ്വരയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതാണ് ദൗര്‍ഭാഗ്യകരമായ സംഭവത്തിന് കാരണം. വാദി ഇസ്ഫ്നിയിലേക്ക് വാഹനം ഒഴുകിപ്പോയ വിവരം പൊലീസ് ഓപറേഷന് റൂമില്‍ ലഭിച്ചയുടന്‍ സന്നദ്ധസേന സംഭവസ്ഥലത്തെത്തുകയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
ബുധനാഴ്ച രാവിലെമുതൽ തെളിഞ്ഞ കാലാവസ്ഥ ലഭ്യമായതോടെ ദുരന്തനിവാരണ പ്രവർത്തനങ്ങളുമായി അധികൃതർ സജീവമായിട്ടുണ്ട്. വിവിധ സർക്കാർ ഏജൻസികൾ വെള്ളക്കെട്ടുകൾ നീക്കം ചെയ്യാനും ഗതാഗതം പുനഃസ്ഥാപിക്കാനും സജീവമായി പ്രവർത്തിച്ചുവരികയാണ്. പല റോഡുകളിലും ബുധനാഴ്ച രാത്രിയും വെള്ളക്കെട്ട് നിലവിലുണ്ട്. ടാങ്കർ ലോറികളിൽ വെള്ളം മോട്ടോർ വഴി അടിച്ച് വറ്റിക്കുന്ന പ്രവർത്തനമാണ് മുനിസിപ്പാലിറ്റി വൃത്തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നത്.
പല പാർക്കിങ് സ്ഥലങ്ങളിലും വെള്ളം കയറിയതുമൂലം നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നൂറുകണക്കിന് വാഹനങ്ങളാണ് യാത്രക്കിടയിൽ വഴിയിൽ അകപ്പെട്ടത്. ഇവ അറ്റകുറ്റപണികൾക്കായി മാറ്റുന്നത് തുടരുകയാണ്. റോഡിലും പാർക്കിങ് സ്ഥലങ്ങളിലും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യത്തിൽ സ്വകാര്യ കമ്പനികളിലും ഓഫിസുകളിലും ബുധനാഴ്ച ഹാജർനില കുറവായിരുന്നു.
രാജ്യത്തിന്റെ നഗരപ്രദേശങ്ങളെ പോലെ വലിയ കെടുതിയാണ് ഗ്രാമീണ, മലയോര മേഖലകളിലുമുണ്ടായിട്ടുള്ളത്. കാർഷിക മേഖലകളിൽ വലിയ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പല ഫാമുകളും കൃഷിയിടങ്ങളും പൂർണമായും നശിച്ച സാഹചര്യമാണുള്ളത്. നിരവധി വളർത്തുമൃഗങ്ങൾ ചത്തുപോയിട്ടുമുണ്ട്. പല സ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും താമസസ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങൾ പലതും ബുധനാഴ്ച രാവിലെ തുറന്നപ്പോഴാണ് വെള്ളം കയറിയത് ശ്രദ്ധയിൽപെട്ടത്.
സ്കൂളുകൾക്ക് ഇന്നും നാളെയും വിദൂര പഠനം
ദുബൈ: രാജ്യത്തെ സർക്കാർ സ്കൂളുകൾക്ക് വ്യാഴം, വെള്ളി ദിവസങ്ങളിലും ഓൺലൈൻ പഠനം പ്രഖ്യാപിച്ച് എമിറേറ്റ്സ് സ്കൂൾ ഫൗണ്ടേഷൻ. നേരത്തെ ചൊവ്വ, ബുധൻ ദിവസങ്ങളിൽ വിദൂര പഠനത്തിന് നിർദേശം നൽകിയിരുന്നു. എന്നാൽ, മഴക്കെടുതി പൂർണമായും നീങ്ങാത്ത സാഹചര്യത്തിലാണ് ഓൺലൈൻ പഠനം ദീർഘിപ്പിച്ചത്.
