ദുബൈ: ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകണമെന്ന മുന്നറിയിപ്പുമായി യു.എ.ഇ മാനുഷിക വിഭവശേഷി മന്ത്രാലയം. അല്ലാത്തപക്ഷം പിഴ ഒടുക്കേണ്ടിവരുമെന്നും മന്ത്രാലയം സ്വകാര്യ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നിശ്ചിത ദിവസത്തിനുള്ളിൽ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യൂ.പി.എസ്) വഴി തുക അക്കൗണ്ടിൽ നൽകണമെന്നും അറിയിച്ചു. ജോലികൾക്ക് കൃത്യമായ ശമ്പളം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുമെന്ന് മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഫോർ ഇൻസ്പെക്ഷൻ മെഹർ അൽ ഒബെദ് പറഞ്ഞു. കൃത്യസമയത്ത് ശമ്പളം നൽകുന്നത് ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കാൻ ഉപകരിക്കും. മാനുഷിക വിഭവശേഷി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ ഡബ്ല്യൂ.പി.എസ് പ്രകാരമാണ് ശമ്പളം നൽകേണ്ടത്. ഇതിനായി യു.എ.ഇയിലെ ബാങ്കിൽ അക്കൗണ്ട് തുടങ്ങണം. ഈ ബാങ്ക് വഴിയാണ് ശമ്പളം നൽകേണ്ടത്. ഇതെല്ലാം ഡബ്ല്യൂ.പി.എസിന്റെ മേൽനോട്ടത്തിലായിരിക്കും.
ശമ്പളം വൈകിയാൽ സ്ഥാപനം പിഴ അടക്കേണ്ടിവരും. ശമ്പള തീയതിയുടെ 10 ദിവസം കഴിഞ്ഞാൽ പിഴ നൽകേണ്ടിവരും. ഒരു തൊഴിലാളിക്ക് 1000 ദിർഹം എന്ന കണക്കിലാണ് പിഴ. ശമ്പളം കൈമാറുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളിൽ കൃത്രിമം കാണിച്ചാൽ ഓരോ തൊഴിലാളിക്കും 5000 ദിർഹം എന്ന നിലയിൽ പിഴ അടക്കണം. പരമാവധി 50,000 ദിർഹമാണ് പിഴ. വ്യാജ സാലറി സ്ലിപ് നൽകിയാൽ ഒരു ജീവനക്കാരന് 5000 ദിർഹം വീതം പിഴ അടക്കണം. മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ സ്ഥാപനങ്ങളും നിർബന്ധമായും ഡബ്ല്യൂ.പി.എസിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നും അല്ലാത്തപക്ഷം നടപടികൾ നേരിടേണ്ടിവരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.