പാചകവാതക ഉപയോഗം കരുതലോടെ വേണം

അബൂദബി: പാചകവാതക സിലിണ്ടറുകള്‍, കേന്ദ്രീകൃത സംഭരണികള്‍ എന്നിവയുടെ സുരക്ഷ ഉറപ്പാക്കാനും സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തുന്നതിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അബൂദബി പോലിസ് ആവശ്യപ്പെട്ടു. തീപിടിത്ത മുന്നറിയിപ്പ് നല്‍കുന്ന ഹസ്സന്‍തുക് സംവിധാനം പ്രവര്‍ത്തനസജ്ജമാണെന്ന് ഉറപ്പാക്കണം. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടം വര്‍ധിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച അബൂദബി ഖാലിദയയില്‍ റസ്റ്റാറന്‍റ്​ ഉള്‍പ്പെടുന്ന കെട്ടിത്തില്‍ സ്‌ഫോടനത്തില്‍ 2പേര്‍ മരിക്കുകയും 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് പാചക വാതക സംഭരണിയില്‍ പൊട്ടിത്തെറിയുണ്ടായതിനെ തുടര്‍ന്നാണ്.

ഗ്യാസ് സിലിണ്ടര്‍ കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധയും സുരക്ഷാസംവിധാനം ഒരുക്കുന്നതിലെ വീഴ്ചയുമാണ് മിക്ക അപകടങ്ങള്‍ക്കും അഗ്‌നിബാധക്കും പ്രധാന കാരണം. ഇതുമൂലം വിലപ്പെട്ട ജീവന്‍ നഷ്ടമാകുന്നതിലേക്ക്​ നയിക്കുമെന്നും പോലിസ് മുന്നറിയിപ്പ് നല്‍കി. ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. സിലിണ്ടറില്‍ റെഗുലേറ്റര്‍ കൃത്യമായി ഘടിപ്പിച്ചുവെന്നും വാതക ചോര്‍ച്ചയില്ലെന്നും ഉറപ്പാക്കണം. ചോര്‍ച്ചയുണ്ടാകുമ്പോള്‍ മുന്നറിയിപ്പു നല്‍കുന്ന ലീക്ക് ഡിറ്റക്ടറുകളും സ്ഥാപിക്കണമെന്ന് അഗ്‌നിരക്ഷാസേന പറഞ്ഞു.

സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തണം. പാചകവാതകം അന്തരീക്ഷ വായുവുമായി ചേര്‍ന്ന് കത്തുന്ന മിശ്രിതമായി രൂപപ്പെടുകയും ഇതോടൊപ്പം തീപ്പൊരി ചേരുന്നതോടെ അഗ്‌നിബാധയും പൊട്ടിത്തെറിയും ഉണ്ടാകും. ഫെബ്രുവരിയില്‍ ഹംദാന്‍ സ്ട്രീറ്റിലെ കെട്ടിടത്തില്‍ വാതക ചോര്‍ച്ചയുണ്ടായി പൊട്ടിത്തെറിച്ചിരുന്നു. 2020 ഓഗസ്റ്റില്‍ അബൂദബി ശൈഖ് റാശിദ് ബിന്‍ സഈദ് റോഡിലെ കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ 3 പേര്‍ മരിക്കുകയും ഒട്ടേറെ പേർക്ക്​ പരുക്കേല്‍ക്കുകയും ചെയ്തു. പാചകവാതകം നിറക്കുന്നതിലെ അപാകതയാണ് സ്‌ഫോടനത്തിനു കാരണമായത്.

2020 ഡിസംബറില്‍ ഷാര്‍ജയിലെ സജ വ്യവസായ മേഖലയിലെ സ്‌കാപ്പ് ഷോപ്പില്‍ പാചക വാതക സിലിണ്ടറിലെ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഫലപ്രദമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചാല്‍ ഒഴിവാക്കാവുന്നതാണ് ഇത്തരം അപകടങ്ങൾ.