ദുബൈയിലും ഷാർജയിലും സ്വകാര്യ സ്കൂളുകൾക്കും വിദൂര പഠനം പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈയിൽ നോളജ് ആൻഡ് ഹ്യുമൻ ഡെവലപ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ശനി, ഞായർ ദിവസങ്ങൾ വാരാന്ത്യ അവധി ദിനങ്ങളായതിനാൽ തിങ്കളാഴ്ചയാകും സ്കൂളുകളിൽ നേരിട്ടുള്ള പഠനം ആരംഭിക്കുക.
ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽ സർവിസുകൾ മുടങ്ങി
ദുബൈ: കനത്ത മഴയെതുടർന്ന് ദുബൈ, ഷാർജ വിമാനത്താവളങ്ങളിൽനിന്നുള്ള നിരവധി സർവിസുകൾ റദ്ദാക്കുകയും തിരിച്ചുവിടുകയും ചെയ്തു. അനിവാര്യമല്ലെങ്കിൽ വിമാനത്താവളത്തിലേക്ക് യാത്രചെയ്യരുതെന്ന് യാത്രക്കാരോട് ദുബൈ വിമാനത്താവള അധികൃതർ ആവശ്യപ്പെട്ടു.
എമിറേറ്റ്സും ഫ്ലൈദുബൈയും ചെക് ഇൻ സർവിസുകൾ ബുധനാഴ്ച നിർത്തിവെച്ചതായി അറിയിച്ചിട്ടുമുണ്ട്. പല വിമാനങ്ങളും തിരിച്ചുവിടുകയും റദ്ദാക്കുകയും ചെയ്തതോടെ നിരവധി യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങുകയും ചെയ്തു. പ്രവർത്തനം പൂർവസ്ഥിതിയിലാക്കാൻ സജീവമായി അധികൃതർ നടപടികൾ സ്വീകരിച്ചുവരികയാണ്.
എയർ അറേബ്യ ഷാർജ വിമാനത്താവളത്തിൽനിന്നുള്ള സർവിസുകളുടെ ചെക്-ഇൻ വ്യാഴാഴ്ച പുലർച്ച 2 മണിവരെ റദ്ദാക്കിയതായാണ് അറിയിച്ചത്. ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു നടപടിയെന്നും പ്രസ്താവനയിൽ അറിയിച്ചു.
ദുബൈയിൽനിന്ന് തിരിച്ചുവിട്ട 21 വിമാനങ്ങൾ അബൂദബി സായിദ് ഇന്റർനാഷനൽ എയർപോർട്ടിലാണ് ഇറങ്ങിയത്. ഇതിൽ 20 എണ്ണം പാസഞ്ചർ വിമാനങ്ങളും ഒന്ന് കാർഗോ വിമാനവുമാണ്. പ്രതികൂലമായ കാലാവസ്ഥയിലും സായിദ് വിമാനത്താവളം പൂർണമായും പ്രവർത്തനസജ്ജമാണെന്നും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
ദുബൈ, ഷാർജ വിമാനത്താവളങ്ങളുടെ പ്രവർത്തനം വ്യാഴാഴ്ച പൂർവ സ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റോഡുകൾ പലതും അടച്ചിട്ടു; പലരും ഓഫിസുകളിൽ കുടുങ്ങി
ദുബൈ: ശക്തമായ മഴയിൽ വെള്ളം കയറിയ നിരവധി റോഡുകൾ അടച്ചിട്ട് അധികൃതർ. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് റോഡുകളിൽ ഗതാഗതം തടഞ്ഞത്. എമിറേറ്റ്സ് റോഡിന്റെ ഉമ്മുൽ ഖുവൈനിൽനിന്ന് റാസൽഖൈമയിലേക്കുള്ള ഭാഗം അടച്ചിട്ടുണ്ട്. ബദൽ പാതയായി ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഉപയോഗിക്കാൻ യാത്രക്കാരോട് അഭ്യർഥിച്ചിട്ടുണ്ട്.
