ദുബൈ: ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റിലെയും സംരംഭകർക്കിടയിൽ സാമ്പത്തിക, വ്യവസായ, വാണിജ്യ, സാംസ്കാരിക വിനിമയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപക സാധ്യതകൾ വികസിപ്പിക്കുന്നതിനും ഇന്തോ-ഗള്‍ഫ് ആൻഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്സ് നിലവിൽ വന്നു. ദുബൈയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ. ഭഗ്വത് കിഷൻറാവു കാരാട് വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നിര്‍വഹിച്ചു.
ഇന്ത്യയും മധ്യേഷ്യയും തമ്മിലുള്ള വാണിജ്യ-സാംസ്കാരിക സഹകരണത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട ബന്ധം മന്ത്രി അനുസ്മരിച്ചു. ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യ-സാമ്പത്തിക പങ്കാളിയായി ഗൾഫ് രാജ്യങ്ങൾ മാറുകയാണ്. ഇത് വലിയ വളർച്ചയിലേക്ക് നയിക്കും. അറബ്-ഇന്ത്യ വാണിജ്യ-സാംസ്കാരിക വിനിമയ രംഗം ശക്തിപ്പെടുത്താനും വിവിധ മേഖലകളിൽ ഉണർവേകാനും പുതിയ ചേംബറിന്റെ ശ്രമങ്ങൾ വഴി സാധിക്കുമെന്ന് അദ്ദേഹം ആശംസിച്ചു.
കേരള വ്യവസായ മന്ത്രി പി. രാജീവ്, ഷാര്‍ജ സെയ്ഫ് സോണ്‍ ആൻഡ് ഹംരിയ ഫ്രീ സോണ്‍ ഡയറക്ടര്‍ ജനറല്‍ ഡോ. സഊദ് അൽ മസ്റൂഈ, പ്രമുഖ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരന് ചേതന്‍ ഭഗത്, ഇറം ഗ്രൂപ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ഇന്തോ ഗള്‍ഫ് ആൻഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കോമേഴ്സ് ചെയർമാൻ എന്‍.എം. ഷറഫുദ്ദീന് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജെയിംസ് മാത്യു സ്വാഗതവും സെക്രട്ടറി ജനറൽ ഡോ. സുരേഷ് കുമാര്‍ മധുസൂദനന് നന്ദിയും പറഞ്ഞു. വൈസ് ചെയർമാൻ അഹമ്മദ് കബീർ, ഫൗണ്ടർ ഡയറക്ടർമാരായ മുഹമ്മദ് റാഫി, ഡേവിസ് കല്ലൂക്കാരൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.