ദുബൈ: സാഹസികത ഇഷ്ടപ്പെടുന്ന ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ പല ചിത്രങ്ങളും അൽഭുതപ്പെടുത്തുന്നതാണ്. ബുർജ് ഖലീഫയുടെ ഏറ്റവും മുകളിൽ കയറിയും ആയിരക്കണക്കിന് അടി ഉയരത്തിൽ നിന്ന് സ്കൈ ഡൈവിങ് ചെയ്തും അദ്ദേഹം മുൻ കാലങ്ങളിൽ പങ്കുവെച്ച ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിമിഷ നേരത്തിനകമാണ് വൈറലായിട്ടുള്ളത്. ബുധനാഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രവും അത്തരത്തിയൊന്നാണ്. നീലക്കടലിൽ തകർന്ന കപ്പലിന് മുകളിൽ ‘അവതാർ’ സിനിമയിലെ കഥാപാത്രത്തെ പോലെ എഴുന്നേറ്റ് നിൽക്കുന്ന രീതിയിലാണ് ചിത്രമുള്ളത്. മണിക്കൂറുകൾക്കകം ചിത്രം നിരവധി പേർ പങ്കുവെക്കുകയും വൈറലാവുകയും ചെയ്തു. അലി ബിൻത് ഥാലിഥ് എന്നയാളാണ് ചിത്രം പകർത്തിയിരിക്കുന്നത്.
മധ്യ മെഡിറ്ററേനിയനിലെ ഒരു ദ്വീപ് രാജ്യമായ മാൾട്ടയിൽ നിന്നാണ് ചിത്രം പകർത്തിയതെന്ന് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. കടലിനാൽ ചുറ്റപ്പെട്ട ഇവിടം സമുദ്ര സാഹസികരുടെ ഇഷ്ട കേന്ദ്രമാണ്. കടൽ ആഴങ്ങളിൽ സാഹസിക നീന്തലിനും മറ്റും ശൈഖ് ഹംദാൻ മുമ്പും പല തവണ പങ്കാളിയായിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് മെക്സികോയിലെ കാൻകൺ അണ്ടർവാട്ടർ മ്യൂസിയം സന്ദർശിച്ചപ്പോൾ പകർത്തിയ ചിത്രങ്ങൾ നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.