ദുബൈ: അന്താരാഷ്ട്ര ബഹികാരാകാശ ചരിത്രത്തിൽ അറബ് ലോകത്തിെൻറ സാന്നിധ്യം എഴുതി ചേർത്ത് ചരിത്രക്കുതിപ്പ് നടത്തിയ മേജർ ഹസ്സ അൽമൻസൂരിയുടെ പിൻഗാമികളായ ആ രണ്ടു പേർ ആരെന്ന് ഉടൻ അറിയാം. രാജ്യത്തിെൻറ അഭിമാനമുയർത്താൻ തെരഞ്ഞെടുക്കപ്പെടുന്ന രണ്ടു പേരെ സ്വാഗതം ചെയ്യാൻ തിടുക്കമായെന്ന് ഹസ്സ അൽ മൻസൂരി ട്വീറ്റിൽ വ്യക്തമാക്കി. പുതിയ പര്യവേക്ഷകരെ വെളിപ്പെടുത്തുന്നതിൽ താൻ വളരെ ഉത്സുകനാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ രണ്ട് പുതിയ ഇമാറാത്തി ബഹിരാകാശ യാത്രികർ തനിക്കും സുൽത്താനുമൊപ്പം ചേരുമെന്നും ഹസ്സ അൽ മൻസൂരി കുറിച്ചു.
ബഹിരാകാശ പര്യവേക്ഷണമെന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിന് നിരവധി ശാസ്ത്രകുതകികളാണ് ഹസ്സ അൽ മൻസൂരിയുടെ നേതൃത്വത്തിൽ നടന്ന പ്രക്രിയകളിൽ പങ്കാളികളായത്. പര്യവേക്ഷണ പദ്ധതിയിലേക്ക് അതീവ താല്പര്യത്തോടെ എത്തിയത് 4305 അപേക്ഷകളായിരുന്നു. ഇതിൽ 1400 അപേക്ഷകർ ഇമാറാത്തി യുവതികളായിരുന്നു. ഉന്നത വിദ്യാഭ്യാസം നേടിയവരും ശാസ്ത്രരംഗത്തെ മികച്ച ഗവേഷകരുമുൾപെടെ നിരവധി പ്രതിഭകളും അന്താരാഷ്ട്ര പര്യവേക്ഷണ രംഗത്ത് രാജ്യത്തിെൻറ യശസ്സുയർത്തുന്നതിന് സന്നദ്ധരായി മുന്നോട്ടുവന്നിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ബഹിരാകാശ പര്യവേക്ഷണ പദ്ധതിയിലേക്ക് 130ഓളം പി.എച്ച്.ഡി ബിരുദധാരികളും അപേക്ഷിച്ചു. 4305 അപേക്ഷകരിൽ നിന്നാണ് നിരവധി ടെസ്റ്റുകൾക്കും അഭിമുഖങ്ങൾക്കും ശേഷം അവസാന ലിസ്റ്റിലേക്കുള്ള 14 പേരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഒമ്പത് പുരുഷന്മാരും അഞ്ച് സ്ത്രീകളുമടങ്ങുന്ന ഇൗ 14 പേരിൽ നിന്നാണ് അടുത്ത ഘട്ടത്തിൽ യു.എ.ഇയുടെ പതാകയേന്തുന്ന രണ്ടു ബഹിരാകാശ പര്യവേക്ഷകരെ കണ്ടെത്തുക.
മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രത്തിെൻറ (എം.ബി.ആർ.എസ്.സി) കീഴിൽ ആരംഭിക്കുന്ന യു.എ.ഇ ബഹിരാകാശ പര്യവേക്ഷണ പദ്ധതിക്ക് ലഭിച്ച അപേക്ഷകളുടെ വിശദാംശങ്ങൾ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമാണ് പുറത്തുവിട്ടത്. ശാസ്ത്രത്തോടും പര്യവേക്ഷണത്തോടും നമ്മുടെ യുവത കാട്ടുന്ന താല്പര്യത്തിലും അഭിനിവേശത്തിലും രാജ്യം പൂർണമായി അഭിമാനിക്കുന്നതായി ശൈഖ് മുഹമ്മദ് പറഞ്ഞു.
2019 സെപ്റ്റംബർ 25നായിരുന്നു യു.എ.ഇ പൗരൻ മേജർ ഹസ്സ അൽമൻസൂറി ബഹിരാകാശ കേന്ദ്രത്തിലേക്ക് ചരിത്രക്കുതിപ്പ് നടത്തിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐസ്എസ്) പോയ ഹസ്സ, വിജയകരമായ പര്യവേക്ഷണത്തിലൂടെ ബഹിരാകാശ നിലയത്തിൽ സാന്നിധ്യമറിയിച്ച രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇക്ക് ഇടംനേടിക്കൊടുക്കുകയും ചെയ്തു. എട്ടു ദിവസത്തിനു ശേഷം ഒക്ടോബർ മൂന്നിനാണ് ഹസ്സ തിരികെ ഭൂമിയിലെത്തിയത്. 16 പരീക്ഷണങ്ങളാണ് ഹസ്സ ബഹിരാകാശ കേന്ദ്രത്തിൽ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.