ദുബൈ: അബൂദബിയിൽനിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയും അർധനഗ്നയായി ജീവനക്കാരോട് തട്ടിക്കയറുകയും ചെയ്ത യുവതി പിടിയിൽ. ഇറ്റാലിയൻ യുവതിയാണ് തിങ്കളാഴ്ച പുറപ്പെട്ട വിസ്താര എയർലൈനിൽ ബഹളമുണ്ടാക്കിയത്. മുംബൈയിൽ വിമാനം ലാൻഡ് ചെയ്ത ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇക്കോണമി ക്ലാസിൽ ടിക്കറ്റെടുത്ത യുവതി ബിസിനസ് ക്ലാസിൽ ഇരിക്കണമെന്നാവശ്യപ്പെട്ടാണ് ബഹളമുണ്ടാക്കിയത്. തുടർന്ന് വസ്ത്രം അഴിച്ചുവെച്ച് ഭാഗികമായി നഗ്നയായ അവസ്ഥയിൽ വിമാനത്തിൽ നടക്കുകയും ക്രൂ അംഗങ്ങളെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. തുടർന്ന് വിമാനത്തിലെ ക്യാപ്റ്റൻ മുന്നറിയിപ്പ് നൽകുകയും നടപടിക്ക് നിർദേശം നൽകുകയുമായിരുന്നു. സംഭവം വിമാനക്കമ്പനി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു യാത്രക്കാർക്ക് ശല്യമായതും സുരക്ഷാ ഭീഷണിയാകുന്ന രൂപത്തിൽ പ്രവർത്തിച്ചതും കാരണമാണ് പൊലീസ് നടപടിക്ക് ശിപാർശ ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി.
പിടികൂടിയശേഷം മെഡിക്കൽ പരിശോധന നടത്തി റെക്കോഡ് വേഗത്തിൽ പൊലീസ് കേസിൽ ചാർജ്ഷീറ്റ് സമർപ്പിച്ചു. കോടതി പിന്നീട് യുവതിക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.