ദുബൈ: ലോകത്തെ ആദ്യ എ.സി ഹെൽമറ്റ് എക്സ്പോ നഗരിയിലെ ഇന്ത്യൻ പവിലിയനിൽ പുറത്തിറക്കി. പുറം തൊഴിലാളികൾക്കും ഫീൽഡ് എക്സിക്യൂട്ടിവുമാർക്കും ഉപകാരപ്രദമായ ഹെൽമറ്റ്, ഇന്ത്യയുടെ സാങ്കേതിക-സുരക്ഷാ സ്റ്റാർട്ടപ്പായ 'ജർഷ് സേഫ്റ്റി'യാണ് പുറത്തിറക്കിയത്. ശക്തമായ വേനൽ വെയിലിൽ പുറംജോലി ചെയ്യുന്നവർക്ക് ഹെൽമറ്റ് ആശ്വാസം നൽകുമെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ കമ്രാൻ ബിർജീസ് ഖാൻ പറഞ്ഞു. യു.എ.ഇയിലും മേഖലയിലും വലിയ മാറ്റം കൊണ്ടുവരാൻ സാധിക്കുന്ന ഉൽപന്നമാണിത്. വ്യവസായിക-നിർമാണ മേഖലയിലെയും മറ്റും ഔട്ട്ഡോർ തൊഴിലാളികൾ, എക്സിക്യൂട്ടിവുകൾ എന്നിവർക്ക് സൗകര്യപ്രദമാണിത് -അദ്ദേഹം കൂട്ടിച്ചേർത്തു. റീചാർജ് ചെയ്യാനാവുന്ന ബാറ്ററിയിലാണ് ഇതു പ്രവർത്തിക്കുക.
ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കിടയിൽ മികച്ച ആശയം അവതരിപ്പിച്ചതിനുള്ള അവാർഡ് കരസ്ഥമാക്കിയ കമ്പനിയാണ് ജർഷ് സേഫ്റ്റി. ഹെൽമറ്റിനുവേണ്ടി നിലവിൽ നിരവധി ആവശ്യക്കാർ സമീപിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ, വില എത്രയെന്ന് ചടങ്ങിൽ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
വ്യത്യസ്ത മോഡലുകളിൽ െമഷീൻ ഓപറേറ്റർമാർ, ടെക്സിക്കൻ വിദഗ്ധർ, മാനേജ്മെൻറ് ജീവനക്കാർ, വെൽഡിങ് ഓപറേറ്റർമാർ എന്നിവർക്ക് ഉപകാരപ്പെടുന്ന ഹെൽമറ്റുകളുടെ മോഡൽ ഇവർ പുറത്തിറക്കിയിട്ടുണ്ട്. യു.എ.ഇയിലും മറ്റ് ഗൾഫ് നാടുകളിലും വേനൽക്കാല മാസങ്ങളിൽ ഉച്ച സമയങ്ങളിൽ പുറംജോലികൾക്ക് നിയന്ത്രണമുണ്ട്. അതുപോലെ, ജോലിക്കിടയിലെ പരിക്കുകളിൽനിന്നും അപകടങ്ങളിൽനിന്നും തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്ന ഉപകരണങ്ങളും ഉചിതമായ വസ്ത്രങ്ങളും നൽകണമെന്ന് യു.എ.ഇ നിയമം അനുശാസിക്കുന്നുമുണ്ട്. അതിനാൽ ഈ മേഖലയിൽനിന്ന് എ.സി ഹെൽമറ്റിന് കൂടുതൽ ആവശ്യക്കാരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.