രാഘവേട്ടനെ നാട്ടിലേക്ക് യാത്രയാക്കാൻ സാമൂഹിക പ്രവർത്തകർ എത്തിയപ്പോൾ

സുമനസ്സുകൾ കൈകോർത്തു; രാഘവേട്ടൻ നാടണഞ്ഞു

ഷാർജ: തീരാദുരിതത്തി​െൻറ കണ്ണീർക്കയത്തിൽ വർഷങ്ങൾ നരകയാതന അനുഭവിച്ച പയ്യന്നൂർ കണ്ടോത്ത് സ്വദേശി കുന്നപ്പട രാഘവനെ (80) സുമനസ്സുകൾ ചേർന്ന് കരക്കുകയറ്റി സന്തോഷത്തോടെ നാട്ടിലേക്ക് യാത്രയാക്കി. ദുബൈ ജാഫിലിയയിലെ കുടുസ്സുമുറിയിൽ ദുരിതജീവിതം നയിച്ചിരുന്ന രാഘവേട്ട​െൻറ കദന കഥ ഗൾഫിലെ മലയാള മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. 'രാഘവേട്ടന്​ വേണ്ടി' എന്ന പേരിൽ വാട്സ്​ആപ് ഗ്രൂപ്പും ഒരുക്കിയിരുന്നു. എല്ലാ ശ്രമങ്ങളും നന്മ എന്ന ബിന്ദുവിൽ കേന്ദ്രീകരിച്ചതോടെയാണ് രാഘവേട്ടൻ നാടണഞ്ഞത്.

അരനൂറ്റാണ്ടിലേറെ പ്രവാസിയായ രാഘവൻ പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും സാധിക്കാതെ ദുബൈ ജാഫിലിയയിലെ ഒരു കുടുസ്സുമുറിയിലാണ്​ ദിവസങ്ങൾ തള്ളിനീക്കിയിരുന്നത്. വർഷങ്ങളായി വിസ പുതുക്കിയിരുന്നില്ല. അരലക്ഷം ദിർഹമിലേറെ സാമ്പത്തിക ബാധ്യതയും കേസും നിയമക്കുരുക്കും ഒപ്പം രോഗവുമായി കടുത്ത പ്രതിസന്ധിയിലായിരുന്നു. 2014ന് ശേഷം രാഘവൻ നാട്ടിൽ പോയിരുന്നില്ല.1961ൽ പത്തേമാരിയിലാണ് കുന്നപ്പട രാഘവൻ ഖോർഫക്കാനിലെത്തിയത്. പ്രതിരോധവകുപ്പിൽ ജോലികിട്ടിയെങ്കിലും മലേറിയ ബാധിച്ചതിനാൽ രണ്ടര വർഷത്തെ പ്രതിരോധവകുപ്പിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചുപോയി.

വീണ്ടും 1972ൽ യു.എ.ഇയിൽ തിരിച്ചെത്തി. തയ്യൽജോലി അറിയാവുന്ന രാഘവൻ ജാഫിലിയയിൽതന്നെ സ്വന്തമായി തയ്യൽക്കട തുടങ്ങിയെങ്കിലും സാമ്പത്തിക മെച്ചമുണ്ടായില്ല. ഇതിനിടയിൽ ജീവിതത്തിൽ സാമ്പത്തിക ബാധ്യത കൂടിവന്നു. കാര്യമായ സമ്പാദ്യമായി ഉണ്ടായിരുന്നത് നാട്ടിൽ രാമപുരത്തെ 30 സെൻറ്​ സ്ഥലത്തെ ഇരുനില വീടായിരുന്നു. ബാധ്യത കൂടിവന്നപ്പോൾ വീടും സ്ഥലവും വിറ്റ് പയ്യന്നൂർ കൊത്തായിമുക്കിൽ ചെറിയൊരു വീടുവാങ്ങി.

തുടർന്ന് അജ്മാൻ ഫ്രീസോണിൽ അൽ മർവ ജനറൽ ട്രേഡിങ് എന്ന സ്ഥാപനമാരംഭിച്ചെങ്കിലും ബന്ധുവി​െൻറ ചതിയിൽ അതും തകർന്നു. ഇതിനിടെ വയറ്റിൽ അൾസർ ബാധിച്ച് ഗുരുതരാവസ്ഥയിലായി. വിസ പുതുക്കാത്തതിനാൽ പെട്ടെന്ന് നാട്ടിൽ പോയി ചികിത്സ നേടാനും സാധിച്ചില്ല. അജ്മാനിൽ ഇൻവെസ്​റ്റർ വിസയിലായിരുന്നു രാഘവൻ. ലൈസൻസ് പുതുക്കാത്തത് ഉൾപ്പെടെയുള്ള വീഴ്ചകൾക്ക് ഫ്രീസോൺ രാഘവനെതിരെ നിയമനടപടി സ്വീകരിച്ചിരുന്നു. 28,000 ദിർഹമി​െൻറ ബാധ്യതയാണുണ്ടായത്. പിഴയടക്കം 54,000 ദിർഹമോളം എത്തിയിരുന്നു. ഈ ഘട്ടത്തിലാണ് സുമനസ്സുകൾ കൈകോർത്തത്. ദുബൈയിൽനിന്ന് കണ്ണൂരിലേക്കുള്ള വിമാനത്തിലായിരുന്നു നാട്ടിലേക്കുള്ള യാത്ര. നന്ദി പറയാൻ രാഘവന് വാക്കുകൾ ഉണ്ടായിരുന്നില്ല. കണ്ണീർത്തുള്ളികളാണ് ആ ദൗത്യം ഏറ്റെടുത്തത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.