ദുബൈ: പാം ജുമൈറക്ക് സമീപം യാട്ട് തകർന്ന് അപകടത്തിൽപെട്ട ഗൾഫ് രാജ്യക്കാരായ കുടുംബത്തെ ദുബൈ പൊലീസ് രക്ഷപ്പെടുത്തി. കരയിൽനിന്ന് അകലെ കടലിലാണ് അപകടം സംഭവിച്ചത്. ഉടൻ കുടുംബം ദുബൈ പൊലീസിനെ വിവരമറിയിച്ചതിനാലാണ് രക്ഷപ്പെടുത്താൻ സാധിച്ചത്. ശക്തമായ തിരയും ഒഴുക്കും കാരണമാണ് യാട്ടിന് തകരാർ സംഭവിച്ചതെന്നാണ് കരുതുന്നത്. വിവരം ലഭിച്ച ഉടൻ ശരിയായ രീതിയിൽ ഇടപെടാൻ സാധിച്ചതായി പോർട്സ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ഡോ. ഹസൻ സുഹൈൽ അൽ സുവൈദി പറഞ്ഞു. മാരിടൈം റെസ്ക്യൂ പട്രോളിങ് വിഭാഗമാണ് കുടുംബത്തെ യാട്ടിൽ നിന്ന് രക്ഷിച്ച് ബോട്ട് വഴി കരക്കെത്തിച്ചത്. തകർന്ന ബോട്ട് കടലിൽനിന്ന് തുറമുഖത്തേക്ക് എത്തിക്കുകയും ചെയ്തു.
സമുദ്രയാത്രകൾ സുരക്ഷിതമാക്കാൻ ദുബൈ പൊലീസിന്റെ സ്മാർട്ട് ആപ് വഴി 'സെയിൽ സേഫ്ലി' സേവനം പ്രയോജനപ്പെടുത്താൻ ബോട്ട്, കപ്പൽ, യാട്ട് ഉടമകളോട് അധികൃതർ ആവശ്യപ്പെട്ടു. കടലിലെ യാത്രകൾ ട്രാക്ക് ചെയ്യാനും മുന്നറിയിപ്പുകൾ നൽകാനും പ്രതികൂലമായ ഘടകങ്ങൾ മനസ്സിലാക്കാനും സഹായിക്കുന്നതാണ് ആപ്. അടിയന്തര സാഹചര്യങ്ങളിൽ പൊലീസിന് അറിയിപ്പ് നൽകാനും ഇത് ഉപകാരപ്പെടും. ഉപയോക്താക്കൾക്ക് സൗജന്യമായും എളുപ്പത്തിലും ലഭ്യമാകുന്ന ഇന്‍ററാക്ടിവ് മറൈൻ മാപ്പുകളും ആപ് വഴി ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.