ഷാർജ: യുവകലാസാഹിതി യു.എ.ഇ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച ഓൺലൈൻ കലോത്സവം സമാപിച്ചു. വിവിധ എമിറേറ്റുകളെ അഞ്ച് മേഖലകളായി തിരിച്ച് മൂന്ന് വിഭാഗങ്ങളിലായി സ്കൂൾ യുവജനോത്സവ മാതൃകയിൽ സംഘടിപ്പിച്ച കലോത്സവത്തിൽ 2000ലധികം കുട്ടികൾ പങ്കെടുത്തു. മേഖല മത്സരങ്ങളിൽനിന്ന് ഒന്നും രണ്ടും സ്ഥാനം നേടിയ വിജയികളെ പങ്കെടുപ്പിച്ചു നടന്ന യു.എ.ഇ തല മത്സരങ്ങളിൽ പങ്കെടുത്തവർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കേരളത്തിലെയും യു.എ.ഇയിലെയും പ്രമുഖരാണ് വിധികർത്താക്കളായി എത്തിയത്. ഏറ്റവും കൂടുതൽ പോയൻറ് നേടി വയലാർ രാമവർമ എവറോളിങ് ട്രോഫി അബൂദബി-അൽ ഐൻ മേഖല കരസ്ഥമാക്കി. രണ്ടാം സ്ഥാനം ദുബൈ മേഖലയും മൂന്നാം സ്ഥാനം ഷാർജ മേഖലയും നേടി.
മൃണാളിനി സാരാഭായ് കലാപ്രതിഭപട്ടം ദുബൈ മേഖലയിലെ ഭദ്രാനന്ദ സ്വന്തമാക്കി. കാറ്റഗറി ഒന്നിൽ മികച്ച പ്രകടനം നടത്തിയ ഫാത്തിമ സൈഫ് കുഞ്ഞുണ്ണി മാഷ് സ്മാരക പുരസ്കാരവും കാറ്റഗറി രണ്ടിൽ ഐശ്വര്യ ഷ്യജിത് സുഗതകുമാരി പുരസ്കാരത്തിനും അർഹയായി. പുരസ്കാരദാന ചടങ്ങിൽ യുവകലാസാഹിതി യു.എ.ഇ പ്രസിഡൻറ് ആർ.ശങ്കർ, ജനറൽ സെക്രട്ടറി ബിജു ശങ്കർ, ട്രഷറർ വിനോദ് പയ്യന്നൂർ, രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ തുടങ്ങിയവർ പങ്കെടുത്തു. ഓരോ മത്സരങ്ങളിലെയും വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വരും ദിവസങ്ങളിൽ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.