ഉമ്മുൽ ഖുവൈനിലെ ബയാത പ്രദേശത്തിന് സമീപമുള്ള ശൈഖ് സായിദ് റോഡും ഇരുദിശകളിലേക്കും അടച്ചിട്ടുണ്ട്. കനത്ത മഴയിൽ വാദി ബത്തയിൽ വെള്ളം കയറിയതിനെതുടർന്നാണ് നടപടി സ്വീകരിച്ചത്. ദുബൈ ശൈഖ് സായിദ് റോഡിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാവുകയും ചെയ്തു. മറ്റു എമിറേറ്റുകളിലും തകർന്ന റോഡുകളിലും വെള്ളം നിറഞ്ഞ റോഡുകളിലും ഗതാഗതം വിലക്കിയിട്ടുണ്ട്. ബുധനാഴ്ച രാത്രിയോടെ അടച്ചിട്ട ചില റോഡുകൾ തുറന്നിട്ടുണ്ട്.
റെക്കോഡുകൾ തകർത്ത മഴ
ദുബൈ: ചൊവ്വാഴ്ച രാജ്യത്ത് പെയ്ത മഴ 75 വർഷത്തെ എല്ലാ റെക്കോഡുകളും അപ്രസക്തമാക്കുന്നതായിരുന്നുവെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. രാജ്യത്ത് മഴ വിവരങ്ങൾ ശേഖരിക്കാൻ ആരംഭിച്ച 1949ന് ശേഷം ഇത്രയും വലിയ മഴ രേഖപ്പെടുത്തിയിട്ടില്ല. രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് അൽഐനിലെ ഖതം അൽ ശക്ല പ്രദേശത്താണ്. ഇവിടെ മഴ 254 മി.മീറ്ററാണ് ഒരു ദിവസത്തിനിടെ പെയ്തത്. ഈ വർഷം നേരത്തെയും ശക്തമായ മഴ പല സ്ഥലങ്ങളിലും ലഭിച്ചിട്ടുണ്ടെങ്കിലും രാജ്യത്തൊന്നടങ്കം ബാധിച്ചിരുന്നില്ല.
റാസല്‍ഖൈമയില്‍ രക്ഷാപ്രവര്‍ത്തനം സജീവം
റാസല്‍ഖൈമ: ബുധനാഴ്ച രാവിലെ റാസല്‍ഖൈമയില്‍ കാലാവസ്ഥ സാധാരണ നില കൈവരിച്ചതോടെ രക്ഷാപ്രവർത്തനം സജീവമായി. ചൊവ്വാഴ്ചത്തെ കനത്ത മഴയിലും കാറ്റിലും പലയിടങ്ങളിലും രൂപപ്പെട്ട തടസ്സങ്ങള്‍ നീക്കുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും രക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൈവരിക്കുന്നതിനും സുഖകരമായ കാലാവസ്ഥ സഹായിച്ചു.
പബ്ലിക് വര്‍ക്സ് വകുപ്പ്, സിവില്‍ ഡിഫന്‍സ് തുടങ്ങി വിവിധ വകുപ്പുകളുമായുള്ള സംയുക്ത പ്രവര്‍ത്തനങ്ങളിലൂടെ റാസല്‍ഖൈമയിലെങ്ങും രക്ഷാ പ്രവര്‍ത്തനം സജീവമാണെന്ന് റാക് പൊലീസ് വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. എമിറേറ്റിലുടനീളം ശുചീകരണ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
അബൂദബി-ദുബൈ ബോര്‍ഡര്‍ അല്‍ ഫഖ മേഖലയിലെ തോട്ടത്തില്‍ കനത്ത മഴയിലും ശക്തമായ കാറ്റിലും വീണ മരങ്ങള്‍
ഷാർജയിൽ റോഡിലെ വെള്ളക്കെട്ടിൽ കുടുങ്ങിയ വാഹനം തള്ളിനീക്കുന്നു
റോഡിൽ കുടുങ്ങിയ യാത്രക്കാരനെ സഹായിക്കുന്ന ദുബൈ പൊലീസ്
യാത്രക്കാർക്ക് ദുബൈ ആർ.ടി.എ ഏർപ്പെടുത്തിയ ബസ് സർവിസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.