എന്താണ് ഹസ്സന്‍തുക്

നിങ്ങളെ സംരക്ഷിക്കൂ എന്ന അര്‍ഥം വരുന്ന അറബിക് പദമാണ് ഹസ്സന്‍തുക്. കെട്ടിടങ്ങളില്‍ തീപിടിത്തമുണ്ടാകുമ്പോള്‍ അഗ്‌നിരക്ഷാ കേന്ദ്രങ്ങളില്‍ അപായ സൂചന ലഭിക്കുന്ന സംവിധാനമാണിത്. പ്രസ്തുത കെട്ടിടത്തിന്‍റെയും ഫ്ലാറ്റി​ന്‍റെയും വിശദാംശങ്ങള്‍ സിവില്‍ ഡിഫന്‍സിലെ കേന്ദ്രീകൃത സംവിധാനത്തില്‍ ലഭിക്കുന്നതോടെ അഗ്‌നിശമനസേന കുതിച്ചെത്തി ജനങ്ങളെ രക്ഷിക്കും. കെട്ടിടത്തിലെ അഗ്‌നിശമന സംവിധാനത്തില്‍ സ്ഥാപിക്കുന്ന അലാറം ട്രാന്‍സ്മിഷന്‍ ഉപകരണം തീപിടിത്ത സൂചന സിവില്‍ ഡിഫന്‍സിനു കൈമാറും. നിര്‍മിത ബുദ്ധി ഉപയോഗിച്ച് അഗ്‌നിബാധയുടെ വ്യാപ്തി അറിഞ്ഞ് സര്‍വ സന്നാഹങ്ങളുമായി സിവില്‍ ഡിഫന്‍സിന് സ്ഥലത്തെത്തും. അപായ സൂചന തെറ്റാണോ എന്നും മിനിറ്റുകള്‍ക്കകം പരിശോധിക്കാം. കെട്ടിടത്തിനകത്തെ താപനില നിശ്ചിത അളവില്‍ കൂടിയാലും വൈദ്യുതി ബന്ധം നിലച്ചാലും അപായ സൂചന മുഴക്കും.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  • ഗ്യാസ് സിലിണ്ടറില്‍ നിലവാരമുള്ള റെഗുലേറ്ററും പൈപ്പും ഉപയോഗിച്ച് ശരിയായി ബന്ധിപ്പിച്ചുവെന്ന് ഉറപ്പാക്കുക
  • ഉപയോഗശേഷം റെഗുലേറ്റര്‍ ഓഫാക്കുക
  • ഉപയോഗിക്കാത്ത അടുപ്പിന്‍റെ നോബുകള്‍ ഓഫാണെന്ന് ഉറപ്പാക്കുക
  • സിലിണ്ടറിനും അടുപ്പിനും സമീപം തീപിടിക്കുന്ന വസ്തുക്കള്‍ സൂക്ഷിക്കരുത്
  • അടുക്കളയില്‍ മതിയായ വായുസഞ്ചാരം ഉറപ്പാക്കുക
  • സൂര്യപ്രകാശം നേരിട്ടു പതിക്കുകയോ ചൂട് തട്ടാന്‍ സാധ്യതയുള്ളതോ ആയ ഭാഗത്തു നിന്ന്​ ഗ്യാസ് സിലിണ്ടര്‍ മാറ്റിവയ്ക്കുക
  • സിലിണ്ടറുകള്‍ അടുക്കളയുടെ പുറത്തുവെക്കുന്നതാണ് ഉചിതം -വായുസഞ്ചാരം ഉറപ്പാക്കണം
  • സിലിണ്ടറുമായി സ്റ്റൗവിനെ ബന്ധിപ്പിക്കുന്ന റബര്‍ ട്യൂബ്, വാല്‍വ് എന്നിവ ഇടക്കിടെ പരിശോധിച്ച് വാതകച്ചോര്‍ച്ച ഇല്ലെന്ന് ഉറപ്പുവരുത്തണം.
  • പാചകം കഴിഞ്ഞാല്‍ ഗ്യാസ് റഗുലേറ്റര്‍ അടക്കണം. നിലവാരമുള്ള സ്റ്റൗ ഉപയോഗിക്കുക.
  • സിലിണ്ടറിന് കേടുപാടുണ്ടോ എന്ന് ഇടക്കിടെ പരിശോധിക്കുക
  • തീപിടിത്ത സാധ്യതയുള്ള ഉല്‍പന്നങ്ങള്‍, വൈദ്യുത സ്വിച്ചുകള്‍ തുടങ്ങിയവക്ക്​ സമീപം സിലിണ്ടര്‍ വെക്കരുത്
  • ഗ്യാസ് ലീക്ക് ഡിറ്റക്ടറുകള്‍ സ്ഥാപിക്കുക
  • അംഗീകൃത കമ്പനികളില്‍നിന്ന് മാത്രം ഗ്യാസ് വാങ്ങുക
  • ഗ്യാസ് ഇന്‍സറ്റലേഷനും അറ്റകുറ്റപ്പണിക്കും അംഗീകൃത കമ്പനികളെയും വ്യക്തികളെയും മാത്രം ആശ്രയിക്കുക
  • അംഗീകൃത ഉപകരണങ്ങള്‍ ഉപയോഗിക്കുക
  • അഗ്‌നിരക്ഷാ വിഭാഗം അംഗീകരിച്ച വിതരണക്കാരെ മാത്രം ആശ്രയിക്കുക

Tags:    
News Summary - The use of cooking gas should be done with caution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.