ദുബൈ: ജുമൈറ ബീച്ചിൽ 16 കി.മീ സൈക്ലിങ് ട്രാക്ക് നിർമിക്കാൻ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഉത്തരവിട്ടു.
പുതിയ ട്രാക്ക് ദുബൈ വാട്ടർ കനാലിന് സമാന്തരമായി നിലവിലുള്ള ജുമൈറ സ്ട്രീറ്റ് സൈക്ലിങ് ട്രാക്കിനെയും ഇൻറർനെറ്റ് സിറ്റിയിൽ സ്ഥിതിചെയ്യുന്ന കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സഊദ് സ്ട്രീറ്റിന് നേരെയുള്ള ട്രാക്കിനെയും ബന്ധിപ്പിക്കും. 2026 ഓടെ എമിറേറ്റിലെ സൈക്കിൾപാതകളുടെ നീളം 739 കി.മീ എത്തിക്കുന്നതിന് അടുത്തവർഷങ്ങളിൽ 276 കി.മീ ട്രാക്ക് നിർമിക്കുമെന്നും ശൈഖ് ഹംദാൻ ട്വിറ്ററിലൂടെ അറിയിച്ചു. സമൂഹത്തെ കൂടുതൽ ആരോഗ്യകരമാക്കുന്നതിനും പരിസ്ഥിതി സുസ്ഥിരമായി നിലനിർത്തുന്നതിനും ബദലുകൾ പ്രയോഗിക്കുന്നതിെൻറ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.
സൈക്ലിങ് ട്രാക്കിെൻറ നിർമാണം ജനങ്ങളുടെ ജീവിതനിലവാരവും സന്തോഷവും വർധിപ്പിക്കുകയെന്ന യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ കാഴ്ചപ്പാടിനെ സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഡയറക്ടർ ജനർൽ മത്വാർ മുഹമ്മദ് ആൽ തയാർ പറഞ്ഞു. ദുബൈ നഗരത്തെ സൈക്കിൾ സൗഹൃദ പട്ടണമാക്കുകയെന്ന ശൈഖ് ഹംദാെൻറ നിർദേശമനുസരിച്ചാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
ദുബൈയെ ലോകത്തെ മികച്ച നഗരമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള 'ദുബൈ 2040 അർബൻ മാസ്റ്റർ പ്ലാനി'ലേക്ക് ഇത് വലിയ സംഭാവന ചെയ്യുമെന്നും കായിക, വിനോദപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും സമൂഹത്തിെൻറ ജീവിതനിലവാരവും ക്ഷേമവും കൂടുതൽ മെച്ചപ്പെടുത്താനും സർക്കാർ ഏറ്റെടുക്കുന്ന അടിസ്ഥാന സൗകര്യ വികസനപദ്ധതികളുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജുമൈറ ബീച്ച് സൈക്ലിങ് ട്രാക്ക് ഉപയോഗിക്കുന്നവർക്ക് സൺസെറ്റ് മാൾ, അൽ മനാറ മോസ്ക്, ഉമ്മുസുഖൈം പാർക് എന്നിവിടങ്ങളിലെ ഷെയർ ബൈക്ക് സേവനം ഉപയോഗപ്പെടുത്താനാകും. മണിക്കൂറിൽ 20 കി. മീറ്ററാകും ഇവിടെ വേഗപരിധി.
കഴിഞ്ഞ വർഷം അവസാനം വരെ ദുബൈയിൽ നിർമിച്ച സൈക്ലിങ് ട്രാക്കിെൻറ നീളം 463 കിലോമീറ്ററാണ്. സാധാരണ ട്രാക്കുകളിൽ മണിക്കൂറിൽ 30 കി. മീറ്ററാണ് ആർ.ടി.എ നിശ്ചയിച്ച വേഗപരിധി. എന്നാൽ, നഗരപരിധികളിൽ 20 കി. മീറ്ററാണ്. പരിശീലന ആവശ്യങ്ങൾക്കായി സൃഷ്ടിച്ച സൈക്ലിങ് ട്രാക്കുകൾക്കായി പ്രത്യേക വേഗതപരിധി നിശ്ചയിച്ചിട്ടില്ല.കാൽനടക്കാരുടെയും സൈക്കിൾ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാണ് വേഗതപരിധി നിശ്ചയിച്ചത്.
ദുബൈ: സുരക്ഷിതമല്ലാത്ത സൈക്ലിങ് കാരണം ഈ വർഷം ഏഴായിരത്തിലേെറ പേർക്കെതിരെ കേസെടുത്തതായും 454 സൈക്കിളുകൾ പിടിച്ചെടുത്തതായും ദുബൈ പൊലീസ് അറിയിച്ചു. ദേര, ബർദുബൈ ഭാഗങ്ങളിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇത്രയും നിയമലംഘനങ്ങൾ കണ്ടെത്തിയതെന്ന് ദുബൈ പൊലീസ് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് ഡയറക്ടർ കേണൽ ജുമ ബിൻ സുവൈദാൻ പറഞ്ഞു.
സൈക്കിൾ ഉപയോഗിക്കുന്നവർ കൃത്യമായി നിയമങ്ങൾ പാലിക്കണമെന്നും അപകടങ്ങളിൽ നിരവധിപേർക്ക് പരിക്കേൽക്കുന്ന സാഹചര്യമുണ്ടെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.